ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; വയനാട്ടിൽ ലോയേഴ്സ് ഫോറത്തിന്റെ പ്രതിഷേധം
കൽപ്പറ്റ: കേന്ദ്ര ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെ തൽസ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് കേരള ലോയേഴ്സ് ഫോറം വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ പേരിൽ കോടിക്കണക്കിന് വോട്ടുകൾ നിയമവിരുദ്ധമായി വെട്ടിമാറ്റിയെന്നാരോപിച്ചായിരുന്നു സമരം. വയനാട് ജില്ലാ കോടതിക്ക് മുമ്പിലായിരുന്നു പ്രതിഷേധം.
ലോയേഴ്സ് ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എം.സി.എം. ജമാൽ സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ. എ.പി. മുസ്തഫ അധ്യക്ഷത വഹിച്ചു.
രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാൻ ചീഫ് ഇലക്ഷൻ കമ്മീഷണർ കൂട്ടുനിന്നുവെന്നും വോട്ടർ പട്ടിക നവീകരണത്തിന്റെ പേരിൽ രാജ്യത്താകെ 13 കോടിയോളം വോട്ടുകൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വെട്ടിമാറ്റിയെന്നും സമരക്കാർ ആരോപിച്ചു. നിഷ്പക്ഷവും കുറ്റമറ്റതുമായ തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കപ്പെടുന്നത് രാജ്യത്തിന്റെ ജനാധിപത്യത്തിന് ഭീഷണിയാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
ചീഫ് ഇലക്ഷൻ കമ്മീഷണറെ തിരഞ്ഞെടുക്കുന്നതിനുള്ള സമിതിയിൽനിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയതും കമ്മീഷണറുടെ നടപടികൾക്കെതിരെ അന്വേഷണം നടത്താൻ കഴിയാത്തവിധം നിയമപരിരക്ഷ നൽകിയതും തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും യോഗം ആരോപിച്ചു. കർണാടകയിൽനിന്ന് പുറത്തുവരുന്ന വാർത്തകളും ആശങ്കാജനകമാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. മുനവറലി സാദത്ത് സ്വാഗതവും ട്രഷറർ അഡ്വ. ജമീല പി. നന്ദിയും പറഞ്ഞു. ഭാരവാഹികളായ അഡ്വ. സാലിഹ, അഡ്വ. അസീസ്, അഡ്വ. കാദർ, അഡ്വ. നിതാ ഖാൻ, അഡ്വ. ഷബാന, അഡ്വ. നൗഫൽ തുടങ്ങിയവർ സംസാരിച്ചു.




Leave a Reply