October 6, 2026

സർക്കാരിന് പോലും സാധിക്കാത്ത മാതൃകാപരമായ സേവനമാണ് സ്നേഹ വെൽഫെയർ സെന്റർ നടത്തുന്നത്: എം.എൽ.എ. ഉഷാ വിജയൻ.

0
WhatsApp Image 2026-10-06 at 8.17.24 PM
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: കഴിഞ്ഞ കാൽനൂറ്റാണ്ടുകാലമായി വയനാടൻ മലയോര മേഖലയിലെ പാവപ്പെട്ട സ്ത്രീകളുടെ ഉന്നമനത്തിനായി സ്നേഹ നോർബർട്ടൈൻ ചാരിറ്റബിൾ ട്രസ്റ്റ് നടത്തിവരുന്ന പ്രവർത്തനങ്ങൾ സർക്കാരുകൾക്ക് പോലും ചെയ്യാൻ സാധിക്കാത്ത വിധം നിസ്തുലവും ശ്ലാഘനീയവുമാണെന്ന് മാനന്തവാടി എം.എൽ.എ. ഉഷാ വിജയൻ പ്രസ്താവിച്ചു. നോർബർട്ടൈൻ സന്യാസ സമൂഹത്തിന്റെ കീഴിൽ കുഴിനിലം എസ്. വളവ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്നേഹ വെൽഫെയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ചിറക്: സ്വാശ്രയത്വത്തിലേക്ക് ഒരു പെൺകുതിപ്പ്’ വനിതാ ശാക്തീകരണ സംഗമത്തിന്റെ ഔദ്യോഗിക ഉദ്ഘാടനവും സ്വാശ്രയസംഘാംഗങ്ങൾക്കുള്ള സൗജന്യ ഇലക്ട്രിക് ഷീ-ടാക്സി താക്കോൽദാനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അവർ.

50-ലധികം സജീവ സ്വാശ്രയസംഘങ്ങളിലൂടെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് വരുമാനവും ജീവകാരുണ്യ സഹായങ്ങളും ഉറപ്പാക്കുന്ന സ്നേഹയുടെ പ്രവർത്തനം നാടിന് മാതൃകയാണെന്ന് എം.എൽ.എ. ചൂണ്ടിക്കാട്ടി. സ്നേഹ തുടക്കം കുറിച്ച ‘ഓപ്പറേഷൻ തൂഫാൻ’ ലഹരിവിരുദ്ധ പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട്, നമ്മുടെ വരുംതലമുറ നാം ചിന്തിക്കുന്നതിലും അപ്പുറമുള്ള അതീവ ഗുരുതരമായ വിപത്തിലേക്കാണ് നീങ്ങുന്നതെന്നും കുട്ടികളെ നേർവഴിക്ക് നയിക്കാൻ അമ്മമാർ അതീവ ജാഗ്രത പുലർത്തണമെന്നും അവർ ഓർമ്മിപ്പിച്ചു.

ചടങ്ങിൽ മാനന്തവാടി നോർബർട്ടൈൻസ് പ്രിലേറ്റ് ബഹുമാനപ്പെട്ട ഫാ. ജോസ് മുരിക്കൻ ഒ. പ്രേം. അധ്യക്ഷത വഹിച്ചു. സമൂഹത്തിൽ ഏറ്റവും നിരാലംബരായ മനുഷ്യർക്ക് കൈത്താങ്ങാകുകയെന്നത് നോർബർട്ടൈൻ സമൂഹത്തിന്റെ പ്രതിബദ്ധതയാണെന്നും ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് മക്കളെ രക്ഷിക്കാൻ അമ്മമാർക്ക് വലിയൊരു ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തുടർന്ന് സംസാരിച്ച മാനന്തവാടി പോലീസ് സബ് ഇൻസ്പെക്ടർ ശ്രീ. ആനന്ദ്, ദിവസേന സ്റ്റേഷനിൽ എത്തുന്ന ലഹരി കേസുകളിൽ ഭൂരിഭാഗവും 35 വയസ്സിന് താഴെയുള്ള ചെറുപ്പക്കാരുടേതാണെന്ന ഞെട്ടിക്കുന്ന യാഥാർത്ഥ്യം പങ്കുവെച്ചു. എം.ഡി.എം.എ. അടക്കമുള്ള മാരക സിന്തറ്റിക് ലഹരികൾ ഇന്ന് കുട്ടികൾക്ക് വളരെ വേഗത്തിൽ ലഭ്യമാകുന്ന സാഹചര്യമാണെന്നും കുടുംബങ്ങൾ ഇക്കാര്യത്തിൽ കണ്ണ് തുറന്നിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്നേഹ സ്വാശ്രയസംഘത്തിലെ ഒരംഗമായി പ്രവർത്തിക്കാൻ സാധിക്കുന്നതിൽ അഭിമാനമുണ്ടെന്നും പിന്നാക്ക മേഖലകളിൽ സ്നേഹ നടത്തുന്ന പ്രവർത്തനങ്ങൾ അത്ഭുതകരമാണെന്നും തവിഞ്ഞാൽ വാർഡ് മെമ്പർ ശ്രീമതി എൽസി ജോയ് ആശംസാ പ്രസംഗത്തിൽ വ്യക്തമാക്കി.

സ്നേഹ വെൽഫെയർ സെന്റർ ഡയറക്ടർ ഫാ. അനീഷ് കരിമാലൂർ ഒ. പ്രേം. ചടങ്ങിൽ സ്വാഗതം ആശംസിച്ചു. തുടർന്ന് കോർഡിനേറ്റർ സിമേഷിന്റെ ഗാനാലാപനവും ശ്രീമതി ഗീതയുടെ ശാസ്ത്രീയ നൃത്തവും അരങ്ങേറി. പരിപാടിയുടെ ഭാഗമായി എം.എൽ.എ. ശ്രീമതി ഉഷാ വിജയൻ സ്വാശ്രയസംഘ ഭാരവാഹികളുമായും അംഗങ്ങളുമായും സംവദിച്ചു.

തുടർന്ന് പ്രമുഖ സാമൂഹിക പ്രവർത്തകനും ലൈഫ് സ്കിൽ ട്രെയിനറുമായ ശ്രീ. ജോബി തോമസ് നയിച്ച ഒരു മണിക്കൂർ നീണ്ട ‘ഓപ്പറേഷൻ തൂഫാൻ’ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് practical ഉദാഹരണങ്ങൾ കൊണ്ടും അവതരണ മികവുകൊണ്ടും പങ്കെടുത്തവർക്ക് വലിയ അനുഭവമായി. സ്നേഹ സ്റ്റാഫ് പ്രതിനിധി ശ്രീമതി സാന്ദ്ര കൃതജ്ഞത രേഖപ്പെടുത്തി. വിവിധ ഗ്രാമങ്ങളിലെ സ്വാശ്രയസംഘങ്ങളിൽ നിന്നായി ഇരുനൂറിലധികം വനിതാ പ്രതിനിധികളും നാട്ടുകാരും പങ്കെടുത്തു.

 

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *