കോഴിക്കോട് ബെെക്കിൽ സഞ്ചരിക്കവേ ഭിന്നശേഷിക്കാരനായ യുവാവിനെ കുത്തി പരിക്കേൽപ്പിച്ചു
കോഴിക്കോട്: വടകര പതിയാരക്കരയിൽ ഭിന്നശേഷിക്കാരനായ യുവാവിന് കുത്തേറ്റു. പതിയാരക്കര കൽത്തപ്പമുക്ക് സ്വദേശി വയരോളി സിറാജിനാണ് കുത്തേറ്റത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സിറാജിനെയും സുഹൃത്തിനെയും പ്രതിയായ റിനാസ് മറ്റൊരു ബൈക്കിൽ പിന്തുടർന്നെത്തി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിനിടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ബഹളം വെച്ചതോടെ നാട്ടുകാർ ഓടിക്കൂടുകയും പ്രതി സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തു.
കഴുത്തിലും പുറത്തും ചെവിയിലും ഗുരുതരമായി പരിക്കേറ്റ സിറാജിനെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിൽ ഇയാളുടെ ഒരു ചെവി ഭാഗികമായി അറ്റുതൂങ്ങിയ നിലയിലാണ്. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ പതിയാരക്കര നീലിയേലത്ത് കടവിന് സമീപമായിരുന്നു സംഭവം.
വിവരമറിഞ്ഞെത്തിയ വടകര പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രതിയായ റിനാസ് മുൻപും നിരവധി അക്രമ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മാസങ്ങൾക്ക് മുൻപ് പ്രദേശത്തെ ഒരു വീട് ആക്രമിക്കുകയും ജനൽച്ചില്ലുകൾ തകർക്കുകയും ചെയ്ത കേസിലും ഇയാൾ പ്രതിയാണ്. അക്രമത്തിന് പിന്നിലെ കാരണം വ്യക്തമല്ല.





Leave a Reply