May 7, 2026

കുട്ട – മാനന്തവാടി – പുറക്കാട്ടിരിഗ്രീന്‍ഫീല്‍ഡ് ഹൈവേ:കോഴിക്കോടിന്റെ സാമ്പത്തിക ഇടനാഴി

0
site-psd-269
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി:ബന്ദിപ്പൂര്‍ വനമേഖലയിലൂടെ കടന്നുപോകുന്ന ദേശീയപാത 766ലെ രാത്രിയാത്ര നിരോധനം കേവലം യാത്രക്കാര്‍ക്ക് മാത്രമല്ല ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്. നിരവധി വന്‍നഗരങ്ങളിലേക്ക് യാത്രക്കും ചരക്ക് നീക്കത്തിനും പുതിയ വഴികള്‍ തുറക്കുന്ന ഈ റോഡ് വലിയ വാണിജ്യ സാദ്ധ്യതകള്‍ ആണ് കോഴിക്കോട്, വയനാട് ജില്ലകള്‍ക്ക് മുന്നില്‍ തുറന്നിടുക.ബാലുശ്ശേരിയില്‍ ചേര്‍ന്ന ഗ്രീന്‍ഫീല്‍ഡ് ആക്ഷന്‍ കമ്മിറ്റി യോഗത്തില്‍ കണ്‍വീനര്‍ കുഞ്ഞിക്കണ്ണന്‍ ചെറുക്കാട് ,ഒഎം കൃഷ്ണകുമാര്‍, കെ.പി മനോജ് കുമാര്‍, ഉണ്ണിക്കൃഷ്ണന്‍ തിരുളി, അബ്ദുള്‍ ഫൈസല്‍, ടി.പി. അബ്ദുള്‍ ലത്തീഫ് എന്നിവര്‍ സംസാരിച്ചു.ചെയര്‍മാന്‍ പ്രവീണ്‍ എന്‍ യു അദ്ധ്യക്ഷനായി.

ചരക്കുവാഹനങ്ങളുടെ ഇടതടവില്ലാത്ത സഞ്ചാരം ഇല്ലാതാക്കി ചരക്ക് നീക്കത്തിന് കാലതാമസം വരുത്തുകയും വലിയ സാമ്പത്തിക നഷ്ടത്തിന് ഇടവരുത്തുകയും ചെയ്യുന്നു. ഇത് കൂടാതെ ഗതാഗതനിയന്ത്രണം കഴിഞ്ഞു നീങ്ങുന്ന ചരക്കു വാഹനങ്ങള്‍ ഉള്‍പ്പടെയുള്ളവ ഒന്നിച്ച് താമരശ്ശേരി ചുരത്തില്‍ എത്തി രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമാവുകയും ചെയ്യുന്നു.ഇതിന് ഒരു ശാശ്വതപരിഹാരമെന്നവണ്ണം നിര്‍ദേശിക്കപ്പെട്ട പാതയായിരുന്നു കര്‍ണാടകയിലെ കുട്ടയില്‍ നിന്ന് പുറപ്പെട്ട് മാനന്തവാടി വഴി കോഴിക്കോട്ടെ പുറക്കാട്ടിരി വരെ നീളുന്ന ഗ്രീന്‍ഫീല്‍ഡ് ഹൈവേ. 45 മീറ്ററില്‍ 4 വരിയായി നിര്‍മ്മിക്കുന്ന കുട്ട – മാനന്തവാടി – പുറക്കാട്ടിരി ഹൈവേ ഒരു എക്കണോമിക് കോറിഡോര്‍ ആയാണ് വിഭാവനം ചെയ്യപ്പെട്ടിരുന്നത്. 7134 കോടി രൂപയുടെ ഈ പദ്ധതി കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി 2024 ജനുവരി അഞ്ചാം തിയതി ഓണ്‍ലൈന്‍ ആയി നടത്തിയ പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചിരുന്നതാണ്. ഉജഞ തയ്യാറാക്കാന്‍ ഒരു കണ്‍സള്‍ട്ടന്‍സിയെ നിയോഗിച്ചതായും 2025 ജനുവരിയില്‍ അന്തിമരൂപം പുറത്ത് വരുമെന്നും അതില്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് പ്രവര്‍ത്തനങ്ങള്‍ നിലയ്ക്കുകയും പദ്ധതി നിര്‍ത്തിവെക്കുകയും ചെയ്തു.

