May 8, 2026

ഭവനരഹിതര്‍ക്കുളള ഭൂമി കൈമാറ്റവും പുതിയ സണ്‍ഡേ സ്‌കൂള്‍ കെട്ടിടത്തിന്റെ വെഞ്ചരിപ്പും നാളെ 

0
Img 20250324 080058
By ന്യൂസ് വയനാട് ബ്യൂറോ

പുതിയിടംകുന്ന്. വി.ചാവറ കുര്യാക്കോസ് ഏലിയാസ് പളളിയുടെ നേതൃത്വത്തില്‍ ഭവനരഹിതരായ നാല് കുടുംബങ്ങള്‍ക്ക് ഭൂമി കൈമാറുന്നു. മാനന്തവാടി രൂപതയുടെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി ഇടവകാംഗമായ ലീല അറയ്ക്കല്‍ ഇഷ്ടദാനമായി നല്‍കിയ 50 സെന്റ് ഭൂമിയാണ് കൈമാറുന്നത്.നാളെ രാവിലെ പതിനൊന്ന്‌ മണിക്ക് പുതിയിടംകുന്ന് വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് പളളി അങ്കണത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, വെളളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍, എടവക പഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ്കുട്ടി ബ്രാന്‍ എന്നിവര്‍ ചേര്‍ന്ന് ഭൂമിയുടെ രേഖകള്‍ ഉടമകള്‍ക്ക് കൈമാറും. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ വീട് നഷ്ടമായ ഒരു കുടുംബം, മാനന്തവാടി, മീനങ്ങാടി, നടവയല്‍ എന്നിവിടങ്ങളില്‍ നിന്നുളള ഓരോ കുടുംബം എന്നിവര്‍ക്കാണ് ഭൂമി നല്‍കുന്നത്. ഉരുള്‍പൊട്ടലില്‍ വീട് നഷ്ടമായ കുടുംബത്തിന് മാനന്തവാടി രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ ഡബ്ല്യു.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ വീട് വെച്ച് നല്‍കും. ചടങ്ങില്‍ ലീല അറയ്ക്കലിനെ മെമന്റോ നല്‍കി ആദരിക്കും. പളളിയില്‍ പുതിയതായി നിര്‍മ്മിച്ച സണ്‍ഡേ സ്‌കൂള്‍ കെട്ടിടത്തിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും അന്നേ ദിവസം തന്നെ നടക്കും. മാനന്തവാടി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം വെഞ്ചരിപ്പ് കര്‍മ്മം നിര്‍വ്വഹിക്കും. രണ്ട് നിലകളിലായാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. സണ്‍ഡേ സ്‌കൂള്‍ ഒന്നാം ക്ലാസ്സിലേക്കും ബൈബിൾ നേഴ്സറിയിലേക്കുമുള്ള പ്രവേശനവും ഇതോടൊപ്പം ആരംഭിക്കും. മാനന്തവാടി രൂപത വികാരി ജനറാല്‍ മോണ്‍. പോള്‍ മുണ്ടോളിക്കല്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കല്ലോടി ഫൊറോന വികാരി ഫാ.സജി കോട്ടായില്‍, ഡബ്ല്യു.എസ്.എസ്.എസ് ഡയറക്ടര്‍ ഫാ.ജിനോജ് പാലത്തടത്തില്‍ എന്നിവരും സംബന്ധിക്കും.ഇടവക വികാരി ഫാ. ജസ്റ്റിൻ മുത്താനിക്കാട്ട്, കൈക്കാരന്മാരായ അനീഷ് കുറ്റിച്ചാലിൽ, തങ്കച്ചൻ മക്കോളിൽ, ഷാജു കുളത്താശ്ശേരി, ഷാദിൻ ചക്കാലക്കൂടി എന്നിവർ നേതൃത്വം നൽകും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *