ഓണാഘോഷവും കുടുംബസംഗമവും ഓഗസ്റ്റ് 24-ന് മാനന്തവാടിയിൽ
മാനന്തവാടി: നാഷണൽ ഫാർമേഴ്‌സ് പ്രൊഡ്യൂസർ ഓർഗനൈസേഷന്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ ഓണാഘോഷവും കുടുംബസംഗമവും ഓഗസ്റ്റ് 24-ന് മാനന്തവാടി അമ്പുകുത്തി പാരിഷ് ഹാളിൽ വെച്ച് നടക്കും. അന്യനാടുകളിലെ കാർഷിക തിരക്കുകളിൽ നിന്ന് മാറിനിന്ന് കർഷകരും അവരുടെ കുടുംബങ്ങളും ഒത്തുചേരുന്ന ഈ സംഗമം സംസ്കാരത്തിന്റെയും സൗഹൃദത്തിന്റെയും ഊഷ്മളമായ വേദിയായി മാറുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ചടങ്ങിന്റെ ഭാഗമായി കർഷകർക്കായി പരമ്പരാഗത ഓണക്കളികൾ, കായിക മത്സരങ്ങൾ, വിവിധ കലാപരിപാടികൾ, മെഗാ അത്തപ്പൂക്കളം എന്നിവ അരങ്ങേറും. കൂടാതെ വിപുലമായ വൈവിധ്യമാർന്ന വിഭവങ്ങളോടെയുള്ള പരമ്പരാഗത ഓണസദ്യയും ഉണ്ടായിരിക്കും. പുലികളി, കൈകൊട്ടിക്കളി, പഞ്ചാരിമേളം, നിശ്ചലദൃശ്യങ്ങൾ എന്നിവയുടെ അകമ്പടിയോടെ സാംസ്കാരിക ഘോഷയാത്രയും, ജനപ്രതിനിധികളും കാർഷിക മേഖലയിലെ പ്രമുഖരും പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനവും പരിപാടിയുടെ ഭാഗമായി നടക്കും. വാർത്താസമ്മേളനത്തിൽ ചെയർമാൻ ഫിലിപ്പ് ജോർജ്, എക്സിക്യുട്ടീവ് ഡയരക്ടർ തോമസ് മിറർ, സംഘാടക സമിതി കൺവീനർ പി.കെ. ഷൈജു, ബിജു പൗലോസ്, കെ.പി. ജോസ്, ഷിബു കാര്യമ്പാടി, കെ.ജെ. മനു, സിജു സ്റ്റീഫൻ, ഇ.എം. സന്തോഷ്, കെ.ജെ. റോയ് എന്നിവർ പങ്കെടുത്തു.





Leave a Reply