തെരഞ്ഞെടുപ്പിന് ഓടിയ വാഹനങ്ങളുടെ കുടിശ്ശിക തുക അനുവദിച്ച് ധനവകുപ്പ്
കൽപ്പറ്റ: ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആവശ്യങ്ങൾക്കായി സർവീസ് നടത്തിയ വാഹനങ്ങളുടെ കുടിശിക ഉടൻ തീർക്കാനുള്ള ധനവകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി. കൃഷിവകുപ്പ് മന്ത്രി ടി.സിദ്ദീഖിന്റെ ഇടപെടലാണ് ഇക്കാര്യത്തിൽ നിർണായകമായത്. തെരഞ്ഞെടുപ്പ് വേളയിൽ പൊലീസിന് വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം ബസ്, ടാക്സി തുടങ്ങിയ വാഹനങ്ങൾ സർവീസ് നടത്തിയിരുന്നു. ഈ ഇനത്തിൽ 9,53,91,000 രൂപ കുടിശ്ശികയായിരുന്നു.
കുടിശ്ശിക ലഭിക്കാത്തതിനെ തുടർന്നുള്ള ദുരിതം ബസ് ഉടമകളും ടാക്സി ഡ്രൈവർമാരും വയനാട്ടിൽ നിന്നും കൃഷിവകുപ്പ് മന്ത്രി ടി.സിദ്ദീഖിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തുടർന്ന് പ്രശ്നം പരിഹരിക്കാൻ ഇടപെടുമെന്ന് അവർക്ക് മന്ത്രി ഉറപ്പുനൽകി. അതിൻ്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഒന്നരമാസമായി ടി.സിദ്ദീഖ് ഇക്കാര്യത്തിൽ ഇടപെടൽ നടത്തി വരികയായിരുന്നു. ശനിയാഴ്ചയാണ് ധനവകുപ്പ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ധനവകുപ്പിന്റെ തീരുമാനം തെരഞ്ഞെടുപ്പ് കാലത്ത് സർവീസ് നടത്തിയ വാഹന ഉടമകൾക്കും ഡ്രൈവർമാർക്കും ഏറെ ആശ്വാസം പകരുന്നതാണെന്നും അതിൽ സന്തോഷമുണ്ടെന്നും കൃഷിമന്ത്രി ടി.സിദ്ദീഖ് പ്രതികരിച്ചു




Leave a Reply