ടൂറിസം മേഖലയ്ക്ക് വ്യവസായ പദവി ഉറപ്പാക്കും: മന്ത്രി പി.സി വിഷ്ണുനാഥ്
വൈത്തിരി: ടൂറിസം മേഖലയ്ക്ക് വ്യവസായ പദവി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ അംഗീകാരത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ടൂറിസം സാംസ്കാരിക വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ്. വിനോദ സഞ്ചാര വകുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന ‘ബ്രാന്‍ഡ് വയനാട്’ പദ്ധതി, റെസ്പോണ്സിബിള് ടൂറിസം മിഷന് സൊസൈറ്റിയുടെ ലൈഫ് എക്സ്പീരിയന്‍സ് ട്രെയില്‍സ് പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയുടെ പ്രകൃതി സൗന്ദര്യം, കൃഷി, സാഹസിക വിനോദം, ഫാം, ഹെറിറ്റേജ് ടൂറിസം മേഖലകള്‍, ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങള്‍, ഭക്ഷ്യ വൈവിധ്യങ്ങള്‍, കലകള്‍, കരകൗശലവിദ്യകള്‍ കോര്‍ത്തിണക്കി ലോകത്തിന് മുന്നില്‍ ജില്ലയെ അവതരിപ്പിക്കുകയാണ് ‘ബ്രാന്‍ഡ് വയനാട്’ പദ്ധതിയുടെ ലക്ഷ്യം. മലബാര്‍ മേഖലയിലെ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കും. മലപ്പുറം, കോഴിക്കോട് ജില്ലകളുടെ ടൂറിസം വികസനം ഉള്‍പ്പെട്ടതാണ് ബ്രാന്‍ഡ് വയനാടെന്നും മന്ത്രി പറഞ്ഞു.
വയനാടിനെ കൂര്‍ഗ്, മൈസൂരു ജില്ലകളുമായി ബന്ധിപ്പിച്ച് ടൂറിസം സര്‍ക്യൂട്ട് വികസിപ്പിക്കുന്നതിന്റെ ഭാഗമായി ദസറ ആഘോഷങ്ങളില്‍ കേരളത്തിന്റെ കലാവിരുന്നും സംസ്കാരത്തെ പ്രതിനിധീകരിക്കുന്ന നിശ്ചലദൃശ്യവും അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ ദേശീയോത്സവമായ ഓണം മൈസൂര്‍ ദസറ, നോര്‍ത്ത് ഈസ്റ്റിലെ ഹോണ്‍ബില്‍ ഫെസ്റ്റിവല്‍ മാതൃകയില്‍ വലിയ ഇവന്റാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു. ബ്രാന്‍ഡ് വയനാട് പദ്ധതിയുടെ ഭാഗമായി വിവിധ പരിപാടികള്‍ ഡിസംബറോടെ ഡല്‍ഹിയില്‍ സംഘടിപ്പിക്കും. എക്സ്പീരിയന്‍ഷ്യല്‍ ടൂറിസത്തിന് സാധ്യതയുള്ള ജില്ലയില്‍ ലൈഫ് എക്സ്പീരിയന്‍സ് ട്രെയില്‍സ് പദ്ധതിയുടെ ഭാഗമായി തിരുനെല്ലി ട്രെയില്‍, ചേകാടി ഉള്‍പ്പെടുന്ന കോഫി ട്രെയില്‍ എന്നിവയ്ക്ക് തുടക്കമിട്ടു. കെ.റ്റി.ഡി.സി സ്ഥാപനങ്ങള്‍ നവീകരിച്ച് സാമ്പത്തിക ലാഭത്തിനുള്ള നടപടികള്‍ സ്വീകരിക്കും.
വൈത്തിരി വില്ലേജില്‍ നടന്ന പരിപാടിയില്‍ എം.എല്‍.എ ഉഷ വിജയന്, ടുറിസം വകുപ്പ് ഡയറക്ടര്‍ എം അഞ്ജന, ടൂറിസം വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കല്‍പ്പറ്റ നാരായണന്, വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി രാജന്, വൈസ് പ്രസിഡന്റ് വത്സല സദാനന്ദന്, വാര്‍ഡംഗം സിനി ജോജി, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സംരംഭകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




Leave a Reply