May 2, 2026

മുള്ളൻകൊല്ലി റബ്ബർ ആൻഡ് അഗ്രികൾച്ചറൽ മാർക്കറ്റിംഗ് സൊസൈറ്റിയെ തകർക്കാൻ ആസൂത്രിത നീക്കമെന്ന് ഭരണസമിതി അംഗങ്ങൾ

0
IMG_20250704_121722
By ന്യൂസ് വയനാട് ബ്യൂറോ

മുള്ളൻകൊല്ലി: മുള്ളൻകൊല്ലി റബ്ബർ ആൻഡ് അഗ്രികൾച്ചറൽ മാർക്കറ്റിംഗ് സൊസൈറ്റിയെ തകർക്കാൻ സിപിഎമ്മും ബിജെപിയും ചേർന്ന് ആസൂത്രിത ശ്രമങ്ങൾ നടത്തുകയാണെന്ന് സൊസൈറ്റി പ്രസിഡന്റ് സാജൻ ജോസഫ് കടുപ്പിൽ ആരോപിച്ചു. യുഡിഎഫ് നേതൃത്വം നൽകുന്ന സൊസൈറ്റിക്കെതിരെ അടിസ്ഥാനരഹിതമായ അഴിമതി ആരോപണങ്ങൾ ഉന്നയിക്കുന്നതും മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതും സമരങ്ങൾ സംഘടിപ്പിക്കുന്നതും ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

 

മൂന്ന് പതിറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്ന ഈ സൊസൈറ്റി തുടക്കം മുതൽ യുഡിഎഫ് ഭരണത്തിൻ കീഴിലാണ്. മുള്ളൻകൊല്ലി പഞ്ചായത്തിലെ ഏകദേശം നാലായിരത്തോളം കർഷകരാണ് ഈ സൊസൈറ്റിയിലെ അംഗങ്ങൾ. ഇല്ലാത്ത അഴിമതിക്കഥകൾ പ്രചരിപ്പിച്ച് സൊസൈറ്റിയെയും ഭരണസമിതിയെയും ഇകഴ്ത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കടുപ്പിൽ ചൂണ്ടിക്കാട്ടി.

 

നേരത്തെ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് രണ്ട് ജീവനക്കാരെ സൊസൈറ്റിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഈ ജീവനക്കാരുടെ ഇടപെടലും സൊസൈറ്റിക്കെതിരായ നീക്കങ്ങൾക്ക് പിന്നിലുണ്ടെന്ന് ഭരണസമിതി കരുതുന്നു.

 

നിലവിലെ ഭരണസമിതി എല്ലാ മാസവും യോഗം ചേർന്ന് സൊസൈറ്റിയുടെ പ്രവർത്തനം വിലയിരുത്തുന്നുണ്ട്. കൂടാതെ, സഹകരണ വകുപ്പിന്റെയും സെൻട്രൽ ജിഎസ്ടിയുടെയും ഓഡിറ്റിംഗുകൾ കൃത്യമായി നടക്കുന്നുണ്ട്. ഈ ഓഡിറ്റിംഗുകളിൽ യാതൊരു ക്രമക്കേടുകളും കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

സിപിഎമ്മും ബിജെപിയും സൊസൈറ്റിക്കെതിരെ അഴിമതി ആരോപണങ്ങൾ ഉന്നയിക്കുന്നത് രാഷ്ട്രീയ മുതലെടുപ്പിനാണെന്നും, വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പാണ് അവരുടെ ലക്ഷ്യമെന്നും കടുപ്പിൽ ആരോപിച്ചു. സൊസൈറ്റിക്കെതിരായ ഇത്തരം കുപ്രചരണങ്ങൾ കർഷകരോടുള്ള വെല്ലുവിളിയാണെന്നും, സൊസൈറ്റിയുടെ പ്രവർത്തനം ഉത്തരവാദിത്തപ്പെട്ട ഏജൻസികൾക്കും ഉദ്യോഗസ്ഥർക്കും എപ്പോൾ വേണമെങ്കിലും പരിശോധിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ആരോപണങ്ങളെ കർഷകർ തള്ളിക്കളയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

 

വാർത്താസമ്മേളനത്തിൽ വൈസ് പ്രസിഡന്റ് പി ആർ ബാലചന്ദ്രൻ, ഡയറക്ടർമാരായ ജോസഫ് വേങ്ങശ്ശേരി, ദേവസ്യ കാക്കനാട്, രാധാ വിദ്യാധരൻ, എൽ സി മാത്യു എന്നിവരും പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *