മീനങ്ങാടി സ്കൂൾ വിനോദയാത്രാ മദ്യപാന വിവാദം; ബാറിലെ വിഡിയോ ദൃശ്യങ്ങളിൽ മൗനം
ബത്തേരി: മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിനോദയാത്രാ മദ്യപാന വിവാദത്തിൽ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടും തുടർപ്രതികരണങ്ങളില്ല. ബാറിൽ പ്രവേശിക്കുന്ന പ്രിൻസിപ്പൽ ഷിവികൃഷ്ണന്റെയും പി.ടി.എ പ്രസിഡന്റ് ഹാജിസിന്റെയും ദൃശ്യങ്ങൾ യു.ഡി.എഫ് പുറത്തുവിട്ടതോടെ വിവാദം പുതിയ തലത്തിലെത്തിയെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ എല്ലാ ഭാഗത്തുനിന്നും മൗനമാണ്. ദൃശ്യങ്ങൾ പുറത്തുവന്നതോടെ നേരത്തെ പ്രിൻസിപ്പലിനെയും പി.ടി.എ പ്രസിഡന്റിനെയും അനുകൂലിച്ച് രംഗത്തുവന്നവരും ഇപ്പോൾ പ്രതികരിക്കുന്നില്ല.
കഴിഞ്ഞ 25ന് ഞായറാഴ്ചയാണ് വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടെ 130ലേറെപ്പേർ ഹൈദരാബാദിലേക്ക് വിനോദയാത്ര പോയത്. തിരിച്ചുവരുംവഴിയാണ് പി.ടി.എ പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ മദ്യപിച്ചുവെന്ന ആരോപണം വിദ്യാർഥികൾ ഉന്നയിക്കുന്നത്. വിനോദയാത്ര സംഘം സ്കൂളിൽ എത്തിയതോടെ പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ സ്കൂൾഗേറ്റിൽ ഏതാനും രക്ഷിതാക്കൾ തടഞ്ഞു. തുടർന്ന് പ്രിൻസിപ്പലിന്റെ രക്തപരിശോധന ഫലം നെഗറ്റീവായതോടെ ഇടതു സൈബർ മേഖലയിൽനിന്ന് വലിയ രീതിയിലുള്ള ആക്രമണം ബസിൽ വിഡിയോ ചിത്രീകരിച്ച വിദ്യാർഥികൾക്കും പ്രതിഷേധിച്ച രക്ഷിതാക്കൾക്കും നേരെയുണ്ടായി. ഇതിനിടയിൽ വിനോദയാത്രയിലെ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന ആരോപണത്തിൽ ഷിവി കൃഷ്ണനെ ഹയർ സെക്കൻഡറി വകുപ്പ് സ്ഥലംമാറ്റി. ഇതോടെ വിദ്യാർഥികൾ സ്കൂളിൽ സമരംചെയ്യുന്ന സാഹചര്യവുമുണ്ടായി.
പിന്നീട്, ആരോപണവിധേയർ തീർത്തും നിരപരാധികളാണെന്ന് വരുത്തി തീർക്കാനുള്ള കൂട്ടായ ശ്രമം സമൂഹമാധ്യമങ്ങളിൽ സജീവമായി. ഹയർ സെക്കൻഡറി അധ്യാപകരുടെ ഇടതു സംഘടന മീനങ്ങാടിയിൽ വലിയ പ്രതിഷേധ പ്രകടനം നടത്തി. പ്രിൻസിപ്പലിനെ ഗേറ്റിൽ തടഞ്ഞ യു.ഡി.എഫിന്റെ ഏതാനും നേതാക്കളെ ഉൾപ്പെടുത്തി മോശപ്പെട്ട രീതിയിലുള്ള പ്രചാരണവുമുണ്ടായി. ഇതോടെയാണ് ഹൈദരാബാദിലെത്തി അന്വേഷണം നടത്താൻ മീനങ്ങാടിയിലെ യു.ഡി.എഫ് നേതൃത്വം തീരുമാനിച്ചത്. ഏതാനും വിദ്യാർഥികളിൽനിന്ന് വിശദമായി കാര്യങ്ങൾ മനസ്സിലാക്കി ദൃശ്യശേഖരണത്തിനായി യു.ഡി.എഫ് സംഘം ഹൈദരാബാദിലെത്തി.
ഹൈദരാബാദ് നമ്പള്ളി എന്ന സ്ഥലത്തെ ഒരു കെട്ടിടത്തിലെ ബാറിലേക്ക് പി.ടി.എ പ്രസിഡന്റ് ഹാജിസും പ്രിൻസിപ്പൽ ഷിവി കൃഷ്ണനും കയറുന്നതും കുറച്ചുസമയത്തിനുശേഷം പുറത്തിറങ്ങി പോകുന്നതുമാണ് ദൃശ്യത്തിലുള്ളത്. ബില്ല് തുകയായി 1100 രൂപ പി.ടി.എ പ്രസിഡന്റ് സ്വന്തം അക്കൗണ്ടിൽനിന്ന് എ.ടി.എം കാർഡ് ഉപയോഗിച്ച് ബാറിൽ കൊടുത്തുവെന്ന് യു.ഡി.എഫ് പ്രവർത്തകർ പറയുന്നു.
പൊലീസ് സൂപ്രണ്ടിന് പരാതി കൊടുക്കപ്പെട്ട സാഹചര്യത്തിൽ പൊലീസ് അന്വേഷണവും നടക്കുമോയെന്നാണ് എല്ലാവരും നോക്കുന്നത്. പി.ടി.എ പ്രസിഡന്റാണ് മദ്യപിച്ചതെന്നും താൻ നിരപരാധിയാണെന്നുമായിരുന്നു പ്രിൻസിപ്പലിന്റെ വിശദീകരണം. എന്നാൽ, ബാർ ദൃശ്യം സംബന്ധിച്ച് പ്രിൻസിപ്പൽ വിശദീകരണം നൽകിയിട്ടുമില്ല. ആരോപണവിധേയരുടെ വിശദീകരണവും പൊലീസിന്റെ അന്വേഷണവുമാണ് ഇനി വരാനുള്ളത്.




Leave a Reply