നെല്വിത്തുകളുടെ കാവലാള്ക്ക് നാടിന്റെ വിട
കൽപ്പറ്റ: പാരമ്പര്യ നെല്വിത്തുകളുടെ കാവലാളും പത്മശ്രീ പുരസ്കാര ജേതാവുമായ പത്മശ്രീ ചെറുവയല് രാമന് നാടിന്റെ വിട. സംസ്ഥാന സര്ക്കാരിന്റെ പൂര്ണ്ണ ഔദ്യോഗിക ബഹുമതികളോടെ കമ്മനയിലെ ചെറുവയല് വീട്ടിലാണ് ശവസംസ്കാര ചടങ്ങുകള് നടന്നത്. രാവിലെ 8.30 ഓടെ കമ്മന നവോദയം എല്.പി സ്കൂളില് നടന്ന പൊതുദര്ശനം ഉച്ചയ്ക്ക് 12.30 വരെ നീണ്ടു. പൊതുദര്ശനത്തില് ചെറുവയല് രാമന്റെ ഭൗതിക ശരീരത്തില് ഗവര്ണര്, മുഖ്യമന്ത്രി, സംസ്ഥാന സര്ക്കാര് എന്നിവര്ക്കുവേണ്ടി ജില്ലാ കളക്ടര് വി ചെല്സാസിനി പുഷ്പചക്രം അര്പ്പിച്ചു. കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദീഖ് ഭൗതിക ശരീരത്തില് പുഷ്പചക്രം അര്പ്പിച്ചു. റവന്യൂ മന്ത്രിക്കു വേണ്ടി സബ് കളക്ടര് അതുല് സാഗര് പുഷ്പചക്രം അര്പ്പിച്ചു. എം.എല്.എ ഉഷാ വിജയന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്, മുന് മന്ത്രിമാരായ ഒ.ആര് കേളു, എം.വി ഗോവിന്ദന് മാസ്റ്റര്, എ.കെ ശശീന്ദ്രന്, പി.കെ ജയലക്ഷ്മി, മിസോറാം മുന് ഗവര്ണര് കുമ്മനം രാജശേഖരന്, ജില്ലാ പോലീസ് മേധാവി എസ് ദേവമനോഹര്, ഫോക്ലോര് അക്കാദമി ചെയര്മാന് സുരേഷ് ഇളയാവൂര്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ, മാനന്തവാടി-കല്പ്പറ്റ-സുല്ത്താന് ബത്തേരി- നഗരസഭ അധ്യക്ഷന് ജേക്കബ് സെബാസ്റ്റ്യന്, പി. വിശ്വനാഥന്, റസീന അബ്ദുള് ഖാദര്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമന്, എടവക-കോട്ടത്തറ- തവിഞ്ഞാല് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഗിരിജ സുധാകരന്, സി.സി രജിത, എം.ജി ബിജു, ത്രിതല പഞ്ചായത്ത് പ്രതിനിധികള്, സാമുദായിക- സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്, ഉദ്യോഗസ്ഥര്, വിദ്യാര്ഥികള്, കര്ഷകര് തുടങ്ങി നിരവധി പേരാണ് ചെറുവയല് രാമന് അന്ത്യോപചാരമര്പ്പിക്കാനെത്തിയത്. ഉച്ചയ്ക്ക് 2.15 വരെ വീട്ടില് നടന്ന പൊതുദര്ശനത്തിന് ശേഷം കമ്മന കൊടുമയില് കുടുംബ ശ്മശാനത്തില് സംസ്കാരം നടന്നു.




Leave a Reply