തദ്ദേശ തെരഞ്ഞെടുപ്പിലെ വിഭാഗീയത: ഏഴ് മുസ്ലിം ലീഗ് നേതാക്കൾക്ക് താക്കീത്
കൽപ്പറ്റ: കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട് വയനാട് ജില്ലയിലെ ഏഴ് പ്രമുഖ മുസ്ലിം ലീഗ് നേതാക്കൾക്ക് പാർട്ടിയുടെ താക്കീത്. കൽപ്പറ്റ നഗരസഭാ തെരഞ്ഞെടുപ്പിലെ നിസ്സഹകരണ നിലപാടുകളുമായി ബന്ധപ്പെട്ടാണ് നേതാക്കളെ പാർട്ടി ശാസിച്ചത്. ആരോപണവിധേയരായ നേതാക്കൾ കുറ്റം സമ്മതിക്കുകയും മാപ്പപേക്ഷ നൽകുകയും ചെയ്തതിനെ തുടർന്നാണ് കടുത്ത നടപടികളിലേക്ക് പോവാതിരുന്നതെന്നാണ് വിവരം.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യു.ഡി.എഫ് തരംഗം ആഞ്ഞു വീശിയപ്പോഴും മുന്നണി ഭരിച്ചിരുന്ന കൽപറ്റ നഗരസഭ നഷ്ടപ്പെടാൻ കാരണം വിഭാഗീയതയാണെന്ന് അന്നുതന്നെ ആരോപണം ഉയർന്നിരുന്നു. മുനിസിപ്പൽ പരിധിയിലെ ചില നേതാക്കൾ തെരഞ്ഞെടുപ്പിൽ നിസ്സഹകരണ നിലപാട് സ്വീകരിക്കുകയും പാർട്ടി കുത്തകയായ ചില വാർഡുകളിൽ സ്ഥാനാർഥികൾ പരാജയപ്പെടാൻ കാരണമാവുകയും ചെയ്തുവെന്നാണ് കണ്ടെത്തൽ.
തെരഞ്ഞെടുപ്പിന് ശേഷം വ്യാപക പരാതി ഉയർന്നതിനെ തുടർന്ന് മുസ്‌ലിം ലീഗ് മുനിസിപ്പൽ കമ്മിറ്റി പിരിച്ചുവിടുകയും അഡ്ഹോക്ക് കമ്മിറ്റി രൂപവത്കരിക്കുകയും ചെയ്തിരുന്നു. തുടർന്ന് പരാതി അന്വേഷിക്കുന്നതിന് ജില്ലാ സെക്രട്ടറി പി.പി. അയൂബ്, നിലവിലെ വൈസ് പ്രസിഡൻ്റ് എം.സി.എം. ജമാൽ, മണ്ഡലം ഭാരവാഹി കടവത്ത് ഹംസ എന്നിവരടങ്ങിയ മൂന്നംഗ സമിതിയെ ജില്ലാ കമ്മിറ്റി ചുമതലപ്പെടുത്തി. ഈ സമിതി നടത്തിയ അന്വേഷണത്തിലാണ് തെരഞ്ഞെടുപ്പ് തോൽവിക്ക് ഏഴ് നേതാക്കൾ ഉത്തരവാദികളാണെന്ന് കണ്ടെത്തിയത്.
മത്സരിച്ച 12 സീറ്റിൽ അഞ്ച് സീറ്റിലാണ് ലീഗ് പരാജയപ്പെട്ടത്. ഇതിൽ മൂന്ന് സീറ്റ് മുസ്‌ലിം ലീഗ് കോട്ടയായിട്ടും പരാജയപ്പെടാൻ കാരണം നേതാക്കളുടെ നിസ്സംഗ നിലപാടാണെന്നാണ് വിലയിരുത്തൽ. തുടർന്ന് ഇവർക്കെതിരെ നടപടി ആവശ്യപ്പെട്ടെങ്കിലും തെറ്റ് സമ്മതിച്ച് ഇവർ മാപ്പപേക്ഷ നൽകിയതോടെ നടപടി താക്കീതിൽ ഒതുക്കുകയായിരുന്നു. പാർട്ടിയുടെ ജില്ലാ, മണ്ഡലം, മുനിസിപ്പൽ ഭാരവാഹികളും യൂത്ത് ലീഗ്, എസ്.ടി.യു ജില്ലാ ഭാരവാഹികളുമായ ഏഴ് പേർക്കാണ് വിഭാഗീയതയുടെ പേരിൽ താക്കീത് നൽകിയത്. മാപ്പപേക്ഷയെ തുടർന്ന് പിരിച്ചുവിട്ട മുനിസിപ്പൽ കമ്മിറ്റി പുനർജീവിപ്പിക്കുകയും ചെയ്തിട്ടുണ്ട്.




Leave a Reply