പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു
പുൽപ്പള്ളി: മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ ഏകാധിപത്യ നിലപാടുകൾക്കും അഴിമതിക്കുമെതിരെ ബി.ജെ.പി മുള്ളൻകൊല്ലി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സൈജു പുലികുത്തിയിലിന്റെ അധ്യക്ഷതയിൽ നടന്ന ധർണ്ണ നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ.ഡി. ഷാജിദാസ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പിക്ക് ജനപ്രതിനിധിയുള്ള വാർഡിൽ നടത്താനിരുന്ന ഗ്രാമസഭ പ്രസിഡന്റിന്റെ ധിക്കാരപരമായ ഇടപെടലിലൂടെ പിരിച്ചുവിട്ട് പൊതുജനങ്ങളെ അപമാനിച്ച നടപടിയെ യോഗം രൂക്ഷമായി അപലപിച്ചു. മറ്റ് പഞ്ചായത്തുകളിലെല്ലാം വാർഡ് വികസന സമിതികൾ രൂപീകരിച്ചിട്ടും മുള്ളൻകൊല്ലിയിൽ അത് സാധ്യമല്ലെന്ന വാശിയിലാണ് പ്രസിഡന്റ്.
വരൾച്ച രൂക്ഷമായിക്കൊണ്ടിരിക്കുന്ന പ്രദേശത്ത് നിലവിലുള്ള നാല് ക്വാറികൾക്ക് പുറമെ, ഏഴോളം ക്വാറികൾക്ക് കൂടി അനുമതി നൽകാൻ തീരുമാനിച്ച പഞ്ചായത്ത് ഭരണസമിതി അഴിമതിയിൽ മുങ്ങിയിരിക്കുകയാണെന്ന് ബി.ജെ.പി നേതാക്കൾ ആരോപിച്ചു. പ്രസിഡന്റിന്റെ ഉദ്യോഗസ്ഥരുമായുള്ള നിരന്തരമായ അനാവശ്യ കലഹങ്ങൾ കാരണം നിലവിൽ പഞ്ചായത്തിൽ സെക്രട്ടറിയോ അസിസ്റ്റന്റ് എൻജിനീയറോ ഇല്ലാത്ത അവസ്ഥയാണെന്നും, ഇവിടേക്ക് ചുമതലയേറ്റെടുക്കാൻ ഉദ്യോഗസ്ഥരാരും തയ്യാറാകുന്നില്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. കർഷകക്ഷേമ പ്രവർത്തനങ്ങളിലും വൻ ക്രമക്കേടുകളാണ് നടക്കുന്നത്. കൃഷിഭവൻ മുഖേന എത്തിച്ച തൈകൾ കാണാനില്ലാത്ത സ്ഥിതിയാണ്. കഴിഞ്ഞ വർഷം വരെ റബർ മാർക്കറ്റിംഗ് സൊസൈറ്റി വഴി വിതരണം ചെയ്തിരുന്ന നീറ്റുകക്ക വിതരണം, ഇത്തവണ പ്രസിഡന്റ് സ്വന്തം താല്പര്യപ്രകാരം ഏതോ സ്വകാര്യ കമ്പനിയെ ഏൽപ്പിക്കുകയാണ് ചെയ്തത്. സ്വജനപക്ഷപാതവും തന്നിഷ്ടവും വഴി പൊതുജനങ്ങൾക്ക് ഉപകാരപ്പെടേണ്ട പഞ്ചായത്ത് ഭരണത്തെ തകർക്കുന്ന നിലപാടാണ് പ്രസിഡന്റ് തുടരുന്നതെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ബി.ജെ.പി മുന്നറിയിപ്പ് നൽകി. പ്രതിഷേധ ധർണ്ണയിൽ അമൽ കവളക്കാട്ട്, ഗോപാലകൃഷ്ണൻ ഐക്കരശ്ശേരി, എൻ. വാമദേവൻ, റിൻസി വർഗീസ്, ജോബിഷ് എന്നിവർ സംസാരിച്ചു.




Leave a Reply