ഡാമുകളുടെ ജലാശയത്തോട് ചേർന്നുള്ള നിർമാണ പ്രവൃത്തികൾക്ക് നിയന്ത്രണം
അമ്പലവയൽ ∙ ജലസേചന വകുപ്പിന് കീഴിലെ ഡാമുകളുടെ ജലാശയത്തോട് ചേർന്നുള്ള നിർമാണ പ്രവൃത്തികൾക്ക് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ജില്ലയിൽ കാരാപ്പുഴ ഡാം ജലാശയത്തിനോട് ചേർന്നുള്ള നിർമാണ പ്രവർത്തികൾക്കും ഇൗ നിയന്ത്രണങ്ങൾ ബാധകമാകും. പരമാവധി ജലനിരപ്പിൽ നിന്ന് 20 മീറ്റർ ദൂരം, 100 മീറ്റർ ദൂരം എന്നിങ്ങനെ 2 കാറ്റഗറിയായി തിരിച്ചാണ് ജലാശയങ്ങളോട് ചേർന്നുള്ള നിർമാണത്തിന് പുതിയ ബഫർസോണുകൾ പ്രഖ്യാപിച്ചത്. ജലാശയങ്ങളോട് ചേർന്നുള്ള ആദ്യത്തെ സോണിൽ നിർമാണ പ്രവൃത്തികൾ പൂർണമായും വിലക്കിയാണ് പുതിയ ബഫർ സോൺ. 20 മീറ്റർ ദൂരമുള്ള ആദ്യ ബഫർ സോണാണിത്. ഡാമിലെ പരമാവധി ജലനിരപ്പിന്റെ അരികിൽ നിന്ന് 20 മീറ്റർ ദൂരത്തിൽ ഒരു നിർമാണ പ്രവൃത്തിയും അനുവദിക്കില്ല.
ശേഷം വരുന്ന രണ്ടാമത്തെ കാറ്റഗറിയിൽ ഡാമിന്റെ സുരക്ഷയെ ബാധിക്കാത്ത തരത്തിലുള്ള നിർമാണ പ്രവൃത്തികളാകാം. പരമാവധി ജലപരിധിയുടെ 100 മീറ്റർ ദൂരത്തിലുള്ള ഇൗ സോണിൽ നിയന്ത്രണങ്ങളോടെയുള്ള നിർമാണത്തിനാണ് അനുമതി. ഇവിടെ അനുമതിയോടെ വീട്, റിസോർട്ട്, ഹോട്ടൽ, വാസസ്ഥലങ്ങൾ എന്നിവ നിർമിക്കാം. ഡാമിന്റെ ചുമതലയുള്ള അധികാരിയുടെ എൻഒസി ലഭ്യമായാൽ മാത്രമേ പ്രവൃത്തി നടത്താൻ സാധിക്കൂ. ഇവിടെ നിർമിക്കുന്ന കെട്ടിടങ്ങൾക്ക് 10 മീറ്ററിലധികം ഉയരവും പാടില്ല. എന്നാൽ ഇൗ സോണിൽ കച്ചവടകേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യവസായശാലകൾ, ആശുപത്രികൾ തുടങ്ങിയവ നിർമിക്കാനും അനുവദിക്കില്ല. 100 മീറ്റർ പരിധിയിൽ മാലിന്യങ്ങൾ നിക്ഷേപിക്കാനോ ഖനന പ്രവൃത്തികൾ നടത്താനോ അനുമതിയില്ല.
ഡാമിന്റെ അരികിലെ നിർമാണ പ്രവൃത്തികൾക്ക് അനുമതി നൽകുന്നതിന് നിലവിലുണ്ടായിരുന്ന സമിതി പിരിച്ചുവിട്ടശേഷമാണ് പുതിയ മാനദണ്ഡം പുറത്തിറങ്ങിയത്. ജലവിഭവ വകുപ്പ്, കെഎസ്ഇബി, വനം, മലിനീകരണ നിയന്ത്രണ ബോർഡ്, സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് എന്നിവയിൽ നിന്നുള്ളവരടങ്ങിയ സമിതിയാണ് ഇതുവരെയുള്ള ഡാമുകളുടെ ജലാശയങ്ങളോട് ചേർന്നുള്ള മേഖലകളിലെ നിർമാണ പ്രവൃത്തികൾക്കുള്ള അനുമതി നൽകിയിരുന്നത്.ഇൗ സമിതിയെയാണ് പിരിച്ച് വിട്ടത്.
എന്നാൽ ഡാമിന്റെ ജലാശയമുള്ള പ്രദേശങ്ങൾ പഞ്ചായത്തുകളുടെ പരിധിയിലാണെങ്കിൽ പഞ്ചായത്ത് കെട്ടിട നിർമാണ ചട്ടങ്ങളെല്ലാം നിർമാണ പ്രവൃത്തികൾക്ക് ബാധകമാണെന്നും നിർദേശത്തിലുണ്ട്. നിലവിൽ കാരാപ്പുഴ ഡാമിന്റെ ജലാശയത്തോട് ചേർന്നുള്ള പ്രദേശങ്ങൾ നിയന്ത്രണങ്ങളോ അനുമതിയോ ബാധകമാകാതെ ഒട്ടേറെ നിർമാണ പ്രവൃത്തികൾ നടക്കുന്നുണ്ടെങ്കിലും അതിനെതിരെ അധികൃതരുടെ ഭാഗത്തുനിന്ന് നടപടികളുണ്ടാവാറില്ല.





Leave a Reply