August 7, 2026

കൊളഗപ്പാറയിൽ റവന്യൂ ഭൂമി കൈയേറി റോഡ് നിർമാണം: ജനങ്ങൾ തടഞ്ഞു; റോഡ് പണി നിർത്തിവെപ്പിച്ചു

0
IMG_20260807_094016
By ന്യൂസ് വയനാട് ബ്യൂറോ

അമ്പലവയൽ: ചരിത്രപ്രസിദ്ധവും വയനാടിന്റെ മധ്യഭാഗത്തെ പീഠഭൂമിയിൽ സ്ഥിതിചെയ്യുന്നതുമായ കൊളഗപ്പാറയുടെ മുകളിലെ സ്വകാര്യഭൂമിയിൽ ക്വാറി പ്രവർത്തിക്കാനുള്ള റോഡ് നിർമാണം ജനങ്ങൾ തടഞ്ഞു. കൃഷ്ണഗിരി വില്ലേജിന് അടുത്തുള്ള സർക്കാർ റവന്യൂ ഭൂമി കൈയേറിയാണ് റോഡ് നിർമിച്ചതെന്ന് ആരോപണമുണ്ട്. വില്ലേജ് ഓഫീസറുടെ നിർദേശത്തെ തുടർന്ന് റോഡ് നിർമാണം തത്കാലം നിർത്തിവെച്ചിട്ടുണ്ട്.

 

റോഡ് നിർമാണവും പാറഖനനവും നടക്കുന്നുണ്ടെന്നറിഞ്ഞ് വയനാട് പ്രകൃതി സംരക്ഷണ സമിതി സെക്രട്ടറി തോമസ് അമ്പലവയലിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ച് നാട്ടുകാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കൊളഗപ്പാറയുടെ മുകളിലെ ഭൂമിക്ക് നിയമവിരുദ്ധമായാണ് പട്ടയം സമ്പാദിച്ചതെന്ന് ആരോപണമുണ്ട്. ഒരു കിലോമീറ്ററിലധികം വരുന്ന റോഡിന്റെ ഭൂരിഭാഗവും സർക്കാർ റവന്യൂ ഭൂമിയിലൂടെയാണ് കടന്നുപോകുന്നത്. സമുദ്രനിരപ്പിൽ നിന്ന് 5000 അടി ഉയരത്തിലുള്ള, 50.6 ഹെക്ടർ വിസ്തീർണമുള്ള കൊളഗപ്പാറ മലയിൽ മലഞ്ചെരുവിലും മലമുകളിലുമായി 6 ഏക്കർ ഭൂമി ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ചിലർ പട്ടയം വാങ്ങിയതാണെന്ന് പ്രകൃതി സംരക്ഷണ സമിതി ആരോപിച്ചു.

 

ജില്ലയാകെ റെഡ് അലർട്ട് പ്രഖ്യാപിച്ച ദിവസങ്ങളിൽ എർത്ത് മൂവറും ജാക്ക് ഹാമറും ഉപയോഗിച്ച്, മലയുടെ അടിവാരത്തുനിന്നും കടുംകുത്തനെയുള്ള ചരിവിലൂടെയുള്ള റവന്യൂ ഭൂമിയിലൂടെയാണ് റോഡ് നിർമിച്ചത്. സ്ഫോടകവസ്തുക്കൾ നിയമവിരുദ്ധമായി ഉപയോഗിച്ച് കൂറ്റൻ പാറകൾ പൊട്ടിച്ച് കരിങ്കൽ കഷണങ്ങൾ അരികുകളിൽ പാക്ക് ചെയ്താണ് 600 മീറ്ററോളം റോഡ് വെട്ടിയത്. ക്വാറിക്ക് ലൈസൻസ് ലഭിക്കാൻ ആവശ്യമായ നിശ്ചിത വീതിയുള്ള വഴി ഉണ്ടാക്കുന്നതിനായാണ് ഈ നിർമാണം നടത്തിയത്. എല്ലാവർഷവും ദുഃഖവെള്ളിയാഴ്ച വിശ്വാസികൾ മലമുകളിലുള്ള കുരിശിലേക്ക് തീർഥയാത്ര നടത്താൻ ഉപയോഗിക്കുന്ന വഴിയാണ് ഇങ്ങനെ റോഡാക്കി മാറ്റുന്നത്.

 

ഏറെ പാരിസ്ഥിതിക പ്രാധാന്യമുള്ള മേഖലയായതിനാൽ ഇവിടെ ക്വാറി പ്രവർത്തനം തുടങ്ങാൻ അനുവദിക്കില്ലെന്ന് സമിതി അറിയിച്ചു. റോഡ് നിർമാണം പൂർണമായും നിർത്തിവെക്കണമെന്നും യന്ത്രങ്ങൾ പിടിച്ചെടുക്കണമെന്നും സർക്കാർ ഭൂമി കൈയേറിയവർക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകണമെന്നും ആവശ്യപ്പെട്ട് പ്രകൃതി സംരക്ഷണ സമിതി റവന്യൂ മന്ത്രിക്കും റവന്യൂ സെക്രട്ടറിക്കും ജില്ലാ കളക്ടർക്കും നിവേദനം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *