August 16, 2026

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി പിടിയിൽ

0
IMG_20260816_134705
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് മാനന്തവാടിയിലും പരിസര പ്രദേശങ്ങളിലും ഉൾപ്പെടെ നിരവധി ആളുകളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത് വഞ്ചിച്ച കേസിലെ പ്രതിയെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ചോറോട് പറയുള്ളതിൽ വീട്ടിൽ ലത സുനിലിനെയാണ് (59) കരിപ്പൂർ വിമാനത്താവളത്തിൽ വെച്ച് പോലീസ് പിടികൂടിയത്. പോലീസ് നേരത്തെ ഇവർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

മാനന്തവാടി ആറാട്ടുതറ സ്വദേശിയുടെ പരാതിയിലാണ് പോലീസ് നടപടി. ഒമാനിലെ അൽ ഐനിൽ പുതുതായി ആരംഭിക്കുന്ന സ്ഥാപനത്തിൽ ജോലി ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് പരാതിക്കാരനിൽ നിന്നും ഇയാൾക്ക് പരിചയമുള്ള 21 പേരടക്കം 51 ആളുകളിൽ നിന്നാണ് ഇവർ പണം തട്ടിയത്. വഞ്ചിക്കുകയെന്ന ഉദ്ദേശത്തോടെ പരാതിക്കാരനിൽ നിന്ന് 65,000 രൂപയും മറ്റുള്ളവരിൽ നിന്ന് പല ദിവസങ്ങളിലായി 75,000 രൂപ വീതവും ബാങ്ക് അക്കൗണ്ട് വഴി ഇവർ കൈക്കലാക്കുകയായിരുന്നു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും പണമോ വിസയോ നൽകാതെ കബളിപ്പിക്കുകയായിരുന്നു.

 

യുവാക്കളാണ് തട്ടിപ്പിനിരയായവരിൽ ഭൂരിഭാഗവും. പലരും സ്വർണ്ണാഭരണങ്ങൾ വിറ്റും പണയം വെച്ചും ബാങ്ക് വായ്പകളെടുത്തും കടം വാങ്ങിയുമാണ് ജോലി സ്വപ്നം കണ്ട് പണം നൽകിയത്. പലവിധ കാരണങ്ങൾ പറഞ്ഞ് സമയം നീട്ടിക്കൊണ്ടുപോകുകയും ജോലി നൽകാതിരിക്കുകയുമായിരുന്നു. അതേസമയം ചിലരിൽ നിന്ന് വാങ്ങിയ ചെറിയ തുകകൾ ഇവർ തിരികെ നൽകിയിട്ടുള്ളതായും സൂചനയുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു. എസ്.ഐമാരായ കെ. സിൻഷ, റെജി, എ.എസ്.ഐ ഗീത, എസ്.സി.പി.ഒ റയീസ്, ഡ്രൈവർ എസ്.സി.പി.ഒ ടൈറ്റസ് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *