എല്‍സ്റ്റണ്‍ എസ്റ്റേറ്റ് തൊഴിലാളി വിഷയം പരിഹരിച്ചില്ലെങ്കില്‍ കടുത്ത പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കും സംയുക്ത ട്രേഡ് യൂണിയന്
കല്‍പ്പറ്റ : എല്‍സ്റ്റണ്‍ എസ്റ്റേറ്റ് തൊഴിലാളി വിഷയം മെയ് 15നകം വിഷയം പരിഹരിച്ചില്ലെങ്കില്‍ ഭൂമിയില്‍ പ്രവേശിച്ച് അവകാശം സ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള കടുത്ത പ്രക്ഷോഭങ്ങള്‍ക്ക് സംയുക്ത ട്രേഡ് യൂണിയന് നേതൃത്വം നല്‍കും. ഈ വിഷയം പരിഹരിക്കാത്ത പക്ഷം ഭൂമിയില്‍ പ്രവേശിച്ചും കുടില്‍ കെട്ടിയും കടുത്ത പ്രക്ഷോഭത്തിലേക്ക് പോകാന്‍ സംയുക്ത ട്രേഡ് യൂണിയന് തീരുമാനിച്ചു.ചുരല്‍മല മുണ്ടക്കൈ ദുരിതബാധിതരെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ എസ്റ്റേറ്റ് ഭൂമിയും ഫാക്ടറിയും ഏറ്റെടുത്തതോടെ തൊഴിലാളികളെ തെരുവില്‍ ഇറക്കി വിട്ടിരിക്കുകയാണ്. യോഗത്തില്‍ എന്‍ വേണുഗോപാല്‍ അധ്യക്ഷന്‍ ആയിരുന്നു. പി ഗഗാറിന്, പി പി ആലി, എന്‍ ഒ ദേവസ്യ, യു കരുണന്, കെ ടി ബാലകൃഷ്ണന്, ഗിരീഷ് കല്‍പ്പറ്റ തുടങ്ങിയവര്‍ സംസാരിച്ചു.
276 തൊഴിലാളികള്‍ ഉള്ള എസ്റ്റേറ്റിലെ തൊഴിലാളികളുടെ വിഷയങ്ങള്‍ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയന് തൊഴില്‍ വകുപ്പ് മന്ത്രി, റവന്യൂ വകുപ്പ് മന്ത്രി ലേബര്‍ കമ്മീഷണര്‍, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ലേബര്‍ കമ്മീഷണര്‍ ഏപ്രില്‍ 25ന് നടന്ന ചര്‍ച്ചയില്‍ അഡീഷണല്‍ ലേബര്‍ കമ്മീഷണറും ജോയിന്റ് ലേബര്‍ കമ്മീഷണറും പങ്കെടുത്ത ചര്‍ച്ചയില്‍ തൊഴിലാളികളുടെ വിഷയങ്ങള്‍ പരിഹരിക്കണമെന്ന് ഉറപ്പുനല്‍കിയെങ്കിലും വിഷയം പരിഹരിച്ചില്ല. പിന്നീട് രണ്ട് തവണയായി സബ് കലക്ടറും, ഏപ്രില്‍ 19ന് ജില്ലാ കലക്ടര്‍ യോഗം വിളിക്കുകയും ഏപ്രില്‍ 26ന് വീണ്ടും ചര്‍ച്ചചെയ്ത് വിഷയം പരിഹരിക്കുമെന്ന് പറഞ്ഞെങ്കിലും ചര്‍ച്ച നടക്കുകയോ തീരുമാനം ആവുകയോ ഉണ്ടായില്ല. ഏപ്രില്‍ 21ന് വയനാടിന്റെ ചുമതലയുള്ള മന്ത്രി ഒ ആര് കേളു ട്രേഡ് യൂണിയന് നേതാക്കളുമായി ചര്‍ച്ച നടത്തുകയും, കേരളത്തിലെ റവന്യൂ മന്ത്രി,തൊഴില്‍ വകുപ്പ് മന്ത്രി, ഒ ആര് കേളു എന്നിവരുടെ സംയുക്ത യോഗം ചേര്‍ന്ന് വിഷയം പരിഹരിക്കാന്‍ ഇടപെടാം എന്നും മന്ത്രി ഉറപ്പ് നല്കിയിരിന്നതാണ്. ഔദ്യോഗിക സംവിധാനങ്ങള്‍ വിളിച്ചു ചര്‍ച്ച നടത്തിയിട്ടും എടുത്ത തീരുമാനങ്ങള്‍ ഒന്നുപോലും നടപ്പാക്കിയിട്ടില്ല. ഇതില്‍ തൊഴിലാളികള്‍ കടുത്ത നിരാശയിലും അസംതൃപ്തിയിലും ആണ്. ഇതില്‍ പ്രതിഷേധിച്ചാണ് ഭൂമിയില്‍ പ്രവേശിച്ചും മറ്റും കടുത്ത സമരത്തിലേക്ക് പോകാന്‍ തീരുമാനിച്ചത്. തൊഴിലാളികള്‍ക്ക് കുടിശിക ഇനത്തില്‍ 13 കോടി രൂപയോളം ലഭിക്കാനുണ്ട്. ഇതിന് സര്‍ക്കാറും എസ്റ്റേറ്റ് ഉടമയും ഉത്തരവാദിയാണ്. ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തപ്പോള്‍ തൊഴിലാളികളുടെ ജോലി സംരക്ഷിക്കാന്‍ നടപടി സ്വീകരിച്ചിട്ടില്ല. തൊഴിലാളികളെ താമസസ്ഥലത്ത് നിന്നും ഇറക്കി വിടില്ല എന്ന് കലക്ടറും റവന്യൂ മന്ത്രിയും ഉറപ്പ് നല്‍കിയെങ്കിലും ഏഴ് ദിവസം കൊണ്ട് താമസസ്ഥലം ഒഴിയണമെന്ന് ജീവനക്കാര്‍ താമസിക്കുന്ന കോട്ടേഴ്സുകളില്‍ നോട്ടീസ് പതിക്കുകയും എസ്റ്റേറ്റ് ജീവനക്കാരെ ഇറക്കിവിടാന്‍ റവന്യൂ ജീവനക്കാര്‍ തയ്യാറായി വന്നിരിക്കുകയാണ്. തൊഴിലാളികള്‍ക്ക് വിവിധ ആനുകൂല്യങ്ങളിലായി 13 കോടി രൂപയോളം കുടിശ്ശിക നല്കാന് ഉണ്ട്.





Leave a Reply