‘പ്രിൻസിപ്പൽ മദ്യപിച്ചെന്ന് പറഞ്ഞിട്ടില്ല’; ആരോപണം നിഷേധിച്ച് മീനങ്ങാടി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ
കൽപ്പറ്റ: മീനങ്ങാടി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ മദ്യപിച്ചെന്ന ആരോപണം വിദ്യാർഥികൾ നിഷേധിച്ചു. പ്രിൻസിപ്പൽ മദ്യപിച്ചെന്ന് തങ്ങൾ പറഞ്ഞിട്ടില്ലെന്നും ഇക്കാര്യം ആരാണ് പറഞ്ഞതെന്ന് അറിയില്ലെന്നും വിദ്യാർഥികൾ വ്യക്തമാക്കി. കൽപ്പറ്റയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിദ്യാർഥികൾ.
ടൂർ കഴിഞ്ഞ് മടങ്ങുന്നതിനിടെ പി.ടി.എ. പ്രസിഡന്റ് മദ്യപിച്ച് വാഹനത്തിൽ കയറിയെന്നും വാഹനത്തിൽ രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടെന്നും വിദ്യാർഥികൾ പറഞ്ഞു. ഇക്കാര്യം പ്രിൻസിപ്പലിനെ അറിയിച്ചതിനെത്തുടർന്ന് നടപടി ഉണ്ടായി. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്ന കാര്യം അറിയില്ലെന്നും വിദ്യാർഥികൾ പ്രതികരിച്ചു.
സ്‌കൂൾ വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചെത്തിയതായി ആരോപണം ഉയർന്നിരുന്നു. വയനാട് മീനങ്ങാടി ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളാണ് കഴിഞ്ഞ ദിവസം അധികൃതർക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ഹൈദരാബാദിലേക്ക് നടത്തിയ വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പൽ ഷിവി കൃഷ്ണനും പിടിഎ പ്രസിഡന്റ് എസ്.ഹാജിസും മദ്യലഹരിയിലായിരുന്നെന്നാണ് വിദ്യാർഥികൾ പറയുന്നത്. സംഭവത്തെ തുടർന്ന് പ്രതിഷേധവുമായി രക്ഷിതാക്കളും രംഗത്തെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബസിൽ നിന്നുള്ള ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
സംഭവത്തെ തുടർന്ന് ഹയർ സെക്കൻഡറി ജില്ലാ കോ-ഓർഡിനേറ്റർ ഡോ. പി.എ. ജലീൽ സ്കൂളിലെത്തി. സ്ഥാപനവും വിദ്യാർഥികളുമാണ് പ്രധാനമെന്നും നിഷ്പക്ഷമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.




Leave a Reply