100 വീടുകളുമായി കെസിബിസി; പുനരധിവാസ പദ്ധതികളുമായി വിവിധ സംഘടനകള്‍
കല്‍പ്പറ്റ :വിലങ്ങാട്,പുഞ്ചിരിമട്ടം എന്നിവിടങ്ങളിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് പുനരധിവാസവുമായി വിവിധ സന്നദ്ധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും രംഗത്ത്.മാനന്തവാടി രൂപതയുടെ നിയന്ത്രണത്തിലുള്ള വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി 37 വീടുകളും, ബത്തേരി രൂപതയുടെ ശ്രേയസ്, കോഴിക്കോട് രൂപതയുടെ ജീവന എന്നിവ ബാക്കി വീടുകളും നിര്‍മിക്കും.കേരള കാത്തലിക് ബിഷപ്പ് കൗണ്‍സില്‍ പ്രഖ്യാപിച്ച 100 വീടുകളില്‍ 59 എണ്ണം വയനാട്ടിലാണ് നിര്‍മിക്കുന്നത്.മാനന്തവാടി,ബത്തേരി,കോഴിക്കോട് രൂപതകളുടെ സാമൂഹിക സേവന വിഭാഗങ്ങള്‍ മുഖേനയാണ് ജില്ലയില്‍ ഭവന നിര്‍മാണം നടത്തുന്നത്.
ദുരിതബാധിതര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതിനായി ബത്തേരി രൂപത പൂമലയില്‍ ഒരേക്കര്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോട് രൂപത എത്ര വീടുകള്‍ എവിടെ നിര്‍മിക്കുമെന്നതില്‍ ഉടന്‍ തീരുമാനം ഉണ്ടാകും. ദുരിതബാധിതരുടെ പുനരധിവാസത്തിനായി ബത്തേരി രൂപത പൂമലയില്‍ ഒരേക്കര്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്.വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി പുനരധിവാസ പദ്ധതി ഗുണഭോക്താക്കളെ തെരഞ്ഞെടുത്തു കഴിഞ്ഞു. ഒരു കുടുംബത്തിന് തോമാട്ടുചാലില്‍ 10 സെന്റില്‍ 1,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടിന്റെ പണി ആരംഭിച്ചു. വാഴവറ്റയില്‍ വിലയ്ക്കു വാങ്ങിയ നാല് ഏക്കറിലാണ് 36 വീടുകള്‍ നിര്‍മിക്കുക.
സംസ്ഥാന സര്‍ക്കാര്‍ പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നവരുടെ പൂര്‍ണ അന്തിമ പട്ടിക പുറത്തുവിടുന്ന മുറയ്ക്ക് ബത്തേരി, കോഴിക്കോട് രൂപതകള്‍ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കും. ദുരന്തബാധിതരുടെ പുനരധിവാസത്തിന് ബത്തേരി രൂപത പൂമലയില്‍ ഒരേക്കര്‍ സ്ഥലം കണ്ടെത്തിയതായി ശ്രേയസ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ.ഡേവിഡ് ആലിങ്കല്‍ പറഞ്ഞു. കോഴിക്കോട് രൂപത എത്ര വീടുകള്‍ എവിടെ നിര്‍മിക്കുമെന്നതില്‍ അന്തിമ തീരുമാനം ഉടനുണ്ടാകുമെന്ന് വികാരി ജനറാള്‍ മോണ്‍.ജെന്സണ് പുത്തന്‍വീട്ടില്‍, ജീവന എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ.വി.സി. ആല്‍ഫ്രഡ് എന്നിവര്‍ അറിയിച്ചു.വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി പുനരധിവാസത്തിന് തെരഞ്ഞെടുത്തതില്‍ അഞ്ച് കുടുംബങ്ങള്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച പട്ടികയില്‍ ഉള്‍പ്പെടുന്നവരാണ്. വിവിധ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും തയാറാക്കുന്ന ഗുണഭോക്തൃ പട്ടികകളില്‍ ഇരട്ടിപ്പ് ഒഴിവാക്കുന്നതിന് ഇന്റര്‍ ഏജന്‍സി ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുണ്ട്.
ദുരന്തബാധിതര്‍ക്ക് വീട് നിര്‍മിച്ചു നല്‍കാമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും അറിയിച്ചിട്ടുണ്ട്. രാഹുല്‍ഗാന്ധി എം.പി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവര്‍ 100 വീടുകള്‍ വീതം വാഗ്ദാനം ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ സ്ഥലം ലഭ്യമാക്കിയാല്‍ 200 വീടുകളുടെ നിര്‍മാണം സമയബന്ധിതമായി നടത്തുമെന്ന് വയനാട് ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന് പറഞ്ഞു. 100 വീടുകള്‍ വാഗ്ദാനം ചെയ്ത മുസ്ലിം ലീഗ് ഭവന നിര്‍മാണത്തിന് മേപ്പാടി പഞ്ചായത്തിലെ മുക്കംകുന്നില്‍ 14 ഏക്കര്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്.പീപ്പിള്‍സ് ഫൗണ്ടേഷന് 30 കുടുംബങ്ങളുടെ പുനരധിവാസമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഫൗണ്ടേഷന് വാഴവറ്റ ഏഴാംചിറയില്‍ നാല് ഏക്കര്‍ സ്ഥലം വാങ്ങി ഭവന പദ്ധതിക്ക് തുടക്കമിട്ടു. സേവാഭാരതി മേപ്പാടി നത്തംകുനിയില്‍ 4.5 ഏക്കര്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഫിലോകാലിയ ഫൗണ്ടേഷന് ജില്ലയില്‍ 11 വീടുകള്‍ നിര്‍മിച്ച് താക്കോല്‍ദാനം നടത്തി. അമ്പലവയല്‍, സീതാമൗണ്ട് എന്നിവിടങ്ങളിലായി ഒമ്പത് വീടുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്.





Leave a Reply