പള്ളികൾ സമൂഹത്തിന് വഴികാട്ടിയാവണം: ബഷീർ മുഹിയിദ്ധീൻ
പനമരം: പള്ളികൾ സമൂഹത്തിന് വഴികാട്ടിയും ഭാരങ്ങൾ ഇറക്കിവെക്കാനുള്ള ഇടവുമായിരിക്കണമെന്ന് പ്രശസ്ത ഖുർആൻ പണ്ഡിതൻ ബഷീർ മുഹിയിദ്ധീൻ പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ഏരിയ സമ്മേളന പ്രചാരണാർത്ഥം പനമരം മസ്ജിദുൽ ഹുദ കുടുംബ സംഗമം വിജയ അക്കാദമി ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആളുകൾ ആദ്യകാലങ്ങളിൽ മനുഷ്യരുടെ പ്രശ്നങ്ങൾ പള്ളിയിൽ പോയി പറഞ്ഞാൽ അതിന് പരിഹാരമുണ്ടായിരുന്നുവെന്നും അങ്ങനെയാണ് പള്ളിയിൽ പോയി പറയുന്ന സംസ്കാരം ഉടലെടുത്തതെന്നും എന്നാൽ പുതിയ കാലഘട്ടത്തിൽ നടക്കാത്ത കാര്യങ്ങൾക്കാണ് ‘പള്ളിയിൽ പോയി പറ’ എന്ന രീതി സൃഷ്ടിക്കപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. അതിനാൽ പള്ളിയിൽ പറഞ്ഞാൽ പ്രശ്നങ്ങൾക്ക് പരിഹാരമാകുന്ന പഴയ സംസ്കാരത്തിലേക്ക് പള്ളികളും അനുബന്ധ സ്ഥാപനങ്ങളും തിരിച്ചെത്തിക്കണമെന്ന് അദ്ദേഹം സമൂഹത്തെ ഓർമിപ്പിച്ചു.
മസ്ജിദുൽ ഹുദാ വെൽഫെയർ കമ്മിറ്റി പ്രസിഡൻറ് കെ. അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന സെക്രട്ടറി അഫീദ അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. സെർഫിന ജമാൽ, ടി. പി. സത്താർ, ഹുസ്ന ജലാൽ എന്നിവർ സംസാരിച്ചു. ടി. ഖാലിദ് സ്വാഗതവും പി. ഷാനവാസ് നന്ദിയും പറഞ്ഞു. മാനന്തവാടി ഏരിയയിൽ നടന്ന ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ശക്ത്യാശ്യരി, കെ. പോക്കു, പി. പി. ആയിഷ എന്നിവരെ ചടങ്ങിൽ ആദരിച്ചു.




Leave a Reply