കാട്ടാന ആക്രമണം: തരിയോട് പ്രദേശത്തെ കൃഷിഭൂമികൾ കൃഷിമന്ത്രി അഡ്വ ടി സിദ്ദിഖ് സന്ദർശിച്ചു
തരിയോട്: കഴിഞ്ഞദിവസം തരിയോട് പ്രദേശത്ത് ഇറങ്ങിയ മുറിവാലൻ കാട്ടാന വ്യാപകമായി കൃഷിനാശം വരുത്തുകയും വാഹനങ്ങൾക്ക് നേരെ ആക്രമണശ്രമം നടത്തുകയും ചെയ്ത പശ്ചാത്തലത്തിൽ, കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദീഖ് പ്രദേശം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. കാട്ടാന ആക്രമണത്തിൽ വിളനാശം സംഭവിച്ച കർഷകർക്ക് അടിയന്തരമായി നഷ്ടപരിഹാരം ലഭ്യമാക്കാൻ ബന്ധപ്പെട്ട വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദ്ദേശം നൽകി. വന്യജീവി ആക്രമണത്തിലെ വിളനാശത്തിനുള്ള നഷ്ടപരിഹാര തുക വർദ്ധിപ്പിക്കുന്നതിന് വനംവകുപ്പുമായി ചേർന്ന് ആവശ്യമായ പദ്ധതികൾ തയ്യാറാക്കുമെന്നും പ്രദേശത്തെ സ്വൈര്യജീവിതം ഉറപ്പുവരുത്താൻ സാങ്കേതിക കുരുക്കിൽപ്പെട്ടു കിടക്കുന്ന ഫെൻസിംഗ് നിർമ്മാണ പ്രവർത്തികൾ അടിയന്തരമായി പുനരാരംഭിക്കണമെന്നും വനം വകുപ്പിന്റെ തെരുവ് വിളക്ക് സ്ഥാപിക്കൽ വേഗത്തിലാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. തരിയോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ അടിയന്തിര ജന ജാഗ്രത സമിതി യോഗം വിളിച്ച് ചേർത്ത് തുടർനടപടികൾ സ്വീകരിക്കാനും തീരുമാനമായിട്ടുണ്ട്. സന്ദർശന വേളയിൽ തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സൂസി ബാബു, വൈസ് പ്രസിഡണ്ട് ഷമീം പാറക്കണ്ടി, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജിൻസി സണ്ണി, വനസംരക്ഷണ സമിതി പ്രസിഡണ്ട് സണ്ണി ജോർജ്, മറ്റ് ജനപ്രതിനിധികൾ, വനം വകുപ്പ് ജീവനക്കാർ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.





Leave a Reply