May 6, 2026

നാടിന് അഭിമാനമായി ആതിര

0
xcxc
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ:പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് നേടി നാടിന് അഭിമാനമായി ആതിര.പുല്‍പ്പള്ളി പഞ്ചായത്തിലെ കാപ്പിക്കുന്ന് താഴെകാപ്പ് പണിയ ഉന്നതിയിലെ കുട്ടന്‍-സിന്ധു ദമ്പതികകളുടെ മകള്‍ ആതിരയുടേതാണ് താരകത്തിളക്കമുള്ള വിജയം. പുല്‍പ്പള്ളി വിജയ ഹൈസ്‌കൂളില്‍ സെക്കന്‍ഡറി പഠനം പൂര്‍ത്തിയാക്കിയ ആതിര ഇതേ വിദ്യാലയത്തില്‍ ഹയര്‍ സെക്കന്‍ഡറി കോഴ്സിനു ചേരാനുള്ള ഒരുക്കത്തിലാണ്. വിജയ ഹൈസ്‌കൂളിന്റെ ചരിത്രത്തില്‍ ആദ്യമായാണ് പട്ടികവര്‍ഗ വിദ്യാര്‍ഥിനി എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടുന്നത്.

പരീക്ഷ നല്ലനിലയില്‍ വിജയിച്ചതിന് അധ്യാപകരോടും കുടുംബാംഗങ്ങളോടും കടപ്പാടുണ്ടെന്ന് ആതിര പറഞ്ഞു. പരിമിതികളോടു പൊരുതിയാണ് ആതിര സ്‌കൂളിനും കുടുംബത്തിനും സമുദായത്തിനും നാടിനാകെയും കണ്‍മണിയായത്. കഷ്ടപ്പാടുകള്‍ക്കു നടുവിലും ദൃഢനിശ്ചയത്തോടെ പാഠഭാഗങ്ങളുമായി നടത്തിയ സല്ലാപമാണ് ആതിരയെ പണിയ സമുദായത്തിലെ വേറിട്ട പെണ്‍കുട്ടിയാക്കിയത്. ഒരുവിധത്തില്‍ ആതിരയുടെ വിജയം മാതാപിതാക്കളുടെയും ഏക സഹോദരന്‍ അരുണിന്റെയും കൂടിയാണ്. കുടുംബം പോറ്റുന്നതിന് ഓട്ടോറിക്ഷ ഓടിക്കുന്ന കുട്ടനും അരുണും അവരാല്‍ സാധ്യമായ പിന്തുണയും പ്രോത്സാഹവും പഠനത്തില്‍ ആതിരയ്ക്കു നല്‍കി. സ്‌കൂളിലേക്കു പോകുന്നതിനു മുമ്പും വന്നതിനുശേഷവും മകള്‍ അടുക്കളയില്‍ വലയാതിരിക്കാന്‍ അമ്മ സിന്ധു ശ്രദ്ധിച്ചു. ഇത് ഏകാഗ്രതയോടെ പഠനത്തില്‍ മുഴുകാന്‍ ആതിരയ്ക്കു സൗകര്യമൊരുക്കി. അത് വെറുതേ ആയില്ല.
താഴെകാപ്പ് ഉന്നതിയിലെ തുണ്ട് ഭൂമിയില്‍ വാസയോഗ്യമെന്ന് തീര്‍ത്തുപറയാന്‍ കഴിയാത്ത വീട്ടിലാണ് ആതിരയുടെയും കുടുംബത്തിന്റെയും ജീവിതം. വൈദ്യുതി, വഴി, വെള്ളം എന്നീ സൗകര്യങ്ങള്‍ ഉണ്ടെങ്കിലും ശുചിമുറിയുടെ അഭാവം കുടുംബത്തെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ശുചിമുറി സൗകര്യമുള്ള നല്ല വീട് സ്വപ്നമാണെന്ന് ആതിരയും കുടുംബാംഗങ്ങളും പറയുന്നു.
കെമിസ്ട്രിയാണ് ആതിരയുടെ ഇഷ്ട വിഷയം. സാധ്യമാകുന്നിടത്തോളം പഠിച്ച് തൊഴില്‍ നേടണമെന്നാണ് അവളുടെ ആഗ്രഹം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *