എം എല്‍ എയുടെ കത്തില്‍ നടപടി പെരിക്കല്ലൂരിലെ കുടിയിറക്ക് ഭീഷണി; നടപടി സ്വീകരിക്കാന്‍ ജില്ലാകലക്ടര്‍ക്ക് നിര്‍ദേശം നല്‍കി
പുല്‍പ്പള്ളി: പെരിക്കല്ലൂര്‍ പ്രദേശത്തെ കുടിയിറക്കല്‍ ഭീഷണിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് റവന്യൂമന്ത്രിക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ വിഷയം പരിശോധിച്ച് നടപടികള്‍ സ്വീകരിക്കുന്നതിനായി മന്ത്രി ജില്ലാകലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ അറിയിച്ചു.ബത്തേരി നിയോജകമണ്ഡലത്തിലെ മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ പെരിക്കല്ലൂര്‍ 33 കവല, 80 കവല പ്രദേശങ്ങളിലെ നൂറ് കണക്കിന് കുടുംബങ്ങള്‍ കുടിയിറക്ക് ഭീഷണിയിലാണെന്ന് റെവന്യൂമന്ത്രിക്ക് എം എല്‍ എ നല്‍കിയ കത്തില്‍ വ്യക്തമാക്കിയിരുന്നു.
1970-75 കാലത്ത് ബത്തേരി ലാന്റ് ട്രൈബ്യൂണല്‍ കൈവശക്കാരായ ഇവര്‍ക്ക് പട്ടയം ലഭിച്ചിട്ടുള്ള കൃഷിഭൂമിയില്‍ നിന്നാണ് ഇവരെ കുടിയിറക്കണമെന്ന് കാണിച്ചും നികുതി സ്വീകരിക്കരുതെന്ന് കാണിച്ച് വില്ലേജ് ഓഫീസര്‍ക്കും കര്‍ണാടക സ്വദേശിയായ എം എസ് പൂര്‍ണിമ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. കര്‍ണാടക സംസ്ഥാനത്തിന്റെ അതിര്‍ത്തിയായ മേല്‍പറഞ്ഞ പ്രദേശത്ത് അര നൂറ്റാണ്ടില്‍ അധികം കാലം പട്ടയംലഭിച്ചും നികുതി അടച്ചും, കൃഷി ചെയ്തും വീടുകള്‍ വെച്ചും കുടുംബമായി താമസിക്കുന്ന ഈ പ്രദേശത്തുകാര്‍ വലിയ ആശങ്കയിലാണ് കഴിയുന്നത്. ഭൂമി വില്‍ക്കുവാനോ, ബാങ്ക് ലോണ്‍ എടുക്കുന്നതിനോ, മറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിനോ ഇതു മൂലം തടസം ഉണ്ടാകുമെന്ന ഭീതിയിലാണെന്നും, പ്രസ്തുത വിഷയത്തില്‍ സര്‍ക്കാരിന്റെയും, റെവന്യൂ ഡിപ്പാര്‍ട്ടുമെന്റിന്റെയും അടിയന്തര ഇടപെടലുകള്‍ ആവശ്യപ്പെട്ടായിരുന്നു എം എല്‍ എ റെവന്യൂമന്ത്രിക്ക് കത്ത് നല്‍കിയത്. തുടര്‍ന്ന് റെവന്യൂമന്ത്രിയുടെ നേരിട്ട് സംസാരിച്ച എം എല്‍ എ പ്രശ്നത്തില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. പ്രശ്നപരിഹാരത്തിന് ജനങ്ങളൊടൊപ്പം ഏതറ്റം വരെയും പോകുമെന്നും, ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.





Leave a Reply