September 29, 2026

നല്ലൂർനാട് സർവീസ് സഹകരണ ബാങ്കിലെ കവർച്ച: വയോധികന് തടവും പിഴയും

0
WhatsApp Image 2026-09-29 at 7.47.28 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: 1988-ൽ നല്ലൂർനാട് സർവീസ് സഹകരണ ബാങ്കിൽ അതിക്രമിച്ചു കയറി ആറംഗ സംഘം സ്വർണാഭരണങ്ങളും പണവും കവർന്ന കേസിൽ വയോധികന് തടവും പിഴയും. കൊല്ലം, പള്ളിമുക്ക്, തെടിയഴിക്കത്ത് വീട്ടിൽ അബ്ദുൽ സമദ്(76)നെയാണ് 13 വർഷം തടവിനും 16000 രൂപ പിഴയടക്കാനും അഡി. ജിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജ് എൽ. ജയവന്ത് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ 10 മാസം കൂടി തടവ് അനുഭവിക്കണം. കേസിൽ സുബൈർ, സുരേഷ് ബാബു, ആലിക്കുട്ടി, നസീർ എന്നിവരെ പിടികൂടുകയും 1993ൽ ശിക്ഷിക്കുകയും ചെയ്തിരുന്നു. ഒളിവിലായിരുന്ന ഒ.കെ. ബാബു 2017ൽ കോടതിയിൽ കീഴടങ്ങുകയും ശിക്ഷിപ്പെടുകയും ചെയ്തു. അബ്ദുൽ സമദിനെ 2024 ഒക്‌ടോബറിലാണ് പോലീസ് പിടികൂടുന്നത്. ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെയാണ് ഇയാൾ വിചാരണ നേരിട്ടത്. ഈ കേസിൽ 40 ഓളം സാക്ഷികളെ വിസ്തരിക്കുകയും 166 രേഖകൾ തെളിവിലേക്ക് ഹാജരാക്കുകയും മഹസ്സർ പ്രകാരം 21 വസ്തു വകകൾ സീസ് ചെയ്ത് കോടതി മുൻപാകെ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്.

1988 ജനുവരി എട്ടാം തീയതി പുലർച്ചെയാണ് നല്ലൂർനാട് സർവീസ് സഹകരണ ബാങ്കിൽ അതിക്രമിച്ചു കയറി ആറംഗസംഘം കവർച്ച നടത്തിയത്. അംബാസഡർ കാറിലെത്തിയ ഇവർ വാതിലുകളുടെ പൂട്ടുകൾ പൊളിച്ച് അകത്തു സൂക്ഷിച്ചിരുന്ന സെയ്ഫും ഒരു കിലോയോളം തൂക്കം വരുന്ന ആഭരണങ്ങളും, 5544 രൂപയും മോഷ്ടിച്ചു. ശബ്ദം കേട്ടെത്തി രണ്ടു പേരെ കട്ടപാര കൊണ്ട് ആക്രമിക്കുകയും ചെയ്തു. അന്നത്തെ മാനന്തവാടി സി.ഐ വിശ്വനാഥ കുറുപ്പാണ് കേസിന്റെ ആദ്യ അന്വേഷണം നടത്തിയത്. തുടർന്ന്, ജില്ലാ സി.ബി.സി.ഐ.ഡി ഡിറ്റക്ടീവ് ഇൻസ്‌പെക്ടർ കെ.ജി. ജെയിംസ് കേസേറ്റെടുക്കുകയും പിന്നീട് വന്ന ഡി.ഐ വിജയശങ്കർ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയുമായിരുന്നു. പ്രാസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഇ.ആർ. സന്തോഷ് കുമാർ ഹാജരായി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *