April 17, 2026

കർക്കിടക വാവ് ബലിക്ക് തിരുനെല്ലി ക്ഷേത്രത്തിൽ വിപുലമായ സൗകര്യങ്ങൾ: ഭക്തജനത്തിരക്ക് ഒഴിവാക്കാൻ നടപടികൾ

0
IMG_20250719_155550
By ന്യൂസ് വയനാട് ബ്യൂറോ

തിരുനെല്ലി: വയനാട് ജില്ലയിലെ പ്രശസ്തമായ ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കിടക വാവ് ബലിക്ക് വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. കേരളത്തിൽ നിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരക്കണക്കിന് വിശ്വാസികൾ ബലികർമ്മങ്ങൾക്കായി എത്തിച്ചേരുന്ന പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് തിരുനെല്ലി. ജൂലൈ 24, 2025 ന് പുലർച്ചെ 3 മണിക്ക് ബലികർമ്മങ്ങൾ ആരംഭിക്കും.

 

ഈ വർഷത്തെ കർക്കിടകവാവിന് ഭക്തർക്കുണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനായി സബ് കളക്ടർ മിസാൽ സാഗർ ഭാരത് ഐ.എ.എസ്സിന്റെ അധ്യക്ഷതയിൽ ചേർന്ന വിവിധ വകുപ്പ് മേധാവികളുടെയും തിരുനെല്ലി ക്ഷേത്രം ഭാരവാഹികളുടെയും യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടത്.

 

ഗതാഗത നിയന്ത്രണങ്ങൾ:

തിരുനെല്ലിയിലേക്കുള്ള റോഡ് സൗകര്യം മെച്ചപ്പെട്ട സാഹചര്യത്തിൽ, കാട്ടിക്കുളത്ത് വാഹനങ്ങൾ തടയാതെ ക്ഷേത്രം വരെ കടത്തിവിടും. ഇതിനായി വൺവേ സംവിധാനം ഏർപ്പെടുത്തും. തിരുനെല്ലിയിൽ നിന്ന് നിട്ടറ-പനവല്ലി വഴി ഗതാഗതം ക്രമീകരിക്കും. ക്ഷേത്രത്തിനടുത്ത് ആളുകളെ ഇറക്കിയ ശേഷം വാഹനങ്ങൾ നിട്ടറ റോഡിൽ പാർക്ക് ചെയ്യണം. കാട്ടിക്കുളത്ത് നിന്ന് വരുന്ന വാഹനങ്ങൾ വൺവേ സംവിധാനം പാലിച്ച് തിരുനെല്ലിയിലെത്തി, നിട്ടറ റോഡ്-പനവല്ലി വഴി തിരികെ പോകേണ്ടതാണ്.

 

രോഗികളും പ്രായമായവരുമായ ഭക്തർക്ക് വാഹനം പാർക്ക് ചെയ്ത സ്ഥലത്തേക്ക് തിരികെ എത്താൻ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. കെഎസ്ആർടിസി ബസ്സുകൾ തിരുനെല്ലി ക്ഷേത്രം വരെ സർവീസ് നടത്തും.

 

ബലികർമ്മത്തിനുള്ള സൗകര്യങ്ങൾ:

ഭക്തരുടെ സൗകര്യത്തിനായി പാപനാശിനിയിൽ ബലിസാധന വിതരണത്തിന് പ്രത്യേക കൗണ്ടറുകൾ തുറക്കും. കൂടുതൽ കർമ്മികളെ ബലികർമ്മം ചെയ്യിക്കുന്നതിനായി നിയോഗിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് കർക്കിടകവാവ് ദിവസങ്ങളിൽ ദേവസ്വം സൗജന്യമായി അത്താഴവും പ്രഭാതഭക്ഷണവും നൽകുമെന്ന് അറിയിച്ചു.

 

ബലികർമ്മങ്ങൾ പുലർച്ചെ 3 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ ഉണ്ടായിരിക്കുമെന്ന് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. യോഗത്തിൽ എക്സിക്യൂട്ടീവ് ഓഫീസർ കെ. വി. നാരായണൻ, മലബാർ ദേവസ്വം ബോർഡ് മെമ്പർ കെ. രാമചന്ദ്രൻ, ക്ഷേത്രം മാനേജർ പി. കെ. പ്രേമചന്ദ്രൻ, ജീവനക്കാരുടെ പ്രതിനിധി ടി. സന്തോഷ് കുമാർ, ചുറ്റമ്പലം നിർമ്മാണ കമ്മിറ്റി പ്രസിഡൻ്റ് പി. കെ. വാസുദേവൻ ഉണ്ണി എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *