റാമ്പുകളിലെ താരമായി നൈക ഷൈജിത്ത്
വെള്ളമുണ്ട: നഗരപ്രദേശങ്ങളിലെ കുട്ടികള്‍ മാത്രം പങ്കെടുക്കാറുള്ള ഫാഷന്‍ ഷോ റാമ്പുകളില്‍ തിളങ്ങി വെള്ളമുണ്ട സ്വദേശിനിയായ നൈക ഷൈജിത്ത്.ആറുമാസം മുമ്പുമാത്രം ഫാഷന്‍ രംഗത്തേക്ക് കാലെടുത്തുവച്ച വെള്ളമുണ്ട എ യുപി സ്കൂളിലെ ഈ കൊച്ചുമിടുക്കി ചുരുങ്ങിയ കാലം കൊണ്ട് ഡിസൈനര്‍ ഷോകളിലെ താരമായി.
ഇരുപത്തിയഞ്ചോളം റാമ്പുകളിലാണ് നൈക ഇതുവരെ ചുവടുവച്ചത്.വെള്ളമുണ്ട സ്വദേശിയും മുന്‍ മാധ്യമപ്രവര്‍ത്തകനും എടവക ഗ്രാമപഞ്ചായത്ത് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറുമായ വി.എം ഷൈജിത്തിന്റെയും വെള്ളമുണ്ട അല്‍ കറാമ സ്പെഷ്യല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ദിവ്യയുടെയും മകളാണ്. സഹോദരന് നൈതിക് വെള്ളമുണ്ട ഗവ. ഹൈസ്കൂള്‍ വിദ്യാര്‍ഥിയാണ്.
ഫാഷന്‍ ഷോകളിലെ മത്സര ഇനമായ പേജന്റ് ഷോകളേക്കാള്‍ കൂടുതലായി ഡിസൈനര്‍ ഷോകളിലാണ് നൈക പങ്കെടുക്കാറുള്ളത്.
എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബിയാട്രിക്സ് എന്ന മോഡലിംഗ് കമ്പനിയുടെ ഒഫീഷ്യല്‍ കിഡ്സ് മോഡലായ നൈക ഷൈജിത് നിരവധി ഡിസൈനര്‍ ഷോകളില്‍ ഷോ ഓപ്പണറായും ഷോ സ്റ്റോപ്പറായും പങ്കെടുക്കാറുണ്ട്. ബിയാട്രിക്സ് കമ്പനി സിഇഒയും റോയല്‍ മിസ് ഇന്ത്യ ഫസ്റ്റ് റണ്ണര്‍ അപ്പുമായ ഹിന എല്സയുടെ ശിക്ഷണത്തിലാണ് ഈ കൊച്ചുമിടുക്കി നേട്ടങ്ങള്‍ കൊയ്യുന്നത്.
ഇക്കാലയളവില്‍ അഞ്ച് പേജന്റ് ഷോകളില്‍ പങ്കെടുത്ത നൈക പെരിന്തല്‍മണ്ണയില്‍ നടന്ന ഗ്ലാം ഗാല 2025 ഫാഷന്‍ ഷോയില്‍ ടൈറ്റില്‍ വിന്നറായിരുന്നു. തിരുപ്പൂരില്‍ നടന്ന പ്രിന്‍സസ് പേള്‍ ഐക്കണ്‍ ഓഫ് ഇന്ത്യ മത്സരത്തില്‍ ഫസ്റ്റ് റണ്ണറപ്പായും തെരഞ്ഞെടുക്കപ്പെട്ടു. കുഞ്ചാക്കോ ബോബന് നായകനായി രതീഷ് ബാലകൃഷ്ണ പൊതുവാള് സംവിധാനം ചെയ്ത ഒരു ദുരൂഹ സാഹചര്യത്തില്‍ എന്ന സിനിമയിലെ ചെറിയ വേഷത്തിലൂടെ വെള്ളിത്തിരയിലേക്കും ചുവടുവയ്കുകയാണ് നൈക. ഒരു തമിഴ് സിനിമയില്‍ നായികയുടെ ചെറുപ്പകാലം അവതരിപ്പിക്കുന്നതിനുള്ള അവസരവും നൈകയെ തേടിയെത്തിയിട്ടുണ്ട്.





Leave a Reply