വയനാട്ടിലെ മെഡിക്കൽ കോളേജിനോട് എൽ.ഡി.എഫിനും യു.ഡി.എഫിനും സമാന നിലപാട്; ആക്ഷൻ കൗൺസിൽ
ബത്തേരി: മടക്കിമലയിൽ വയനാട് മെഡിക്കൽ കോളേജ് സ്ഥാപിക്കുന്ന വിഷയത്തിൽ എൽ.ഡി.എഫും യു.ഡി.എഫും ജനങ്ങളെ വഞ്ചിക്കുകയാണെന്ന് ജനകീയ ആക്ഷൻ കൗൺസിൽ ആരോപിച്ചു. മെഡിക്കൽ കോളേജ് മടക്കിമലയിൽനിന്ന് മാനന്തവാടിയിലേക്ക് മാറ്റിയതിനു പിന്നിൽ രാഷ്ട്രീയ താൽപര്യങ്ങളും സ്വകാര്യ മെഡിക്കൽ ലോബികളുടെ ഇടപെടലുമാണെന്നും കൗൺസിൽ ആരോപിച്ചു.
മടക്കിമലയിലെ 50 ഏക്കർ ഭൂമിയിൽ പരിസ്ഥിതി പ്രശ്നങ്ങളും ചരിവുമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ പദ്ധതി മാനന്തവാടിയിലേക്ക് മാറ്റിയത്. എന്നാൽ, ലോകായുക്തയിൽ സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ മാനന്തവാടിയിൽ മെഡിക്കൽ കോളേജിനായി നിലവിൽ ലഭ്യമായ സ്ഥലം പര്യാപ്തമല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് ആക്ഷൻ കൗൺസിൽ ചൂണ്ടിക്കാട്ടി. മതിയായ അനുമതികളും ലൈസൻസുകളും ഫയർ എൻ.ഒ.സിയും ഇല്ലാത്ത കെട്ടിടത്തിലാണ് കോളേജ് താൽക്കാലികമായി പ്രവർത്തിക്കുന്നതെന്നും ആരോപിച്ചു.
നാഷണൽ മെഡിക്കൽ കമ്മീഷന്റെ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി മാനന്തവാടിയിലെ നിക്ഷിപ്ത വനഭൂമി ഏറ്റെടുക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും പ്രശ്നങ്ങളില്ലാത്ത 50 ഏക്കർ സൗജന്യമായി ലഭിച്ചിട്ടും അത് ഉപയോഗിക്കാത്തത് ജനവഞ്ചനയാണെന്നും കൗൺസിൽ പറഞ്ഞു.
വിഷയത്തിൽ യു.ഡി.എഫ് ജനപ്രതിനിധികളായ സിദ്ദിഖും എം.എൽ.എ ഐ.സി. ബാലകൃഷ്ണനും ഇടപെടുന്നില്ലെന്നും കൗൺസിൽ ആരോപിച്ചു. ഇതിനെതിരെ സുൽത്താൻ ബത്തേരി എം.എൽ.എയുടെ ഓഫീസിലേക്ക് ജനകീയ ആക്ഷൻ കൗൺസിൽ മാർച്ചും ധർണയും നടത്തി.
അസംപ്ഷൻ ആശുപത്രി പരിസരത്തുനിന്ന് ആരംഭിച്ച മാർച്ച് എം.എൽ.എയുടെ ഓഫീസിന് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ പ്രസിഡന്റ് കെ.എം. പ്രേമലതയുടെ അധ്യക്ഷതയിൽ മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് മെഡിക്കൽ മിഷൻ സെക്രട്ടറി റവ. ഫാദർ അബ്രഹാം മാത്യു കോർ എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു.
ലോകായുക്തയിലെ കേസിന്റെ വിശദാംശങ്ങൾ മുഖ്യരക്ഷാധികാരി അഡ്വ. വി.പി. എൽദോ അവതരിപ്പിച്ചു. ചെയർമാൻ ഡോ. എം. ബാലകൃഷ്ണൻ, എസ്.എച്ച്.ആർ.പി.സി ജില്ലാ സെക്രട്ടറി കെ.വി. ഗോകുൽദാസ്, അഡ്വ. എസ്.എ. നസീർ, കെ.എം. ശ്രീധരൻ, കെ.വി. പ്രകാശൻ, അഡ്വ. സിസ്റ്റർ ലൂസി കളപ്പുര, യാസിൻ ഒമർ, വർഗീസ് വട്ടേക്കാട്, പി.പി. വാസുദേവൻ, ഫാസ്ന എരുമാട് എന്നിവർ പ്രസംഗിച്ചു.




Leave a Reply