പാലിയേറ്റീവ് പരിചരണത്തിന് കെെത്താങ്ങാകാം; 10,000 മന്തി ചലഞ്ചുമായി പിടിഎച്ച്
മാനന്തവാടി: മാനന്തവാടി മെഡിക്കൽ കോളേജിന് സമീപം കഴിഞ്ഞ 23 മാസമായി ബാഫഖി ഹോമിൽ പ്രവർത്തിച്ചുവരുന്ന പി.ടി.എച്ച്. ഹോസ്‌പിസിൻ്റെ നൈറ്റ് എമർജൻസി പാലിയേറ്റീവ് കെയർ ഐ.പി. യൂണിറ്റ്, മാനന്തവാടി അംബേദ്‌കർ കാൻസർ സെൻ്ററിന് സമീപം ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ധനസമാഹരണമായി ‘പി.ടി.എച്ച്. 10,000 മന്തി ചലഞ്ച് സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 10,11, 12 തീയതികളിലായി മാനന്തവാടി നിയോജകമണ്ഡലത്തിലെ ആറ് ഗ്രാമപഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലുമായി വിപുലമായ രീതിയിലാണ് മന്തി ചലഞ്ച് സംഘടിപ്പിക്കുന്നത്.
തികച്ചും സൗജന്യമായി രോഗികൾക്ക് പാലിയേറ്റീവ് പരിചരണവും നൈറ്റ് എമർജൻസി സേവനവും നൽകിവരുന്ന സംവിധാനമാണ് പി.ടി.എച്ച് ഹോസ്പിസ്. വയനാട് ജില്ലയിൽ പി.ടി.എച്ച്.ന്റെ നേതൃത്വത്തിൽ രണ്ട് വ്യത്യസ്‌ത പാലിയേറ്റീവ് സംവിധാനങ്ങളാണ് നിലവിൽ പ്രവർത്തിക്കുന്നത്. മാനന്തവാടി ബത്തേരി എന്നിവിടങ്ങളിൽ നൈറ്റ് എമർജൻസി പാലിയേറ്റീവ് കെയറും കൽപ്പറ്റയിൽ ഡേ പാലിയേറ്റീവ് കെയറും രോഗികൾക്ക് സേവനം നൽകിവരുന്നതായി സംഘാടകർ പറഞ്ഞു.
മാനന്തവാടി യൂണിറ്റ് പ്രവർത്തനം ആരംഭിച്ച കഴിഞ്ഞ 23 മാസത്തിനിടെ ഏകദേശം 1,650 ഹോം വിസിറ്റുകൾ നടത്തി രോഗികൾക്ക് പരിചരണം നൽകാൻ കഴിഞ്ഞിട്ടുണ്ട്. ആശുപത്രികളിൽനിന്നും മറ്റു ചികിത്സാ മാർഗങ്ങളില്ലെന്ന് അറിയിച്ച് വീട്ടിലേക്ക് തിരിച്ചയക്കപ്പെട്ട, ജീവിതത്തിൻ്റെ അവസാന ഘട്ടത്തിലെത്തിയ ഏകദേശം 148 രോഗികൾക്ക് അവരുടെ അവസാന നാളുകൾ വേദനയും പ്രയാസങ്ങളും പരമാവധി കുറച്ച് മാന്യമായി കഴിയുന്നതിനാവശ്യമായ പരിചരണവും പിന്തുണയും നൽകാൻ പി.ടി.എച്ച്.യുടെ പാലിയേറ്റീവ് ടീമിന് സാധിച്ചിട്ടുണ്ട്. രോഗികൾക്ക് ആശുപത്രിയിൽ ലഭിക്കുന്ന ചികിത്സയ്ക്ക് പുറമെ, വീട്ടിലെത്തിയുള്ള പരിചരണം, രാത്രികാല അടിയന്തര സേവനം, വേദന നിയന്ത്രണം, കുടുംബാംഗങ്ങൾക്ക് ആവശ്യമായ പിന്തുണ തുടങ്ങിയ സേവനങ്ങളാണ് പി.ടി.എച്ച്. സൗജന്യമായി നൽകിവരുന്നത്.
മാനന്തവാടി അംബേദ്‌കർ കാൻസർ സെൻ്ററിന് സമീപം സി എച്ച് സെന്ററിൻ്റെ ഒന്നാം നിലയിൽ ആരംഭിക്കുന്ന പുതിയ ഐ.പി. യൂണിറ്റിൻ്റെ പ്രവർത്തനങ്ങൾ ഡിസംബർ മാസത്തോടെ പൂർത്തിയാക്കി രോഗികൾക്ക് സേവനം നൽകുന്ന നിലയിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഉപകരണങ്ങളും മറ്റ് പ്രവർത്തനച്ചെലവുകളും കണ്ടെത്തുന്നതിനാണ് ‘10,000 മന്തി ചാലഞ്ച്’ സംഘടിപ്പിക്കുന്നത്. 10,000 കുടുംബങ്ങളുടെയും വ്യക്തികളുടെയും പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ചാലഞ്ച് സംഘടിപ്പിക്കുന്നത്. സമൂഹത്തിലെ എല്ലാവരുടെയും പിന്തുണയും സഹകരണവും അഭ്യർത്ഥിക്കുന്നതായി പി.ടി.എച്ച് ഭാരവാഹികൾ അറിയിച്ചു.
കെ സി അബ്ദുൽ അസീസ്, അഡ്വക്കേറ്റ് റഷീദ് പടയൻ, റഫീഖ് ആലമ്പാടി, ആരിഫ് കൽപള്ളി,യൂസഫ് മുതിര,മൊയ്തുട്ടി വെട്ടൻ,റസിൻ എൻ. കെ എന്നിവർ പങ്കെടുത്തു.





Leave a Reply