തദ്ദേശ പ്രതിനിധികളുടെ ഓണറേറിയം വർധിപ്പിക്കാനുള്ള തീരുമാനം സ്വാഗതാർഹം: എൽജി എം എൽ
മാനന്തവാടി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ജനപ്രതിനിധികൾക്ക് ലഭിക്കുന്ന ഓണറേറിയം കാലോചിതമായി വർദ്ധിപ്പിക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലാണെന്നും ജനുവരി 1 മുതൽ വർദ്ധന പ്രാബല്യത്തിൽ വരുമെന്നുമുള്ള തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാർഹമാണെന്ന് എൽജി എം എൽ മാനന്തവാടി മണ്ഡലം ജനറൽ ബോഡി യോഗം അഭിപ്രായപ്പെട്ടു.
സാധാരണക്കാരുമായി ഏറ്റവും താഴെത്തട്ടിൽ ഇടപെടുന്നത് പഞ്ചായത്ത് മെമ്പർമാരാണെന്നും, എംഎൽഎമാരെക്കാളും മന്ത്രിമാരേക്കാളും സാധാരണക്കാരന്റെ പ്രയാസങ്ങൾ പരിഹരിക്കുന്നതിന് ഇവരാണ് നേരിട്ട് ഇടപെടുന്നതെന്നുമുള്ള മന്ത്രിയുടെ പ്രസ്താവന ജനപ്രതിനിധികൾക്ക് ഏറെ അഭിമാനവും ആവേശവും നൽകുന്നതാണ്. പാവപ്പെട്ട ഒരാൾക്ക് അവകാശപ്പെട്ട കാര്യം ലഭിക്കുന്നതിന് നിലവിലെ നിയമം തടസ്സം നിൽക്കുന്നുണ്ടെങ്കിൽ അക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്ന് ആവശ്യമായ നിയമനിർമ്മാണം നടത്തുന്നതിന് മെമ്പർമാർ മുൻകൈയെടുക്കണം എന്നുള്ള നിർദ്ദേശം ഏറെ പ്രതീക്ഷ നൽകുന്നു. പെൻഷൻ നടപടികൾ ലഘൂകരിക്കുവാനും തദ്ദേശ വകുപ്പിലെ വിവിധ വിഭാഗങ്ങൾക്കും ജനപ്രതിനിധികൾക്കും ഉത്സവബത്ത നൽകിയതും വകുപ്പിന്റെ ചരിത്രത്തിൽ എന്നും ഓർമ്മിക്കപ്പെടും. അതേസമയം എൻആർഇജി, എൽഎസ്ജിഡി ഉൾപ്പെടെയുള്ള പദ്ധതികളിൽ പൂർത്തീകരിച്ച പ്രവർത്തികൾക്ക് നൽകാനുള്ള തുക എത്രയും പെട്ടെന്ന് നൽകുന്നതിന് ആവശ്യമായിട്ടുള്ള നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
എൽജി എം എൽ ജില്ലാ ജനറൽ സെക്രട്ടറി അബ്ദുല്ല കേളോത്ത് അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന സെക്രട്ടറി ഹാരിസ് കണ്ടിയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി.കെ. സലാം സ്വാഗതം പറഞ്ഞു. കമർലൈല, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലക്ഷ്മി ആലക്കാമുറ്റം, പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. കുഞ്ഞബ്ദുല്ല, പ്രീത രാമൻ, പി.വി.എസ്. മൂസ, സൗജത്ത് ഉസ്മാൻ എന്നിവർ സംസാരിച്ചു.
യോഗത്തിൽ എൽജിഎംഎൽ മാനന്തവാടി നിയോജക മണ്ഡലം ഭാരവാഹികളായി മമ്മൂട്ടി എഴുത്തൻ (പ്രസിഡന്റ്), പ്രീത രാമൻ, ഷാജി കോവ, ആത്തിക, മമ്മൂട്ടി മദനി (വൈസ് പ്രസിഡന്റുമാർ), മുസ്തഫ തയ്യുള്ളതിൽ (ജനറൽ സെക്രട്ടറി), മുജീബ് തലപ്പുഴ, അസ്മില ആയങ്കി, ആറങ്ങാടൻ ആലികുട്ടി, അഡ്വ. സിന്ധു സെബാസ്റ്റ്യൻ (ജോയിന്റ് സെക്രട്ടറിമാർ), ജാഫർ കുണ്ടാല (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.




Leave a Reply