‘വയനാട് സുരക്ഷിതമാണ്’ ക്യാമ്പയിൻ ആഗസ്റ്റ് 1-ന് പടിഞ്ഞാറത്തറയിൽ സംഘടിപ്പിക്കുന്നു
പടിഞ്ഞാറത്തറ: ജില്ലയിൽ പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ വയനാട് സുരക്ഷിതമല്ലെന്നും വികസന പ്രവർത്തനങ്ങൾ പാടില്ലെന്നും പ്രചരിപ്പിക്കുന്ന കപട പരിസ്ഥിതിവാദികളെയും തീവ്ര പരിസ്ഥിതി സംഘടനകളെയും ഒറ്റപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് “സുരക്ഷിതമാണ് വയനാട്, അനിവാര്യമാണ് ബദൽ പാതകൾ” എന്ന പേരിൽ ജനകീയ കർമ്മസമിതിയുടെയും കേരള കർഷക മഹാപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ആഗസ്റ്റ് 1-ന് വൈകുന്നേരം 4 മണിക്ക് പടിഞ്ഞാറത്തറയിൽ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. നിർമ്മാണത്തിന്റെ നല്ലൊരു പങ്കും പൂർത്തിയായ പൂഴിത്തോട്-പടിഞ്ഞാറത്തറ പാത ജനങ്ങൾക്കായി തുറന്നുകൊടുക്കണമെന്ന ആവശ്യവും മുൻനിർത്തിയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.
മഴക്കാലത്ത് മാത്രമല്ല, വാഹനപ്പെരുപ്പം മൂലം വയനാട് ചുരത്തിൽ നിരന്തരം ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതും കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിൽ മേപ്പാടി-ആനക്കാംപൊയിൽ തുരങ്കപാതയുടെ ഭാവി അനിശ്ചിതത്വത്തിലായതും ബദൽ പാതകളുടെ ആവശ്യകത വർദ്ധിപ്പിക്കുന്നു. മുൻപ് യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ പൂഴിത്തോട്-പടിഞ്ഞാറത്തറ പാതയുടെ നടപടികൾ വേഗത്തിലാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, ജൂലൈ 15-ന് വയനാട്ടിൽ നടത്താനിരുന്ന വകുപ്പ് മന്ത്രിമാരുടെ ഉന്നതതല യോഗം കള്ളാടി മണ്ണിടിച്ചിലിനെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കുറഞ്ഞ ചിലവിൽ പൂർത്തീകരിക്കാൻ കഴിയുന്നതും സുരക്ഷിതവുമായ പൂഴിത്തോട്-പടിഞ്ഞാറത്തറ പാതയ്ക്കായി കുറഞ്ഞ സമയത്തിനുള്ളിൽ ജനവികാരം രൂപപ്പെടുത്താൻ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. കർഷക മഹാപഞ്ചായത്ത് പ്രതിനിധികൾക്ക് പുറമെ വിവിധ സംഘടനകൾ, മത-സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ നേതാക്കൾ, ജനപ്രതിനിധികൾ എന്നിവരും ഈ ക്യാമ്പയിന്റെ ഭാഗമാകും.





Leave a Reply