വയോധികയുടെ വീട്ടിൽ അതിക്രമിച്ചു കയറി നാശനഷ്ടം വരുത്തിയ സംഭവം: മൂന്ന് പേർ അറസ്റ്റിൽ
മാനന്തവാടി: ഒറ്റക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിൽ അവരില്ലാത്ത സമയത്ത് അതിക്രമിച്ചു കയറി നാശനഷ്ടം വരുത്തിയ സംഭവത്തിൽ മൂന്ന് പേരെ മാനന്തവാടി പോലീസ് അറസ്റ്റു ചെയ്തു. കൂത്തുപറമ്പ്, മീത്തലെപീടികയിൽ വീട്, കാരായി അരൂഷ്(52), കൽപ്പറ്റ, എരഞ്ഞിവയൽ, കോഴിക്കോടൻ വീട്, അബൂബക്കർ(64), മാടക്കര, കോളിയാടി, വലിയവട്ടം വീട്ടിൽ, ശിവൻ(55) എന്നിവരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഒഴക്കോടി, അനിയറ്റ്കുന്നിൽ താമസിക്കുന്ന ഒമ്പതേടത്ത് വീട്ടിൽ തങ്കമണി(87)യുടെ പരാതിയിലാണ് നടപടി. ഇവരുമായി നല്ല ബന്ധത്തിലല്ലാത്ത മകളെ അവരുടെ വീട്ടിൽ താമസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കടക്കെണി വിമോചന മുന്നണി എന്ന പേരിൽ 20 ഓളം ആളുകൾ ന്യായവിരുദ്ധമായി സംഘം ചേർന്ന് പരാതിക്കാരിയുടെ വീട്ടിലേക്ക് പ്രകടനമായി എത്തുകയും നാശനഷ്ടം വരുത്തുകയുമായിരുന്നു.
കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയാണ് സംഭവം. ഇരുപതോളം പേർ സംഘം ചേർന്ന് തങ്കമണിയുടെ വീട്ടിലേക്ക് പ്രകടനം നടത്തുകയും പ്ലക്കാർഡുകൾ സ്ഥാപിക്കുകയും വീടിൻ്റെ പുട്ടും വാതിലും പൊളിച്ച് അകത്ത് അതിക്രമിച്ച് കയറുകയുമായിരുന്നു. വിവരം ലഭിച്ചയുടനെ ജൂനിയർ എസ്.ഐ അതുൽ മോഹന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തുകയും വീടിനുള്ളിൽ കണ്ട മൂന്ന് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവ സ്ഥത്ത് നിന്നും പൊട്ടിയ നിലയിലുള്ള വാതിലിന്റെ പുട്ടിന്റെ ഭാഗവും, പൊട്ടിച്ച നിലയിലുള്ള സി സി ടി വി ഡി വി ആർ ഉം, കടക്കെണി വിമോചന മുന്നണി എന്ന പേരിൽ സ്ഥാപിച്ച പോസ്റ്ററുകളും ബന്തവസ്സിലെടുത്തു.
മാനന്തവാടി ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ പി. റഫീഖിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അതുൽ മോഹൻ, എം.സി പവനൻ, എ എസ് ഐ ഷെമ്മി, എസ്.സി.പി.ഓമാരായ സി.എച്ച് നൗഷാദ്, സി.പി.ഓ റാഷിദ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.





Leave a Reply