May 30, 2026

കുടിയോംവയല്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി യാഥാര്‍ഥ്യമായി

0
site-psd-111
By ന്യൂസ് വയനാട് ബ്യൂറോ

 

പനമരം ഗ്രാമപഞ്ചായത്തിലെ ചുണ്ടക്കുന്ന് -കുടിയോംവയലില്‍ പൂര്‍ത്തീകരിച്ച കുടിയോംവയല്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു ഉദ്ഘാടനം ചെയ്തു. ജലലഭ്യത ഉറപ്പായതോടെ പ്രദേശത്ത് നഞ്ചയും പുഞ്ചയും കൃഷി ചെയ്യണമെന്നും ഭൂമി തരിശിടാതെ കൃത്യമായി ഉപയോഗപ്പെടുത്തണമെന്നും പാടശേഖരസമിതി പദ്ധതി നടത്തിപ്പുമായി മുന്നോട്ട് പോകണമെന്നും മന്ത്രി പറഞ്ഞു.കാര്‍ഷിക മേഖലയുടെ പുരോഗതിക്കായി കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് മന്ത്രി കൃഷി ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി.

ജലാശയങ്ങളാലും കാനനച്ചോലകളാലും ജലസമൃദ്ധമായ പ്രദേശമാണെങ്കിലും മണ്ണിന്റെ പ്രത്യേകത മൂലം വേനല്‍ക്കാലത്ത് വയലുകള്‍ വീണ്ടുകീറി പാറപോലെ ഉറപ്പാകുന്നതിനാല്‍ കൃഷി ചെയ്യാന്‍ കഴിയാത്ത അവസ്ഥ ആയിരുന്നു ഇവിടെ.
പനമരം പുഴയിലെ തെളിനീര്‍, ജല ദൗര്‍ലഭ്യമുള്ള മാസങ്ങളില്‍ പമ്പ് ചെയ്ത് ഉപയോഗിച്ചാല്‍ പ്രദേശത്തെ മുഴുവന്‍ വയലുകളിലും ഇരിപ്പുകൃഷിയിറക്കാമെന്ന് കര്‍ഷകര്‍ക്കുണ്ടായ തിരിച്ചറിവില്‍ നിന്നാണ് കുടിയോംവയല്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി ഉരുത്തിരിയുന്നത്.

2022 ലാണ് നിര്‍മാണ പ്രവൃത്തി ആരംഭിക്കുന്നത്.
പദ്ധതി യാഥാര്‍ഥ്യമായതോടെ കൈപ്പാട്ടുക്കുന്ന്, വാളെരി-കുടിയാം വയല്‍ പ്രാദേശത്തെ 150 ഏക്കര്‍ വരുന്ന പാടശേഖരത്തിന് ഉപകാരപ്രദമാവും.

നിലവിലുള്ള പമ്പ് ഹൗസിന്റെയും കനാലിന്റെ അറ്റകുറ്റപണികള്‍, സിസ്റ്റേണ്‍ ടാങ്ക്, 1253 മീറ്റര്‍ പൈപ്പ്ലൈന്‍ എന്നിവ അടങ്ങുന്ന സിവില്‍ പ്രവൃത്തികള്‍, 50 എച്ച് പി മോട്ടോറും, പമ്പും, മൂന്ന് എച്ച് പി യുടെ ഒരു വാക്വം പമ്പും, പമ്പ് ഹൗസ് വയറിംഗ്, പാനല്‍ ബോര്‍ഡ് തുടങ്ങിയ ഇലക്ട്രിക്കല്‍ പ്രവൃത്തികള്‍, പദ്ധതിക്ക് ആവശ്യമായ വൈദ്യുതികരണം തുടങ്ങിയവയാണ് പൂര്‍ത്തീകരിച്ചത്.

എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 90 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കിയത്.
പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കാമറ്റം അധ്യക്ഷത വഹിച്ച പരിപാടിയില്‍ മൈനര്‍ ഇറിഗേഷന്‍ മാനന്തവാടി ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സി സുരേഷ്, മലപ്പുറം ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഷാജഹാന്‍ കബീര്‍,
ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസര്‍ അരുണ്‍ ജോസ്, ജില്ലാ പഞ്ചായത്ത് അംഗം ബിന്ദു പ്രകാശ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സജേഷ് സെബാസ്റ്റ്യന്‍, കുടിയോംവയല്‍ സമിതി സെക്രട്ടറി എല്‍ദോ തോമസ്, വാര്‍ഡ് മെമ്പര്‍ വി സി അജിത്ത്, ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, കര്‍ഷക പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *