റോഡിന്റെ ശോച്യന്യാവസ്ഥ: വാഴ നട്ട് പൗരസമിതിയുടെ പ്രതിഷേധം
പനമരം : ജില്ലയിലെ പ്രധാന പാതകളിലൊന്നായ പനമരം-സുൽത്താൻബത്തേരി റോഡിൽ നടവയൽ വരെയുള്ള ഭാഗത്തെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് പനമരം പൗരസമിതി പ്രവർത്തകർ വാഴ നട്ട് പ്രതിഷേധിച്ചു. പനമരം പാലം കവല മുതൽ പുഞ്ചവയൽ വരെയുള്ള ഏകദേശം രണ്ട് കിലോമീറ്റർ ദൂരം പൂർണ്ണമായും തകർന്ന് ഭീമാകാരമായ ഗർത്തങ്ങൾ രൂപപ്പെട്ട നിലയിലാണ്. ഇത് കാൽനടയാത്ര പോലും ദുസ്സഹമാക്കുന്നു.
വാഹനങ്ങൾ കുഴികളിൽ വീണ് അപകടങ്ങൾ സംഭവിക്കുന്നതും യാത്രക്കാർക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതും പതിവാണ്. വർഷങ്ങളായി തകർന്നുകിടക്കുന്ന റോഡിലെ കുഴികൾ താൽക്കാലികമായെങ്കിലും അടയ്ക്കാൻ അധികൃതർ തയ്യാറാകാത്തതിലാണ് പൗരസമിതി പ്രതിഷേധം സംഘടിപ്പിച്ചത്.
വർഷങ്ങൾക്ക് മുമ്പ് ബീനാച്ചി മുതൽ ആരംഭിച്ച റോഡ് നിർമ്മാണ പ്രവൃത്തി ഇനിയും പനമരത്തേക്ക് എത്തിയിട്ടില്ല. റീ-ടെൻഡർ പൂർത്തിയാക്കി മാസങ്ങൾക്ക് മുമ്പ് നടവയൽ മുതൽ റോഡ് നിർമ്മാണം ആരംഭിച്ചത് മാത്രമാണ് നിലവിലുള്ള ഏക ആശ്വാസം. കൈവരികൾ തകർന്നും ബലക്ഷയം സംഭവിച്ചും അപകടാവസ്ഥയിലായിരുന്ന പനമരം ചെറിയ പാലത്തിന് മുകളിൽ മുൻപ് പൗരസമിതി പ്രവർത്തകർ ശവപ്പെട്ടിയേന്തി റീത്ത് വെച്ച് പ്രതിഷേധിച്ചിരുന്നു. ഈ പ്രതിഷേധത്തെ തുടർന്നാണ് പുതിയ പാലം പണി ആരംഭിച്ചത്. നിലവിൽ പാലത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. ഇതുവഴി ഇപ്പോൾ വൺവേ ആയാണ് വാഹനങ്ങൾ കടന്നുപോകുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഈ ഭാഗം ചെളിക്കുളവുമായി മാറിയിട്ടുണ്ട്.
സുൽത്താൻബത്തേരി, പുൽപ്പള്ളി, നീർവാരം, കേണിച്ചിറ തുടങ്ങിയ പ്രദേശങ്ങളിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസുകളും കെഎസ്ആർടിസി ബസുകളും ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന പാതയിലാണ് ഈ ദുരവസ്ഥ. കുഴികൾക്ക് പുറമെ റോഡിന്റെ പല ഭാഗങ്ങളിലും കലുങ്കുകളും റോഡോരങ്ങളും ഇടിഞ്ഞത് ആംബുലൻസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് അപകടക്കെണിയായി മാറിയിരിക്കുകയാണ്. ഗതാഗത തടസ്സവും പതിവാണ്.
റോഡിന്റെ ദുർഘടാവസ്ഥയ്ക്ക് അടിയന്തര പരിഹാരം കണ്ടില്ലെങ്കിൽ ഉപരോധം ഉൾപ്പെടെയുള്ള ജനകീയ സമരങ്ങളുമായി മുന്നോട്ടുപോകുമെന്ന് പൗരസമിതി നേതാക്കൾ മുന്നറിയിപ്പ് നൽകി.
സമരം പനമരം പൗരസമിതി ചെയർമാൻ അഡ്വ. ജോർജ് വാത്തുപറമ്പിൽ ഉദ്ഘാടനം ചെയ്തു. കൺവീനർ റസാഖ് സി. പച്ചിലക്കാട് അധ്യക്ഷത വഹിച്ചു. വിജയൻ മുതുകാട്, ടി. ഖാലിദ്, എം.ഡി. പത്മരാജൻ, സത്യൻ കാളിന്ദി, അസീസ് പൊന്നാന്തിരി തുടങ്ങിയവർ സംസാരിച്ചു.





Leave a Reply