August 16, 2026

ജില്ലയിൽ മാല പൊട്ടിക്കുന്ന സംഘം സജീവം;ജാഗ്രത പാലിക്കണമെന്ന് വയനാട് പോലീസ്

0
IMG_20260816_124101
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: തിരക്കേറിയ സ്ഥലങ്ങളും പൊതുഗതാഗത സംവിധാനങ്ങളും കേന്ദ്രീകരിച്ച് സ്ത്രീകളെയും വയോധികരെയും ലക്ഷ്യമിട്ട് മാലപൊട്ടിക്കൽ ഉൾപ്പെടെയുള്ള കവർച്ചകൾ നടത്തുന്ന സംഘം ജില്ലയിൽ സജീവമാണെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വയനാട് പോലീസ്. സി.സി.ടി.വി ദൃശ്യങ്ങളും മറ്റ് അന്വേഷണ വിവരങ്ങളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങൾ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇവരെ കണ്ടെത്തുന്നതിനായി ജില്ലയിലുടനീളം പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. രണ്ടോ അതിലധികമോ പേരടങ്ങുന്ന സംഘമാണ് കവർച്ച നടത്തുന്നത്. തിരക്കേറിയ സ്ഥലങ്ങളിലും ബസുകളിലും ഓട്ടോറിക്ഷകളിലും മറ്റും സ്ത്രീകളെയും വയോധികരെയും പിന്തുടർന്ന് അവസരം നോക്കി ആഭരണങ്ങൾ കവർന്ന് കടന്നുകളയുന്നതാണ് സംഘത്തിന്റെ രീതിയെന്ന് പോലീസ് അറിയിച്ചു.

 

അടുത്തിടെ വാവ് ബലിയോടനുബന്ധിച്ച് തിരുനെല്ലി അമ്പല പരിസരത്തും അമ്പലവയൽ, കമ്പളക്കാട് സ്റ്റേഷൻ പരിധികളിലും കവർച്ച നടന്നിട്ടുണ്ട്.

വാവ്ബലി ദിനത്തിൽ തിരുനെല്ലി അമ്പലത്തിലെ അന്നദാന മണ്ഡപത്തിൽ വച്ച് 80 വയസ്സുള്ള വയോധികയുടെ ഒന്നെ മുക്കാൽ പവൻ തൂക്കം വരുന്ന മാലയും, 13.08.2026 ഉച്ചയോടെ അമ്പലവയൽ കൊളഗപ്പാറയിൽ നിന്നും ആയിരം കൊല്ലിയിലേക്ക് ഓട്ടോയിൽ യാത്ര ചെയ്ത 71 വയസ്സുള്ള വയോധികയുടെ 2 പവൻ തൂക്കം വരുന്ന മാലയും, 15.08.2026 രാവിലെ കമ്പളക്കാട് ബസിൽ യാത്ര ചെയ്ത 70 വയസ്സുള്ള വയോധികയുടെ 2 പവൻ തൂക്കം വരുന്ന മാലയും സംഘം കവർന്നിട്ടുണ്ട്.

 

ഫോട്ടോകളിൽ കാണുന്നവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ പോലീസിനെ അറിയിക്കുക. പൊതുജനങ്ങൾ ജാഗ്രത പാലിക്കുകയും സംശയകരമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ആ വിവരം പോലീസിനെ അറിയിക്കുകയും ചെയ്യണം.

 

പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഓണത്തോടനുബന്ധിച്ച് പൊതുസ്ഥലങ്ങളിലും തിരക്കേറിയ ഇടങ്ങളിലും അതീവ ജാഗ്രത പാലിക്കുക. ആഭരണങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുക. മൊബൈൽ ഫോൺ, പേഴ്സ് എന്നിവ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. മാസ്ക് ധരിച്ചും മറ്റും സംശയകരമായ രീതിയിൽ ആരെങ്കിലും പിന്തുടരുന്നതായി തോന്നിയാൽ കൂടുതൽ ജാഗ്രത പാലിക്കുക. ഉടൻ അടുത്തുള്ള കടയിലേക്കോ ജനവാസ കേന്ദ്രത്തിലേക്കോ മാറുക. സംശയാസ്പദമായ വ്യക്തികളെയോ വാഹനങ്ങളെയോ ശ്രദ്ധയിൽപ്പെട്ടാൽ പോലീസിനെ അറിയിക്കുക. അടിയന്തര സാഹചര്യമുണ്ടായാൽ ഉടൻ 112 എന്ന നമ്പറിൽ പോലീസ് സഹായം തേടുക.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *