June 18, 2026

വിവിധ പ്രവൃത്തികളുടെ അവലോകന യോഗം ചേര്‍ന്നു

0
img_20250511_144422
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിന് കീഴിലെ റോഡ്, ബില്‍ഡിംഗ്, പാലം ഉള്‍പ്പെടുള്ള പ്രവൃത്തികളുടെ അവലോകന യോഗം കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖിന്റെ അധ്യക്ഷതയില്‍ കല്‍പ്പറ്റ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ ചേര്‍ന്നു.

 

ചുരത്തില്‍ ഇടക്കിടെ പാറകളും, മരങ്ങളും വീഴുന്നത് പരിഹരിക്കാനുള്ള സമഗ്ര പദ്ധതി നിര്‍ദ്ദേശിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ എം.എല്‍.എ ചുമതലപ്പെടുത്തി. സി.ആര്‍.ഐ.എഫ് റോഡുകളായ കാവുമന്ദം-മാടക്കുന്ന്-ബാങ്ക്കുന്ന്, വെള്ളമുണ്ട-പന്തിപൊയില്‍-പടിഞ്ഞാറത്തറ, ചെന്നലോട്-ഊട്ടുപാറ എന്നീ റോഡുകളുടെ പ്രവൃത്തികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ജലജീവന്‍ മിഷന്‍ പ്രവൃത്തികള്‍ ഫണ്ടിന്റെ അഭാവം കാരണം പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികള്‍ കൂടി തടസ്സപ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ വീണ്ടും പ്രസ്തുത വിഷയം കൊണ്ടുവരാനും,

ജില്ലാ തലത്തില്‍ പ്രസ്തുത പ്രശ്‌നം പരിഹരിക്കാന്‍

ജില്ലാ കളക്ടര്‍, ജലജീവന്‍ മിഷന്‍, കെ.ആര്‍.എഫ്.ബി, പി.ഡബ്ല്യു.ഡി റോഡ്‌സ് എന്നീ ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം വിളിച്ച് ചേര്‍ക്കാനും യോഗത്തില്‍ തീരുമാനിച്ചു.

 

എച്ച്.എസ് പത്താം മൈല്‍ റോഡിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എം.എല്‍.എയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് പ്രതിനിധികളുള്‍പ്പെടെ പങ്കെടുത്ത് യോഗം വിളിച്ച് ചേര്‍ത്തിരുന്നു. തുടര്‍ന്ന് പ്രവൃത്തി റീടെണ്ടര്‍ ചെയ്യിപ്പിക്കുയും ചെയ്തതാണ്. എന്നാല്‍ പ്രവൃത്തി ഇപ്പോഴും ഇഴഞ്ഞ് നീങ്ങുകയാണ്. അടിയന്തിരമായി റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിക്കാനും, വൈത്തിരി മിനി സിവില്‍ സ്റ്റേഷന്‍, സുഗന്ധഗിരി പി.എച്ച്.സി എന്നീ പ്രവൃത്തികള്‍ക്ക് നിലവില്‍ ഭരണാനുമതി ലഭിച്ച തുക ഉപയോഗിച്ച് ആദ്യ ഘട്ടമായി പ്രവൃത്തികള്‍ ആരംഭിച്ച് ബാക്കിയുള്ള തുക കണ്ടെത്തുന്നതിന് വേണ്ടി സര്‍ക്കാരിനെ സമീപിക്കാനും യോഗത്തില്‍ തീരുമാനിച്ചു.

 

 

