പടിഞ്ഞാറത്തറ-പൂഴിത്തോട് ബദൽപാത: ജനകീയ സമരം 1315-ാം ദിനത്തിൽ; അധികൃതർ അവഗണിക്കുന്നതായി പരാതി
പടിഞ്ഞാറത്തറ: വയനാടിന്റെ ഗതാഗത പ്രതിസന്ധിക്ക് പരിഹാരമാകേണ്ട പടിഞ്ഞാറത്തറ-പൂഴിത്തോട് ബദൽപാതക്കായി നടക്കുന്ന ജനകീയ സമരം 1315-ാം ദിനത്തിലേക്ക് കടക്കുമ്പോഴും നടപടികളെടുക്കാതെ അധികൃതർ കബളിപ്പിക്കുന്നതായി വ്യാപക പരാതി. 2023-ൽ പടിഞ്ഞാറത്തറ ബസ് സ്റ്റാൻഡിൽ പന്തൽ കെട്ടി ആരംഭിച്ച റിലേ സമരത്തിന്റെ പന്തൽ കഴിഞ്ഞ ദിവസം പഞ്ചായത്ത് അധികൃതർ ഇടപെട്ട് പൊളിച്ചുനീക്കിയതും വിവാദമായിട്ടുണ്ട്. എന്നാൽ ഇതേ സ്ഥലത്തുതന്നെ സമരപ്പന്തൽ വീണ്ടും ഉയർത്തുമെന്ന് സമരസമിതി നേതാക്കൾ വ്യക്തമാക്കി. 1994 മുതൽ ഭരണവർഗവും പ്രമുഖ രാഷ്ട്രീയ പാർട്ടികളും തിരസ്‌കരിച്ച നിർദിഷ്‌ട ബദൽപാത പദ്ധതിയെ പാർലമെന്റിലും നിയമസഭയിലും ഹൈകോടതിയിലും സമൂഹമധ്യത്തിലും എത്തിക്കാനും ബോധ്യപ്പെടുത്താനും മൂന്നു വർഷം നീണ്ട ജനകീയ പ്രക്ഷോഭത്തിന് സാധിച്ചിട്ടുണ്ട്.
മുൻ ഇടത് സർക്കാറിന്റെ കാലത്ത് പ്രാഥമിക പഠനത്തിനായി ഒന്നര കോടി രൂപ അനുവദിക്കുകയും ഊരാളുങ്കൽ സൊസൈറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി 14 ദിവസം കാട്ടിലൂടെ സഞ്ചരിച്ച് വയനാട് ഭാഗത്തെ പ്രാഥമിക പഠനം നടത്തി റിപ്പോർട്ട് തയാറാക്കിയെങ്കിലും, 16 മാസം പൂർത്തിയായിട്ടും ഈ റിപ്പോർട്ട് സർക്കാറിന് സമർപ്പിക്കാത്തതിൽ ദുരൂഹതയുണ്ട്. ഒപ്പം, കോഴിക്കോട് ജില്ലയിലെ ഭാഗത്ത് പഠനം നടത്തുന്നതിനായി കോഴിക്കോട് ഡി.എഫ്.ഒയുടെ അനുവാദം തേടിയ ഫയലും മാസങ്ങളായി നീങ്ങിയില്ല. സമരസമിതി വകുപ്പ് മന്ത്രിക്ക് നൽകിയ പരാതിയിലും ടി. സിദ്ദീഖ് അടക്കമുള്ള ജനപ്രതിനിധികളുടെ ഇടപെടലിലുമാണ് ഉദ്യോഗസ്ഥ ലോബിയുടെ അലംഭാവം പുറത്തുവന്നത്. സർവ്വേ ഏതാണെന്ന് വ്യക്തമാക്കാത്തതിനാൽ വനംവകുപ്പ് പി.ഡബ്ല്യു.ഡിക്ക് അയച്ച കത്തിന് അവർ വ്യക്തമായ മറുപടി നൽകിയില്ലെന്നാണ് സൂചന. പ്രാഥമിക റിപ്പോർട്ട് പൂർത്തിയാക്കി ഡി.പി.ആർ തയാറാക്കി പരിവേഷ് പോർട്ടലിൽ കേന്ദ്ര വനംവകുപ്പിന് അപേക്ഷ നൽകിയാൽ മാത്രമേ റോഡിന്റെ തുടർനടപടികൾ വ്യക്തമാകൂ എന്നിരിക്കെയാണ് സംസ്ഥാനത്തെ വകുപ്പുകൾ ഉദാസീനത തുടരുന്നത്. ഫയലുകൾ കെട്ടിക്കിടക്കുന്ന വിവരം വ്യക്തമായിട്ടും രാഷ്ട്രീയ നേതാക്കൾ പ്രതിഷേധിക്കുന്നില്ലെന്നും, പരസ്യമായി പാത വേണമെന്ന് പറയുകയും രഹസ്യമായി തുരങ്കം വെക്കുകയുമാണെന്ന് ആരോപണമുണ്ട്.





Leave a Reply