മടക്കിമല മെഡിക്കൽ കോളേജ് അട്ടിമറി: എം.പി ഓഫീസിലേക്ക് ജനകീയ ആക്ഷൻ കൗൺസിലിന്റെ മാർച്ച്
കൽപ്പറ്റ: മടക്കിമലയിൽ നിർദ്ദിഷ്ട വയനാട് മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികൾ കാണിക്കുന്ന അനാസ്ഥയിൽ പ്രതിഷേധിച്ച് സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രത്തിന്റെ (എസ്.എച്ച്.ആർ.പി.സി) നേതൃത്വത്തിലുള്ള വയനാട് മെഡിക്കൽ കോളേജ് ജനകീയ ആക്ഷൻ കൗൺസിൽ എം.പി ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. കൽപ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്തുനിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് കൈനാട്ടി എം.പി ഓഫീസിന് മുൻപിൽ ധർണ്ണയോടെ സമാപിച്ചു. മെഡിക്കൽ കോളേജ് വിഷയത്തിൽ യു.ഡി.എഫ് നേതൃത്വത്തിന് വ്യക്തമായ നയവും ഏകോപനവുമില്ലാത്തതാണ് ജനപ്രതിനിധികൾക്ക് നിലപാടുകൾ എടുക്കാൻ കഴിയാത്തതിന് കാരണമെന്ന് ആക്ഷൻ കൗൺസിൽ കുറ്റപ്പെടുത്തി. തെറ്റായ പ്രാദേശികവാദവും അതുമായി ബന്ധപ്പെട്ട് ജനങ്ങളിൽ ഉണ്ടാക്കിയ വേർതിരിവുമാണ് ഇതിനെല്ലാം തുടക്കത്തിന് കാരണമെന്നും അവർ വ്യക്തമാക്കി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സ്വപ്ന പദ്ധതിയായിരുന്ന മടക്കിമലയിലെ മെഡിക്കൽ കോളേജ്, ഇല്ലാത്ത പാരിസ്ഥിതിക പ്രശ്നങ്ങൾ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് തകിടം മറിച്ചതും, മാനന്തവാടി ജില്ലാ ആശുപത്രിയെ മെഡിക്കൽ കോളേജ് ആക്കി മാറ്റിയതും എന്തിനാണെന്ന് അന്വേഷിക്കണമെന്ന് കൗൺസിൽ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിന് മുൻപ്, അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.ഡി സതീശൻ, നിലവിലെ മന്ത്രി ഒ.സിദ്ദിഖ്, സുൽത്താൻ ബത്തേരി എം.എൽ.എ ഐ.സി ബാലകൃഷ്ണൻ എന്നിവർ മടക്കിമലയിൽ ദാനമായി കിട്ടിയ ഭൂമിയിൽ മെഡിക്കൽ കോളേജ് പുനഃസ്ഥാപിക്കുമെന്ന് വാക്ക് നൽകിയിരുന്നതാണ്. എന്നാൽ നാല് മാസം പിന്നിട്ടിട്ടും ജനങ്ങളുടെ പ്രതീക്ഷകൾക്ക് വിപരീതമായ നിലപാടാണ് കാണുന്നത്. ഈ വിഷയത്തിൽ എം.പി പ്രിയങ്ക ഗാന്ധി ഒരക്ഷരം പോലും ഉരിയാടിയിട്ടില്ലെന്നും, നൽകിയ നാലോളം നിവേദനങ്ങൾക്ക് ഒരു മറുപടി പോലും നൽകാനുള്ള സാമാന്യ മര്യാദ കാണിച്ചില്ലെന്നും ആക്ഷൻ കൗൺസിൽ ആരോപിച്ചു. ഇതിനെതിരെ വരും നാളുകളിൽ സുൽത്താൻ ബത്തേരി എം.എൽ.എ ഐ.സി ബാലകൃഷ്ണന്റെ ഓഫീസിലേക്ക് അടുത്ത ഘട്ട പ്രതിഷേധ സമരം നടത്തുമെന്നും അവർ അറിയിച്ചു. പ്രസിഡന്റ് കെ.എൻ പ്രേമലത അധ്യക്ഷത വഹിച്ച യോഗത്തിൽ എസ്.എച്ച്.ആർ.പി.സി ജില്ലാ സെക്രട്ടറി കെ.വി ഗോകുൽദാസ് സ്വാഗതം പറഞ്ഞു. മുഖ്യ രക്ഷാധികാരി അഡ്വ. വി.പി എൽദോ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ചെയർമാൻ ഡോ. എം ബാലകൃഷ്ണൻ, വിവരാവകാശ പ്രവർത്തകൻ യാസിൻ ഒമർ എൻ എന്നിവർക്കൊപ്പം വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് കെ.കെ.എസ് നായർ, ജോണി പട്ടാനി, കെ.വി പ്രകാശ്, കെ.എൻ ശ്രീധരൻ, അഡ്വ. ഷീബ മാത്യു, ഉസ്മാൻ ചാത്തൻചിറ, വർഗീസ് വട്ടക്കാട്, അബ്ദുൾ റഹ്മാൻ പാറന്നിയത്ത്, സാം പി. മാത്യു, വിജയൻ പനമരം, ബിനു വി.കെ, ബിജു പുളക്കര, മോഹൻ തൊട്ടിൽപാലം എന്നിവർ സംസാരിച്ചു. പി.പി വാസുദേവൻ മടക്കിമല നന്ദി രേഖപ്പെടുത്തി.




Leave a Reply