ഊരാളുങ്കലുമായി ബന്ധപ്പെട്ട പ്രവൃത്തികളായ കൈനാട്ടി-കമ്പളക്കാട്, കല്‍പ്പറ്റ ബൈപ്പാസ്, മേപ്പാടി-ചൂരല്‍മല എന്നീ റോഡുകളുടെ പ്രവൃത്തികള്‍ വളരെ മന്ദഗതിയിലാണ് നീങ്ങുന്നത്. കാലവര്‍ഷം വന്നാല്‍ പ്രവൃത്തികള്‍ നടക്കാത്ത സാഹചര്യം വരും. അതിനാല്‍ പ്രവൃത്തിയുടെ വേഗത കൂട്ടി പദ്ധതി പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കാന്‍ എം.എല്‍.എ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. മേപ്പാടി-ചൂരല്‍മല റോഡുമായി ബന്ധപ്പെട്ട് മേപ്പാടി ടൗണിനോട് ചേര്‍ന്ന ഭാഗത്തെ കെട്ടിടം പൊളിക്കല്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നേരത്തെ വിളിച്ച് ചേര്‍ത്ത യോഗ്തതിന്റെ തുടര്‍ വിലയിരുത്തല്‍ യോഗം ഈ മാസം 20-ാം തിയ്യതി വിളിക്കാനും, പ്രവൃത്തി വേഗതിയിലാക്കാനും, പന്തിപൊയില്‍ പാലം അപകടത്തിലാണെന്നും അടിയന്തിരമായി സര്‍ക്കാരിലേക്ക് നല്‍കിയ പ്രൊപ്പോസല്‍ ഫോളോ ചെയ്യാനും എം.എല്‍.എ നിര്‍ദ്ദേശിച്ചു. വാര്യാട് ഭാഗത്ത് ക്യാമറ സ്ഥാപിക്കുന്നതിനുള്ള പ്രൊപ്പോസല്‍ തയ്യാറാക്കി പൂര്‍ത്തീകരണത്തിലേക്ക് കടക്കണമെന്നും എം.എല്‍.എ നിര്‍ദ്ദേശിച്ചു.

 

പുതിയ അധ്യായന വര്‍ഷം ആരംഭിക്കാനിരിക്കെ വിവിധ റോഡുകള്‍ക്ക് മുന്‍പിലുള്ള സ്‌കൂള്‍ പരിസരങ്ങളില്‍ സീബ്രാ ക്രോസ്സിംഗ് ലൈനുകള്‍ കാണാത്ത രീതിയില്‍ മാഞ്ഞിട്ടുണ്ട്. അതിനാല്‍ കുട്ടികള്‍ റോഡ് ക്രോസ്സ് ചെയ്യുമ്പോള്‍ അപകടങ്ങള്‍ സംഭവിക്കാനിടയുണ്ട്. ആയതിനാല്‍ അടിയന്തിരമായി സ്‌കൂള്‍ തുറക്കുന്നതിന് മുമ്പായി സീബ്രാ ക്രോസ്സിംഗ് ലൈനുകള്‍ വരക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും, വിവിധ റോഡുകളിലെ സൈഡുകളില്‍ മരങ്ങള്‍, പൊന്തകാടുകള്‍ വളര്‍ന്ന് നില്‍ക്കുന്നുണ്ട്. ഇത് പ്രധാനമായും വളവുകളിലാണ്. അതിനാല്‍ കാല്‍നടക്കാര്‍ക്ക് ഉള്‍പ്പെടെ വാഹനങ്ങള്‍ വരുന്നത് കാണാതാകുന്ന സ്ഥിതിവരുന്നുണ്ട്. മഴക്കാലം ആരംഭിക്കാനിരിക്കെ ഈ കാടുകള്‍ അടിയന്തിരമായി വെട്ടി മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും, എസ്.കെ.എം.ജെ ഹൈസ്‌കൂളിന് മുമ്പില്‍ അപകടങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ റോഡില്‍ സീബ്രാലൈനും, സ്റ്റഡുകളും ഉള്‍പ്പെടെ ഉപയോഗിച്ച് വാഹനങ്ങളുടെ വേഗത കുറക്കാനും, സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാനും ഉദ്യോഗസ്ഥര്‍ക്ക് എം.എല്‍.എ അടിയന്തിര നിര്‍ദ്ദേശം നല്‍കി.

 

എം.എല്‍.എ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പി.ഡബ്ല്യു.ഡി റോഡ്സ് വിഭാഗം എക്സി.എഞ്ചിനീയര്‍ ശ്രീജിത്ത്, പി.ഡബ്ല്യു.ഡി ബില്‍ഡിംഗ്സ് വിഭാഗം അസി.എക്സി.എഞ്ചിനീയര്‍ ലക്ഷ്മണന്‍, അസി. എഞ്ചിനീയര്‍മാരായ പ്രദീഷ് കെ.എ, ചന്ദ്രന്‍ ഇ.കെ, വിന്നി ജോണ്‍, നാഷണല്‍ ഹൈവേ അസി. എഞ്ചിനീയര്‍ സലീം, വാട്ടര്‍ അതോറിറ്റി, ജലജീവന്‍ മിഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *