സമ്പൂർണ്ണ ഇ-മാലിന്യമുക്ത വയനാട് ജില്ല പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച് സൂപ്പർതാരം മോഹൻലാൽ
കൽപ്പറ്റ: കൃഷിവകുപ്പ് മന്ത്രി ടി.സിദ്ദീഖിൻ്റെ നേതൃത്വത്തിൽ ആവിഷ്കരിച്ച ‘ഭൂമി’ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന സമ്പൂർണ്ണ ഇ-മാലിന്യമുക്ത വയനാട് ജില്ല പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച് സൂപ്പർതാരം മോഹൻലാൽ. വയനാട് ജില്ലയെ കാർബൺ ന്യൂട്രലിൽ നിന്ന് കാലാവസ്ഥാ അനുകൂലമാക്കി സുസ്ഥിര വികസനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
സുസ്ഥിരമായ ഭാവിക്കായി ഇ-മാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്കരണം അനിവാര്യമാണെന്ന് മോഹൻലാൽ പറഞ്ഞു. നമ്മുടെ നാടിനെ മാലിന്യമുക്തമാക്കാനും പ്രകൃതിയെ സംരക്ഷിക്കാനുമുള്ള വലിയ ദൗത്യമാണ് ഇതെന്നും, ഈ ദൗത്യത്തിൽ എല്ലാവരും പങ്കാളികളാകണമെന്നും അദ്ദേഹം പറഞ്ഞു. മോഹൻലാലിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ കൂടി സഹകരണത്തോടെയാണ് ‘ഭൂമി’ പദ്ധതിയുടെ ഭാഗമായി വയനാട് ജില്ലയെ സമ്പൂർണ്ണ ഇ-മാലിന്യമുക്തമാക്കുന്നതിനുള്ള ദൗത്യം പുരോഗമിക്കുന്നത്.
പ്രിയങ്ക ഗാന്ധി എംപിയുടെ മാർഗ്ഗനിർദ്ദേശവും പ്രവർത്തനത്തിന് കരുത്ത് പകരുന്നുണ്ട്. ഇതിൻ്റെ ആദ്യഘട്ടമായി ജില്ലയിലെ മുഴുവൻ സർക്കാർ ഓഫീസുകളെയും ഇ-മാലിന്യമുക്തമാക്കിയുള്ള പ്രഖ്യാപനം ഗാന്ധിജയന്തി ദിനത്തിൽ നടന്നു. വിശ്വശാന്തി ഫൗണ്ടേഷന് പുറമേ ശുചിത്വമിഷൻ, തദ്ദേശസ്വയംഭരണ വകുപ്പ്, ഇ.വൈ.ജി.ഡി.എസ്, ക്ലീൻ കേരള കമ്പനി, ജില്ലയിലെ സർക്കാർ വകുപ്പുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ സംഘടനകൾ, സന്നദ്ധ പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവരുടെ കൂട്ടായ്മയിലൂടെയാണ് കൃഷിമന്ത്രി ടി.സിദ്ദീഖിൻ്റെ നേതൃത്വത്തിൽ ദൗത്യം മുന്നോട്ടുപോകുന്നത്. വയനാട് ജില്ലയെ സമ്പൂർണ്ണ ഇ-മാലിന്യമുക്തമാക്കുന്നതിന്റെ പ്രഖ്യാപനം കേരളപ്പിറവി ദിനത്തിൽ നടക്കും. അതിനിടെ ചലച്ചിത്ര സൂപ്പർതാരം മോഹൻലാൽ പദ്ധതിക്ക് പിന്തുണ അറിയിച്ച് രംഗത്ത് വന്നത് വയനാടിന്റെ ശുചിത്വ പ്രവർത്തനങ്ങൾക്കും ‘ഭൂമി’ പദ്ധതിയുടെ ഭാഗമായുള്ള സുസ്ഥിരവികസന പദ്ധതികൾക്കും ഏറെ പ്രചോദനം പകരുന്നതാണ്.




Leave a Reply