മാനന്തവാടി നഗരസഭ വികസന മുന്നേറ്റത്തിൽ കുതിക്കുന്നു; 24 കോടി രൂപയുടെ പദ്ധതികൾ പൂർത്തീകരിച്ചു
മാനന്തവാടി: 2024-25 സാമ്പത്തിക വർഷത്തിൽ മാനന്തവാടി നഗരസഭ 24 കോടി രൂപ ചെലവഴിച്ച് വികസന രംഗത്ത് വലിയ മുന്നേറ്റം നടത്തിയതായി ഭരണസമിതി അറിയിച്ചു. നഗരസഭ കാര്യാലയത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഈ വിവരം പുറത്തുവിട്ടത്.
നഗരസഭയിലെ 90 ശതമാനം ഗ്രാമീണ റോഡുകളും ടാറിംഗ്, കോൺക്രീറ്റ് പ്രവൃത്തികളിലൂടെ ഗതാഗതയോഗ്യമാക്കിയെന്ന് അധികൃതർ വ്യക്തമാക്കി. ക്ഷീരകർഷകർക്ക് പ്രോത്സാഹനമായി 40 ലക്ഷം രൂപ കൂലിയായും 20 ലക്ഷം രൂപ ഇൻസെൻ്റീവ് ആയും വിതരണം ചെയ്തു. ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് ക്ഷീരകർഷകർക്ക് തുക നൽകുന്ന ജില്ലയിലെ ഏക നഗരസഭയാണ് മാനന്തവാടി. നെൽകർഷകർക്ക് 50 ലക്ഷം രൂപ ബോണസായി നൽകി.
പൊതുജനങ്ങൾക്ക് ആശ്വാസമായി വാതക ശ്മശാനം ആരംഭിച്ചതും, നഗരസഭാ പരിധിയിൽ മരണപ്പെടുന്നവരുടെ സംസ്കാരം സൗജന്യമായി നടത്തുന്നതും ഭരണസമിതിയുടെ പ്രധാന നേട്ടങ്ങളിൽ ഒന്നാണ്. വിദ്യാഭ്യാസ മേഖലയിൽ വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുന്നതിനായി വിദ്യാലയങ്ങളിൽ ശുചിമുറികളും അടിസ്ഥാന സൗകര്യങ്ങളും നിർമ്മിച്ചു. പ്രഭാത ഭക്ഷണം, വിവിധ ക്യാമ്പുകൾ എന്നിവയ്ക്കായി തുക അനുവദിച്ചു. പട്ടികവർഗ്ഗ വിഭാഗത്തിലെ 9, 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളുടെ ഭാഗമായി മേശയും കസേരയും നൽകി.
സ്ത്രീ ശാക്തീകരണത്തിന് പ്രാധാന്യം നൽകി 1000 വനിതകൾക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനായി തയ്യൽ മെഷീനുകൾ വിതരണം ചെയ്യും. നഗരത്തിലെ രാത്രികാല വെളിച്ചം ഉറപ്പാക്കുന്നതിനായി 70 ലക്ഷം രൂപ ചെലവഴിച്ച് ടൗൺ മുഴുവൻ പുതിയ തെരുവ് വിളക്കുകൾ സ്ഥാപിക്കും. കൂടാതെ, 4 കോടി രൂപയുടെ ആധുനിക മുൻസിപ്പൽ ഓഫീസ് കെട്ടിടത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഗാന്ധി പാർക്ക്, ബസ് സ്റ്റാൻഡ് പരിസരം എന്നിവിടങ്ങളിൽ പുതിയ ശുചിമുറികളുടെ നിർമ്മാണവും പുരോഗമിക്കുകയാണ്. പയ്യമ്പള്ളിയിലെ നഗരസഭയുടെ മേഖല ഓഫീസ് ഉടൻ തന്നെ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കും.
മാലിന്യ സംസ്കരണത്തിന് നൂതന മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിൻ്റെ ഭാഗമായി ഡിവിഷനുകളിൽ ബയോ ഡൈജസ്റ്റ് ബിൻ, കിച്ചൻ ഡൈജസ്റ്റ് പോട്ട്, ഡിസ്പോസിബിൾ ബയോഗ്യാസ് പ്ലാന്റ് എന്നിവ വിതരണം ചെയ്യും. അമൃത് കുടിവെള്ള പദ്ധതിയിലൂടെ നഗരസഭയിലെ എല്ലാ കുടുംബങ്ങൾക്കും സൗജന്യ കുടിവെള്ള കണക്ഷനുകൾ നൽകി വരികയാണ്. ആരോഗ്യ രംഗത്ത് കൂടുതൽ ശ്രദ്ധ ചെലുത്തുന്നതിൻ്റെ ഭാഗമായി പിലാക്കാവിലെ ഇന്ദിരാഗാന്ധി ഹെൽത്ത് ആൻഡ് വെൽനസ് സെൻ്ററിൽ രാവിലെ മുതൽ ഒ.പി. സേവനങ്ങൾ ലഭ്യമാക്കും.
വാർത്താ സമ്മേളനത്തിൽ ഡെപ്യൂട്ടി ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ, സ്ഥിരം സമിതി അധ്യക്ഷൻമാരായ ലേഖാ രാജീവൻ, പി.വി.എസ്. മൂസ, കൗൺസിലർമാരായ പി.വി. ജോർജ്, ബി.ഡി. അരുൺകുമാർ, വി.യു. ജോയ്, സ്മിത ടീച്ചർ, ടി.ജി. ജോൺസൺ, ആലിസ് സിസിൽ, ഷീജ മോബി തുടങ്ങിയവർ പങ്കെടുത്തു. ഭരണസമിതിയുടെ ഈ മുന്നേറ്റം നഗരസഭയുടെ വികസനത്തിന് പുതിയൊരു ഉണർവ് നൽകുമെന്നാണ് പ്രതീക്ഷ.





Leave a Reply