കൽപ്പറ്റ ബോർഡ് സ്കൂളിൽ പൂർവ്വവിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു; പൂർവ്വവിദ്യാർത്ഥി അസോസിയേഷൻ രൂപീകരിച്ചു
കൽപ്പറ്റ: കൽപ്പറ്റയിലെ ആദ്യകാല വിദ്യാലയവും 1905-ൽ സ്ഥാപിതവുമായ ബോർഡ് സ്കൂളിൽ (കൽപ്പറ്റ ഗവൺമെന്റ് എൽ.പി സ്കൂൾ) ‘തിരികെ സ്‌കൂളിലേക്ക്’ എന്ന പേരിൽ പൂർവ്വവിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. ബാല്യകാല ഓർമ്മകൾ പങ്കുവെക്കാനും മാതൃവിദ്യാലയത്തിന്റെ വികസനത്തിന് കരംകോർക്കാനുമായി നിരവധി പൂർവ്വവിദ്യാർത്ഥികളും മുൻ അധ്യാപകരും മുൻ പിടിഎ ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു. നഗരമധ്യത്തിൽ ചുറ്റുഭാഗവും കെട്ടിടങ്ങളാൽ വീർപ്പുമുട്ടുന്ന വിദ്യാലയത്തിന്റെ നിലവിലെ അവസ്ഥ പരിഹരിക്കുന്നതിനായി, സ്കൂൾ കൂടുതൽ സൗകര്യപ്രദമായ അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റപ്പെടാൻ പോകുന്ന സാഹചര്യത്തിലാണ് ഈ കൂട്ടായ്മ ചേർന്നത്. ചടങ്ങ് മുൻസിപ്പൽ കൗൺസിലർ ഗിരീഷ് കൽപ്പറ്റ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.ടി. മെഹബൂബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രോഗ്രാം കമ്മറ്റി കൺവീനർ കെ. രഞ്ജിത്ത്, മുൻ അധ്യാപകരായ സെലീന ടീച്ചർ, ട്രീസ ടീച്ചർ, അശോകൻ മാസ്റ്റർ, ശോഭന ടീച്ചർ, പൂർവ്വവിദ്യാർത്ഥികൾ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. സ്കൂൾ പ്രധാനാധ്യാപിക ബിന്ദു തോമസ് നന്ദി പറഞ്ഞു. സ്കൂളിന്റെ തുടർപ്രവർത്തനങ്ങൾക്കായി ചടങ്ങിൽ വെച്ച് പൂർവ്വവിദ്യാർത്ഥി അസോസിയേഷൻ ഔദ്യോഗികമായി രൂപീകരിക്കുകയും പൂർവ്വവിദ്യാർത്ഥിയും മുൻ പിടിഎ പ്രസിഡന്റും നഗരസഭാ കൗൺസിലറുമായ ഗിരീഷ് കൽപ്പറ്റയെ പ്രസിഡന്റായും ഗ്ലാഡ്സനെ സെക്രട്ടറിയായും തിരഞ്ഞെടുക്കുകയും ചെയ്തു.




Leave a Reply