യുവാവിനെ ആക്രമിച്ച കേസ്: ഒളിവിലായിരുന്നയാൾ പിടിയിൽ; നാലുപേർ അറസ്റ്റിൽ
ബത്തേരി: മാരകായുധം ഉപയോഗിച്ച് യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. പാതിരിപ്പാലം കൈതക്കാട്ടിൽ വീട്ടിൽ നവീൻ ദിനേശ് (24) ആണ് കർണാടകയിലെ ഗുണ്ടൽപ്പേട്ടയിൽ നിന്ന് ബുധനാഴ്ച രാത്രി പിടിയിലായത്. ബത്തേരി എസ്.ഐ കെ.കെ. സോബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. ബത്തേരി, ചൊക്ലി പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ മറ്റ് കേസുകളുമുണ്ട്.
ഈ കേസിൽ നേരത്തെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. ബത്തേരി പള്ളിക്കണ്ടി ചെരിവ്പുരയിടത്തിൽ വീട്ടിൽ അമാൻ റോഷൻ (25), കുപ്പാടി കൊടുപ്പാറ വീട്ടിൽ കെ. മുഹമ്മദ് നാസിം (28), കോളിയാടി വട്ടപറമ്പിൽ വീട്ടിൽ ബി.പി. നിഷാദ് (20) എന്നിവരാണ് പിടിയിലായ മറ്റ് പ്രതികൾ. നിരവധി കേസുകളിൽ പ്രതികളായ ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്.
കഴിഞ്ഞ ജൂൺ 12-ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബത്തേരി മലബാർ ഗോൾഡിന് സമീപം സുഹൃത്തിനെ ഒരു സംഘം ആളുകൾ മർദിക്കുന്നത് തടയാൻ ചെന്ന വേങ്ങൂർ സ്വദേശിക്കാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. അക്രമികൾ ഇയാളെ തടഞ്ഞുനിർത്തി മാരകായുധം കൊണ്ട് മർദിക്കുകയായിരുന്നു. മർദനത്തിൽ യുവാവിന്റെ വലത് പുരികത്തിന് മുകളിൽ എല്ലൊടിഞ്ഞ് ഗുരുതരമായി പരിക്കേറ്റു. ഇയാൾ നിലവിൽ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
എ.എസ്.ഐ സലിംകുമാർ, ഡ്രൈവർ എസ്.സി.പി.ഒ ലബ്നസ്, സി.പി.ഒമാരായ അനിത്ത്, ഡോണിത്ത് എന്നിവരും പ്രതിയെ പിടികൂടിയ പോലീസ് സംഘത്തിലുണ്ടായിരുന്നു.





Leave a Reply