‘കനിപ്പന്തൽ – ഇനി വിദ്യാലയങ്ങളിലും’ പദ്ധതി: സംസ്ഥാനതല ഉദ്ഘാടനം 17 ന്
കൽപ്പറ്റ: കുട്ടികളിൽ പോഷകസുരക്ഷ ഉറപ്പാക്കി വിദ്യാലയങ്ങളിൽ ഫലവൃക്ഷ സംസ്കാരം വളർത്തുന്നതിന് കൃഷി വകുപ്പ് നടപ്പാക്കുന്ന “കനിപ്പന്തൽ – ഇനി വിദ്യാലയങ്ങളിലും” പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 17 ന് രാവിലെ 10 ന് കൽപ്പറ്റ എസ്.കെ.എം.ജെ ഹയർ സെക്കൻഡറി സ്കൂളിൽ കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദീഖ് നിർവഹിക്കും.
സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ഫലവൃക്ഷത്തോട്ടങ്ങൾ സ്ഥാപിച്ച് വിദ്യാർത്ഥികളിൽ പോഷകാഹാര ശീലങ്ങൾ വളർത്തുക, പരിസ്ഥിതി സംരക്ഷണബോധം ശക്തിപ്പെടുത്തുക, കൃഷിയോടുള്ള താത്പര്യം വളർത്തുക എന്നീ ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കാർഷിക പദ്ധതി എന്നതിലുപരി അനാരോഗ്യ ശീലങ്ങളിൽ നിന്നും വിദ്യാർത്ഥികളെ മുക്തരാക്കി പ്രകൃതിയോടും കൃഷിയോടും സാംസ്കാരത്തോടും ചേർത്ത് നിർത്തുന്നതിനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ആർ.കെ.വി.വൈ. പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന കനിപ്പന്തലിലൂടെ സംസ്ഥാനത്ത് 4500 യൂണിറ്റ് ഫലവൃക്ഷത്തോട്ടങ്ങൾ സ്ഥാപിക്കും.
മാവ്, പ്ലാവ്, പേര, നെല്ലി, സപ്പോട്ട, റമ്പൂട്ടാൻ, മാങ്കോസ്റ്റിൻ, പാഷൻഫ്രൂട്ട് തുടങ്ങി ഫലവൃക്ഷങ്ങളാണ് പദ്ധതിയുടെ ഭാഗമായി വിദ്യാലയങ്ങളിൽ നട്ടുപിടിപ്പിക്കുക. വിദ്യാർത്ഥികൾക്ക് പോഷകസമൃദ്ധമായ പഴങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം പ്രകൃതിയെയും കൃഷിയെയും അടുത്തറിയാനും പരിസ്ഥിതി സംരക്ഷണത്തിൽ പങ്കാളികളാകാനും പദ്ധതി അവസരമൊരുക്കും. കുട്ടികളുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് സമീകൃതമായ പോഷകാഹാരം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്നും കൃഷിവകുപ്പ് അധികൃതർ അറിയിച്ചു.
എം.എൽ.എ ഐ.സി ബാലകൃഷ്ണൻ അധ്യക്ഷനാവുന്ന പരിപാടിയിൽ എം.എൽ.എ ഉഷ വിജയൻ, ജനപ്രതിനിധികൾ, കൃഷിവകുപ്പ്-വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, വി.എഫ്.പി.സി.കെ. പ്രതിനിധികൾ, അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.





Leave a Reply