June 18, 2026

1962 ലേക്ക് വിളിച്ചാല്‍ രാത്രികാല മൃഗ ചികിത്സ ഇനി വീട്ടുപടിക്കല്‍

0
uiui
By ന്യൂസ് വയനാട് ബ്യൂറോ

 

പനമരം: മൃഗസംരക്ഷണ ക്ഷീരമേഖലയിലെ കര്‍ഷകര്‍ക്ക് ആശ്വാസമായി രാത്രികാല മൃഗചികിത്സാ സേവനം വീട്ടുപടിക്കല്‍ ലഭ്യമാക്കുന്നപദ്ധതിക്ക് പനമരം ബ്ലോക്കില്‍ തുടക്കമായി. രാത്രികാലങ്ങളില്‍ വളര്‍ത്തുമൃഗങ്ങള്‍ക്കുണ്ടാകുന്ന അസുഖങ്ങള്‍ക്കും പ്രസവ സംബന്ധമായ അടിയന്തര സാഹചര്യങ്ങള്‍ക്കും ചികിത്സ ലഭിക്കുവാന്‍ ഇനി കേന്ദ്രീകൃത കോള്‍ സെന്റര്‍ സംവിധാനത്തോടുകൂടിയ 1962 എന്ന ടോള്‍ഫ്രീ നമ്പറിലേക്ക് വിളിച്ചാല്‍ മതിയാവും. വൈകിട്ട് 6 മണി മുതല്‍ പുലര്‍ച്ചെ 5 മണി വരെ വെറ്റിനറി യൂണിറ്റിന്റെ സേവനം കര്‍ഷകരുടെ വീട്ടുപടിക്കല്‍ ലഭ്യമാവും.പനമരം ബ്ലോക്ക് പരിധിയില്‍ ആരംഭിച്ച മൊബൈല്‍ വെറ്ററിനറി യൂണിറ്റിന്റെ ഉദ്ഘാടനവും ഫ്ളാഗ് ഓഫ് കര്‍മ്മവും പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തില്‍ ബത്തേരി എംഎല്‍എ ഐ .സി ബാലകൃഷ്ണന്‍ നിര്‍വഹിച്ചു.

പനമരം ബ്ലോക്കില്‍ ഉള്‍പ്പെട്ട പുല്‍പ്പള്ളി, പൂതാടി , മുള്ളന്‍കൊല്ലി, പനമരം, കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പരിധിയില്‍ ഈ പദ്ധതി പ്രകാരമുള്ള ചികിത്സാ സേവനം ലഭിക്കും. റീ ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി ശസ്ത്രക്രിയ സംവിധാനം ഉള്‍പ്പെടെയുള്ള 59 വെറ്റിനറി മൊബൈല്‍ യൂണിറ്റുകളാണ് സംസ്ഥാനത്ത് അനുവദിച്ചിട്ടുള്ളത്. 2025 ഏപ്രില്‍ 30ന് തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണിയും ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാലും ചേര്‍ന്നാണ് 59 ആംബുലന്‍സുകളുടെയും ഫ്ലാഗ് ഓഫ് കര്‍മ്മം നിര്‍വഹിച്ചത്.

വയനാട് ജില്ലയ്ക്ക് ശസ്ത്രക്രിയ സംവിധാനമുള്ള വെറ്റിനറി ആംബുലന്‍സ് ഉള്‍പ്പെടെ മൂന്ന് യൂണിറ്റുകളാണ് ലഭിച്ചിട്ടുള്ളത്.രണ്ടുവര്‍ഷം മുമ്പ് ലൈവ് സ്റ്റോക്ക് ഹെല്‍ത്ത് ആന്‍ഡ് ഡിസീസ് കണ്‍ട്രോള്‍ പ്രോഗ്രാമിന്റെ ഭാഗമായി ആരംഭിച്ച സുല്‍ത്താന്‍ബത്തേരി, മാനന്തവാടി ബ്ലോക്കുകളിലെ ഉച്ചയ്ക്കു ശേഷമുള്ള മൊബൈല്‍ വെറ്റിനറി യൂണിറ്റിന്റെ പ്രവര്‍ത്തനം രാത്രികാലത്തേക്ക് മാറ്റാനാണ് തീരുമാനം. പുതുതായി അനുവദിച്ച കല്‍പ്പറ്റ ബ്ലോക്കിലെ മൊബൈല്‍ വെറ്റിനറി യൂണിറ്റിന്റെ പ്രവര്‍ത്തനം അടുത്ത ആഴ്ച ആരംഭിക്കും. മെയ് അവസാനവാരത്തോടെ വയനാട് ജില്ലയിലെ എല്ലാ ബ്ലോക്കുകളിലും രാത്രികാല മൃഗ ചികിത്സാ സേവനം 1962 എന്ന ടോള്‍ഫ്രീ നമ്പറിലൂടെ ലഭ്യമാക്കാനും മൊബൈല്‍ വെറ്റിനറി യൂണിറ്റിന്റെ പ്രവര്‍ത്തനം കൃത്യമായി നിരീക്ഷിക്കാനും ചികിത്സാ ലഭ്യത പകല്‍പോലെ രാത്രിയിലും ഉറപ്പുവരുത്തുന്നതിനും മൃഗസംരക്ഷണ വകുപ്പ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ കൃഷ്ണന്‍ അധ്യക്ഷയായ ചടങ്ങില്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. കെ ബി ജിതേന്ദ്ര കുമാര്‍ പദ്ധതി വിശദീകരണം നടത്തി.പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. എസ്. ദിലീപ് കുമാര്‍, മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ വിജയന്‍, കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജിത .കെ .വി, പുല്‍പ്പള്ളിഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശോഭന സുകു, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എം ടി കരുണാകരന്‍ ,ശ്രീദേവി മുല്ലക്കല്‍ ,ജോളി നരിതൂക്കില്‍,, മെമ്പര്‍മാരായ ഉഷ ബേബി, അനില്‍ സി കുമാര്‍, മണി പാമ്പനാല്‍, പുല്‍പ്പള്ളി ക്ഷീരസംഘം പ്രസിഡന്റ് ബൈജു നമ്പിക്കൊല്ലി,മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.സജി ജോസഫ്, ചീഫ് വെറ്റിനറി ഓഫീസര്‍ ഡോ. രമാദേവി പി കെ,സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോ .മനോജ് വി ജെ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. പുല്‍പ്പള്ളി മൃഗാശുപത്രി സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോ. പ്രേമന്‍ കെ എസ് സ്വാഗതവും അസി.ഫീല്‍ഡ് ഓഫീസര്‍ എ കെ രമേശന്‍ നന്ദിയും പറഞ്ഞു

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *