തരുവണ ഗവൺമെന്റ് യു.പി. സ്കൂൾ പാർലമെന്റിൽ മന്ത്രി ഒ.ആർ. കേളു
തരുവണ: പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി ഒ.ആർ. കേളു തരുവണ ഗവൺമെന്റ് യു.പി. സ്കൂളിൽ സന്ദർശനം നടത്തി. സ്കൂൾ ലൈബ്രറിയിൽ നടന്നുവന്ന സ്കൂൾ പാർലമെന്റ് യോഗത്തിൽ പങ്കെടുത്ത 16 ക്ലാസ്സുകളിലെയും വിദ്യാർത്ഥി മന്ത്രിമാരുമായി അദ്ദേഹം സംവദിച്ചു.
വെള്ളിയാഴ്ച സ്കൂളിലെ ‘വർണ്ണകൂടാരം’ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി കെളു. ഉദ്ഘാടനത്തിന് ശേഷം മടങ്ങുന്നതിനിടെ, അന്തരിച്ച പൂർവ്വ അധ്യാപകൻ മുനീർ മാഷിന്റെ ഓർമ്മയ്ക്കായി നിർമ്മിച്ച ഹൈസ്കൂൾ ലൈബ്രറി സന്ദർശിക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. സ്കൂൾ പാർലമെന്റ് നടന്നുകൊണ്ടിരുന്ന ലൈബ്രറിയിലേക്കുള്ള അദ്ദേഹത്തിന്റെ ഈ ആകസ്മിക സന്ദർശനം വിദ്യാർത്ഥികൾക്ക് ആവേശം പകർന്നു.
വിദ്യാഭ്യാസവും ജനാധിപത്യവും: കുട്ടികളുമായി സംവാദം
സന്ദർശന വേളയിൽ, “വിദ്യാഭ്യാസവും ജനാധിപത്യവും” എന്ന വിഷയത്തിൽ മന്ത്രി കുട്ടികളുമായി സംസാരിച്ചു. സ്കൂളിലെ വിദ്യാഭ്യാസ മന്ത്രിയെയും ക്ഷേമകാര്യ മന്ത്രിയെയും അദ്ദേഹം പരിചയപ്പെടുകയും, ക്ലാസ്സ് മുറികളിലെ ആഭ്യന്തര മന്ത്രിമാർ കേരള നിയമസഭയെക്കുറിച്ചും പാർലമെന്ററി സംവിധാനത്തെക്കുറിച്ചും ഉന്നയിച്ച സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. സാമൂഹിക ഉത്തരവാദിത്തത്തോടെ എല്ലാവരുടെയും പ്രശ്നങ്ങൾ മനസ്സിലാക്കി സത്യസന്ധമായി കടമകൾ നിർവ്വഹിക്കണമെന്ന് മന്ത്രി വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു.
ഇൻഡോർ സ്റ്റേഡിയം ആവശ്യം മന്ത്രിയുടെ ശ്രദ്ധയിൽ
ചടങ്ങിന് സ്കൂൾ ഹെഡ്മാസ്റ്റർ സ്വാഗതം ആശംസിച്ചു. പി.ടി.എ. പ്രസിഡന്റ് കെ.സി.കെ. നജ്മുദ്ദീൻ അധ്യക്ഷത വഹിച്ചു. വെളളമുണ്ട ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ അനിൽകുമാർ, അഷ്റഫ്.എം., മുഹമ്മദലി മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. സ്കൂളിൽ ഒരു ഇൻഡോർ സ്റ്റേഡിയം വേണമെന്ന പ്രമേയം സ്കൂൾ മന്ത്രിസഭയിൽ ഫിദ എന്ന വിദ്യാർത്ഥിനി അവതരിപ്പിച്ചു. ഈ ആവശ്യം ഉടനടി മന്ത്രി ഒ.ആർ. കേളുവിന്റെ ശ്രദ്ധയിൽപ്പെടുത്തി. ഏകദേശം അരമണിക്കൂറോളം മന്ത്രി കുട്ടികളോടൊപ്പം സമയം ചെലവഴിച്ചു. എസ്.എം.സി. ചെയർമാൻ അബ്ദുൽ നാസർ സാവാൻ ചടങ്ങിന് നന്ദി പറഞ്ഞു.





Leave a Reply