ലഹരിവിരുദ്ധ പോരാട്ടത്തിലും കാര്‍ഷിക മുന്നേറ്റത്തിലും സന്നദ്ധ സംഘടനകള്‍ സജീവമാകണം: മന്ത്രി അഡ്വ. ടി സിദ്ദിഖ്
കല്‍പ്പറ്റ: ലഹരിവിരുദ്ധ പോരാട്ടത്തിലും കാര്‍ഷിക മുന്നേറ്റത്തിലും സന്നദ്ധ സംഘടനകള്‍ സജീവമാകണമെന്ന് കൃഷി മന്ത്രി അഡ്വ. ടി സിദ്ദിഖ് പറഞ്ഞു. പുത്തൂര്‍വയല്‍ ഡോ. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ ക്യാമ്പസില്‍ രാജീവ് ഫൌണ്ടേഷന്‍ സംസ്ഥാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി കേരളത്തില്‍ സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തുന്ന രാജീവ് ഫൗണ്ടേഷനെ മന്ത്രി അഭിനന്ദിച്ചു. ഫൗണ്ടേഷന്റെ പേള്‍ ജൂബിലിയുടെ ഭാഗമായി തുടങ്ങാന്‍ പോകുന്ന മാരകമായ അസുഖബാധിതര്‍ക്ക് സഹായം എത്തിക്കുന്ന ‘കെയര്‍ കേരളം’, സ്‌കൂള്‍തലത്തില്‍ ആരംഭിക്കാന്‍ പോകുന്ന ‘ബയോഡൈവേഴ്‌സിറ്റി പാര്‍ക്ക്’, രാസലഹരിക്കെതിരെ യുവാക്കളെ അണിനിരത്തുന്നതിനുള്ള ‘ഫ്രീഡം ഫ്രം ഡ്രഗ്‌സ്’ എന്നീ പദ്ധതികള്‍ കേരളീയ സമൂഹത്തില്‍ വലിയ സാമൂഹിക മാറ്റം ഉണ്ടാക്കാന്‍ കഴിയുന്നവയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജീവ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അഡ്വ. റഷീദ് പറമ്പന്‍ ചടങ്ങിൽ അധ്യക്ഷനായിരുന്നു. പ്രൊഫ. കബീര്‍, അഡ്വ. വിപിന്‍ നാഥ്, സിബി ജോസഫ്, അഡ്വ. ഹസീന മുനീര്‍, മണക്കാട് രാജേഷ്, പ്രീതി കെ., സതീഷ് കുമാര്‍, ഗോകുല്‍ ദാസ് കോട്ടയില്‍, എം. എ. ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. തുടർന്ന് നടന്ന വിവിധ സെഷനുകളിലായി പ്രിന്‍സ് എം. ജോര്‍ജ്, അഡ്വ. സജു രവീന്ദ്രന്‍, അരുണ്‍കൃഷ്ണന്‍ എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു.




Leave a Reply