വായനയുടെ വെളിച്ചം പകർന്ന് സെന്റ് മേരിസ് സ്കൂളിൽ വായനാവാരാചരണം തുടങ്ങി
പുൽപ്പള്ളി: അക്ഷരങ്ങളുടെ ലോകത്തേക്ക് കുട്ടികളെ കൂടുതൽ അടുപ്പിക്കുന്നതിനായി ചെറ്റപ്പാലം സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ സംഘടിപ്പിച്ച വായന വാരാചരണത്തിന് ആവേശകരമായ തുടക്കമായി. പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് അംഗവും എഴുത്തുകാരിയുമായ ഷിനി ജോർജ് പരിപാടി ഉദ്ഘാടനം ചെയ്തു. വായന അറിവിന്റെ വാതായനങ്ങൾ തുറക്കുന്നതോടൊപ്പം വ്യക്തിത്വ രൂപീകരണത്തിനും ചിന്തയുടെ വികാസത്തിനും വഴിയൊരുക്കുന്നുവെന്ന് അവർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ചടങ്ങിന്റെ ഭാഗമായി തന്റെ “ജ്വാലകൾ” എന്ന കവിതാ സമാഹാരം ഷിനി ജോർജ് സ്കൂൾ ലൈബ്രറിയിലേക്ക് സംഭാവനയായി നൽകി. സ്കൂൾ പ്രിൻസിപ്പാൾ കാർമൽ എംസി സ്വാഗതം ആശംസിച്ച ചടങ്ങിൽ സ്കൂൾ മാനേജിങ് സെക്രട്ടറി പി പി റെജി ആശംസകൾ നേർന്നു. തുടർന്ന് കഥാരസം ഉണർത്തുന്ന ഒരു ഗാനം ആലപിച്ച് ചടങ്ങിന് കലാപരമായ മാധുര്യം പകർന്നു. സ്റ്റാഫ് സെക്രട്ടറി ബിൻസി എ എക്സ് നന്ദി രേഖപ്പെടുത്തി. അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്ത ചടങ്ങ് വായനയുടെ മഹത്വവും, പുസ്തകങ്ങളുടെ അനന്തസാധ്യതകളും പുതുതലമുറയ്ക്ക് ഓർമിപ്പിക്കുന്ന അനുഭവമായി മാറി.





Leave a Reply