അമ്പലവയലിലെ തെരുവുനായ അക്രമണം-മൃഗസംരക്ഷണ വകുപ്പ് നടപടികൾ തുടങ്ങി
അമ്പലവയൽ: അമ്പലവയലിലും സമീപപ്രദേശങ്ങളിലും ഉണ്ടായിട്ടുള്ള തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ വകുപ്പുതല പ്രവർത്തനങ്ങളുമായി മൃഗസംരക്ഷണ വകുപ്പ്.
ബത്തേരിയിൽ പ്രവർത്തിക്കുന്ന എബിസി കേന്ദ്രം മുഖേന നായ്ക്കളെ പിടികൂടാനും വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാനും തീരുമാനമായി. തുടർന്നുള്ള ദിവസങ്ങളിൽ ഡോഗ് ക്യാച്ചർ മാരുടെ സഹായത്തോടെ സ്കൂൾ പരിസരങ്ങൾ കേന്ദ്രീകരിച്ച് കൂടുതൽ നായ്ക്കളെ പിടികൂടാനും സ്റ്റെറിലൈസേഷന് വിധേയമാക്കാനും എബിസി ജില്ലാതല ടെക്നിക്കൽ കമ്മിറ്റിയിൽ തീരുമാനമായി.
തെരുവു നായ്ക്കളുടെ വംശ വർദ്ധനവ് തടയുക എന്ന ലക്ഷ്യത്തോടു കൂടി ജില്ലയിലെ സ്കൂളുകൾ കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസുകൾ ആരംഭിക്കും. ആദ്യഘട്ടത്തിൽ അമ്പലവയൽ എൽപി ,ഹൈസ്കൂൾ വിഭാഗങ്ങളിലെ 500 ഓളം വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ജില്ല ജന്തു രോഗ നിയന്ത്രണ പദ്ധതിയുടെയും അമ്പലവയൽ വെറ്റിനറി ഹോസ്പിറ്റലിന്റെയും നേതൃത്വത്തിൽ രണ്ട് സെഷനുകളിലായി അവയർനസ് ക്ലാസുകൾ സംഘടിപ്പിച്ചു. തെരുവു നായ്ക്കളുമായി ഇടപെടുന്ന സന്ദർഭങ്ങളിൽ വിദ്യാർഥികൾ പാലിക്കേണ്ട സുരക്ഷ രീതികളെ പറ്റിയും അവയുടെ സ്വഭാവ സവിശേഷതകളെ പറ്റിയും അക്രമണകാരികളാവുന്ന ഘട്ടത്തിൽ അനുവർത്തിക്കേണ്ട മുൻകരുതലുകളെ പറ്റിയും നായകളുടെ കടിയേറ്റാൽ ചെയ്യേണ്ട പ്രഥമ ശുശ്രൂഷകളെ പറ്റിയും വിവരണം നൽകി. സ്കൂൾതല ബോധവൽക്കരണ പരിപാടിയുടെ ഉദ്ഘാടനംഅമ്പലവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ.സി കൃഷ്ണകുമാർ നിർവഹിച്ചു. ജില്ല എപ്പിഡമോളജിസ്റ്റ് ഡോ.നീതു ദിവാകർ, കൽപ്പറ്റ വെറ്റിനറി കേന്ദ്രം വെറ്റിനറി സർജൻ ഡോ.റാണി ജോസഫ്, അമ്പലവയൽ വെറ്റിനറി സർജൻ ഡോ. അമൽരാജ് കെ വി, തുടങ്ങിയവർ ക്ലാസുകൾ കൈകാര്യം ചെയ്തു.





Leave a Reply