തൊണ്ടർനാട് തൊഴിലുറപ്പ് തട്ടിപ്പ്: വൈസ് പ്രസിഡന്റിന്റെ പങ്ക് അന്വേഷിക്കണമെന്ന് യുഡിഎഫ്.
മാനന്തവാടി: തൊണ്ടർനാട് പഞ്ചായത്തിലെ ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് താൽക്കാലിക ജീവനക്കാരെ മാത്രം ബലിയാടാക്കി യഥാർത്ഥ കുറ്റവാളികളെ രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന് യു.ഡി.എഫ്. ഭരണസമിതി വൈസ് പ്രസിഡന്റിന്റെ പങ്ക് അന്വേഷിക്കണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു. ഒരാഴ്ച മുൻപ് എൻ.ആർ.ഇ.ജി പ്രൊജക്ട് ഓഫീസർ നടത്തിയ അന്വേഷണത്തിൽ അഴിമതി കണ്ടെത്തിയെങ്കിലും ഭരണസമിതി ഇത് മൂടിവെക്കാൻ ശ്രമിച്ചുവെന്ന് യു.ഡി.എഫ് ആരോപിച്ചു. തുടർന്ന് യു.ഡി.എഫ് വാർത്താസമ്മേളനം വിളിച്ചതോടെ മാത്രമാണ് അടിയന്തര യോഗം ചേർന്ന് നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് മുഖം രക്ഷിക്കാൻ ശ്രമിച്ചത്.
ഈ വൻ അഴിമതിക്ക് പിന്നിൽ വൈസ് പ്രസിഡന്റിന്റെ വാർഡിലെ ഡി.വൈ.എഫ്.ഐ വളവിൽ ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിയും സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗവുമായ നിധിൻ, അസിസ്റ്റന്റ് എൻജിനീയർ ജോജോ, ഭരണസമിതി വൈസ് പ്രസിഡന്റ് എന്നിവർക്ക് പങ്കുണ്ടെന്ന് യു.ഡി.എഫ് ആരോപിച്ചു. ഈ തട്ടിപ്പ് ലക്ഷ്യമിട്ട് യോഗ്യതയില്ലാത്ത നിധിനെ അക്കൗണ്ടന്റ് തസ്തികയിൽ നിയമിക്കുകയായിരുന്നുവെന്നും യു.ഡി.എഫ് കുറ്റപ്പെടുത്തി.
പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും ലോഗിൻ ഉപയോഗിച്ച് ഒപ്പിട്ടാണ് എല്ലാ ബില്ലുകളും മാറിയതെന്നും, പ്രസിഡന്റിനെ നോക്കുകുത്തിയാക്കി വൈസ് പ്രസിഡന്റ് ഭരണം നടത്തുകയാണെന്നും യു.ഡി.എഫ് ചൂണ്ടിക്കാട്ടി.
വൈസ് പ്രസിഡന്റിനെ ഒന്നാം പ്രതിയാക്കി കേസെടുക്കണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും വരെ ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും യു.ഡി.എഫ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം അറിയിച്ചു. ടി. മൊയ്തു, എസ്.എം. പ്രമോദ് മാസ്റ്റർ, അബ്ദുള്ള കേളോത്ത്, എ. ആലിക്കുട്ടി, പി.എം. ടോമി, മുസ്തഫ മോന്തോൽ, ഡോ. പി.കെ. സുനിൽ മാസ്റ്റർ, കെ.ടി. കുഞ്ഞികൃഷ്ണൻ മാസ്റ്റർ എന്നിവർ യോഗത്തിൽ സംസാരിച്ചു.





Leave a Reply