ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് വാങ്ങി തട്ടിപ്പ് ജില്ലയില്‍ വ്യാപകം: മുന്നറിയിപ്പുമായി പോലീസ്
കല്‍പ്പറ്റ:യുവാക്കളുടെ ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് വാങ്ങി തട്ടിപ്പ് നടത്തുന്ന (മ്യൂള്‍ അക്കൗണ്ട് തട്ടിപ്പ് ) രീതി ജില്ലയിലും വ്യാപകം. കമ്പളക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രം 6 ഓളം കേസുകളാണ് നിലവിലുള്ളത്.ബാങ്ക് അക്കൗണ്ടുകള്‍ പണം കൊടുത്ത് വാങ്ങി ഇതര സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് വന്‍ തട്ടിപ്പ് നടത്തുന്നത്.സാമൂഹികമാധ്യമങ്ങളില്‍ പാര്‍ട്ട് ടൈം/ഓണ്‍ലൈന്‍ ജോലികള്‍ തിരയുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ സൈബര്‍ തട്ടിപ്പുസംഘങ്ങളുടെ വലയില്‍ അകപ്പെടുന്നതും വ്യാപകമായാരിക്കുകയാണ്.നോര്‍ത്ത്, നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളില്‍ നിന്നും വയനാട് ജില്ലയിലെ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളുടെ അക്കൗണ്ട് വിലക്ക് വാങ്ങി നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചാണ് വന്‍ തട്ടിപ്പ് നടത്തുന്നത്.
ജില്ലയിലെ നിരവധി’ ന്യൂ ജെന്‍ പിള്ളേര്‍ ‘ തട്ടിപ്പിന് ഇരയായതായി സൂചനയുണ്ട്. 5000, 10000 രൂപക്ക് അക്കൗണ്ടുകള്‍ വിലക്കുവാങ്ങുകയും, നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുകയും, കേസ് വരുന്ന പക്ഷം നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ മറവിലിരിക്കുകയും, അക്കൗണ്ട് ഹോള്‍ഡറായ യുവതി യുവാക്കളെ വിവിധ സംസ്ഥാനങ്ങളിലെ പോലീസ് അന്വേഷിച്ചു വരികയാണ് പതിവ്. നിലവില്‍ കമ്പളക്കാട് സ്വദേശിയായ പുത്തൂര്‍ വീട്ടില്‍ ഇസ്മായിലിനെ നാഗാലാന്‍ഡ് കൊഹിമ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോയിട്ടുണ്ട്. കമ്പളക്കാട് സ്വദേശിനിയായ മറ്റൊരു യുവതിയെ ഉടന്‍ ഇതര സംസ്ഥാനത്തെ പോലീസ് ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്.ഇത്തരത്തില്‍ ജില്ലയിലെ വിവിധ സ്റ്റേഷന്‍ പരിധികളിലെ നിരവധിയാളുകളുടെ ബാങ്ക് അക്കൗണ്ടുകള്‍ ഇത്തരത്തില്‍ തട്ടിപ്പിന് ഉപയോഗിച്ചതായാണ് സൂചന.
സ്വന്തമായി ബാങ്ക് അക്കൗണ്ടും ഗൂഗിള്‍ പേ അക്കൗണ്ടും ഉള്ളവര്‍ക്ക് ജോലി നല്‍കുന്നതാണ് തട്ടിപ്പുസംഘത്തിന്റെ മറ്റൊരു രീതി. അവരുടെ അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത് എത്തുന്ന പണം ഒരു ലക്ഷം രൂപ കടക്കുമ്പോള്‍ കമ്മീഷന്‍ എടുത്തശേഷം ബാക്കി തുക തട്ടിപ്പുകാര്‍ ആവശ്യപ്പെടുന്ന അക്കൗണ്ടില്‍ അയച്ചു നല്‍കുകയെന്നതാണ് ജോലി. ഉയര്‍ന്ന കമ്മീഷനാണ് തട്ടിപ്പുകാര്‍ വാഗ്ദാനം ചെയ്യുന്നത്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ അക്കൗണ്ടുകള്‍ മ്യൂള്‍ അക്കൗണ്ട് (വാടക അക്കൗണ്ട്) ആയി സൈബര്‍ തട്ടിപ്പുകള്‍ക്ക് ഉപയോഗിക്കുകയാണ് തട്ടിപ്പുകാരുടെ ലക്ഷ്യം. ഇത്തരം കുറ്റകൃത്യങ്ങളെക്കുറിച്ച് ബോധവാന്‍മാരല്ലാത്ത യുവതീയുവാക്കള്‍ തങ്ങള്‍ അറിയാതെ തന്നെ തട്ടിപ്പുസംഘത്തിലെ അംഗമായി മാറുന്നു. ഇത്തരം സൈബര്‍ തട്ടിപ്പുസംഘത്തിന്റെ വലയില്‍ അകപ്പെടാതിരിക്കാന്‍ രക്ഷിതാക്കളും അദ്ധ്യാപകരും പൊതുസമൂഹവും അതീവജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
നമ്മുടെ അക്കൗണ്ടിലൂടെ പണം കൈമാറ്റം നടത്തുന്നതിന് അപരിചിതരായ ആരെയും അനുവദിക്കരുത്. ഇത്തരം ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ നിങ്ങളുടെ ശ്രദ്ധയിപ്പെട്ടാല്‍ ഉടന്‍ തന്നെ വിവരം 1930 ല്‍ അറിയിക്കുകയും സൈബര്‍ തട്ടിപ്പുകള്‍ വ്യാപകമായ സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ പോലീസ് അറിയിച്ചു. www.cybercrime.gov.in എന്ന വെബ്‌സൈറ്റിലും പരാതികള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.





Leave a Reply