സിപിഎം നേതാവിന്റെ വിവാദ പരാമർശം; വയനാട് ജില്ലയിൽ വ്യാപക പ്രതിഷേധം
പനമരം∙ ആദിവാസി വനിതയെ പ്രസിഡന്റ് ആക്കിയെന്ന സിപിഎം നേതാവിന്റെ വിവാദ പരാമർശത്തിനെതിരെ ജില്ലയിൽ പ്രതിഷേധം കനക്കുന്നു. ആദിവാസി സമൂഹത്തെ ഒന്നടങ്കം ആക്ഷേപിച്ച സിപിഎം ജില്ലാ കമ്മിറ്റിയംഗം എ.എൻ. പ്രഭാകരനെതിരെ നടപടി ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ്, യൂത്ത് ലീഗ്, കോൺഗ്രസ്, ബിജെപി അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തി. പഞ്ചായത്തിലെ പ്രസിഡന്റ് പദവി അവിശ്വാസത്തിലൂടെ നഷ്ടപ്പെട്ടതോടെ സിപിഎമ്മിന്റെ മനോനില തെറ്റിയെന്ന് പനമരത്തെ യുഡിഎഫ് പ്രവർത്തകർ.
ആദിവാസി സമൂഹത്തെ അപമാനിച്ച സിപിഎം മാപ്പ് പറയണമെന്നും പനമരത്ത് സിപിഎമ്മിനെ നിയന്ത്രിക്കുന്നത് ലഹരിക്കടിപ്പെട്ട ഗുണ്ടകളാണെന്നും പഞ്ചായത്ത് പ്രസിഡന്റിനെ വർഗീയമായി അധിക്ഷേപിച്ച നടപടിക്കെതിരെ മനുഷ്യാവകാശ കമ്മിഷനും പൊലീസിനും പരാതി നൽകുമെന്നും യുഡിഎഫ് പ്രവർത്തകർ പറഞ്ഞു. സിപിഎം ജില്ലാ കമ്മിറ്റിയംഗം എ.എൻ. പ്രഭാകരന്റെ വിവാദ പ്രസംഗത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് പ്രവർത്തകർ ടൗണിൽ പ്രകടനം നടത്തി. വാസു അമ്മാനി, ബെന്നി അരിഞ്ചേർമല, എം.സി.സെബാസ്റ്റ്യൻ, കെ.അസീസ്, ടി.കെ.സുബൈർ, കെ.സുനിൽ എന്നിവർ പ്രസംഗിച്ചു.
ആദിവാസികളെ ഒന്നടങ്കം അധിക്ഷേപിച്ച സിപിഎം ജില്ലാ കമ്മിറ്റി അംഗം എ.എൻ.പ്രഭാകരനെതിരെ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസ് എടുക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കമുറ്റം. തന്നെ വംശീയമായാണ് സിപിഎം അധിക്ഷേപിച്ചത്. വർഗീയ ധ്രുവീകരണമാണ് സിപിഎം ലക്ഷ്യമെന്നും ആദിവാസി വിഭാഗത്തിൽപെട്ട തന്നെ അവഹേളിച്ച സിപിഎം നേതാവിന്റെ പരാമർശത്തിൽ എസ്എംഎസ് ഡിവൈഎസ്പിക്കും മനുഷ്യാവകാശ കമ്മിഷനിലും പരാതി നൽകുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കാമുറ്റം പറഞ്ഞു.
മുസ്‌ലിംകളെയും ആദിവാസികളെയും തമ്മിലടിപ്പിക്കുന്ന പ്രസ്താവന സിപിഎമ്മിന്റെ നിലപാടാണോ എന്ന് പാർട്ടി വ്യക്തമാക്കണം. ആദിവാസി വിഭാഗത്തിൽ പെട്ട തന്നെ അവഹേളിക്കുന്നതാണ് പരാമർശം. ആദിവാസി വിഭാഗക്കാർക്ക് ഉന്നത പദവിയിൽ എത്താൻ കഴിയില്ലേ? പിന്നാക്ക വിഭാഗക്കാരെ ഉയർത്തിക്കൊണ്ടു വരാൻ ശ്രമിക്കേണ്ടതിനു പകരം താഴ്ത്തിക്കെട്ടാനാണ് സിപിഎം ശ്രമിക്കുന്നത്. സിപിഎം നേതാവിന്റെ പ്രസ്താവനയോട് വലിയ അമർഷവും നീരസവുമുണ്ട്. സിപിഎം പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും ലക്ഷ്മി പറഞ്ഞു.





Leave a Reply