ഈ റോഡ് കോഴിക്കോട് നിന്നും മാനന്തവാടി വഴി കര്‍ണാടകയിലെ കുട്ട എത്തുന്നതോടെ നിരവധി സാദ്ധ്യതകള്‍ കോഴിക്കോട് വയനാട് ജില്ലകള്‍ക്ക് മുന്നില്‍ തുറന്നു കിട്ടും. കുട്ടയില്‍ നിന്നും സമീപകാലത്ത് കേന്ദ്രം അനുമതി നല്‍കിയ മൈസൂര്‍-കുശാല്‍നഗര്‍ ഗ്രീന്‍ഫീല്‍ഡ് ഹൈവേയിലേക്ക് കണക്റ്റ് ചെയ്യുന്നതോടെ കര്‍ണാടകയിലെ ഹസന്‍ വഴി പൂനെ, ഹൈദരാബാദ്, അമരാവതി, നാഗ്പൂര്‍ തുടങ്ങി ഇന്ത്യയിലെ നിരവധി പ്രധാന നഗരങ്ങളിലേക്ക് കോഴിക്കോട് നിന്നും സമാന്തരപാതകള്‍ തുറന്നു കിട്ടും. ഇത് കൂടാതെ മൈസൂര്‍/ബാംഗ്‌ളൂര്‍ നഗരങ്ങളിലേക്ക് ഉള്ള, രാത്രിയാത്രാ നിരോധനമില്ലാത്ത 24 മണിക്കൂര്‍ ചരക്ക് ഗതാഗതം ഉറപ്പ് നല്‍കുന്ന പാതയായും ഇത് മാറും. കേരളത്തില്‍ നടപ്പാക്കാന്‍ പോകുന്ന നിര്‍ദ്ദിഷ്ട കണ്ണൂര്‍ എയര്‍പോര്‍ട്ട് – കുറ്റ്യാടി നാലുവരിപ്പാതയും നിലവിലെ സംസ്ഥാന-ദേശീയപാതകളും പണിപൂര്‍ത്തിയായിക്കൊണ്ടിരുന്ന മലയോര ഹൈവേയും ഈ റോഡിനോട് ചേരുന്നതോടെ താമരശ്ശേരി ചുരത്തിനും കുറ്റ്യാടി ചുരത്തിനും ഇടയില്‍ കിടക്കുന്ന, കോഴിക്കോട് ജില്ലയിലെ അവികസിതമായ മലയോരമേഖലയില്‍ മികച്ച റോഡ് നെറ്റ്വര്‍ക്ക് തന്നെ രൂപപ്പെടും. ഇവിടങ്ങളിലെ ടൂറിസം സാധ്യതകളും കൃത്യമായി ഉപയോഗപ്പെടുത്താന്‍ സാധിക്കും. ഗ്രീന്‍ഫീല്‍ഡ് ഹൈവേ നിലവില്‍ പറഞ്ഞുകേള്‍ക്കുന്ന അലൈന്‍മെന്റ് ഉപയോഗിച്ചാല്‍ കോഴിക്കോട്ടെ അകലാപ്പുഴ മുതല്‍ വയനാട്ടിലെ ബാണാസുരസാഗര്‍ വരെയുള്ള വിവിധ ടൂറിസം പ്രാധാന്യമുള്ള കേന്ദ്രങ്ങള്‍ കടല്‍, കായല്‍ മുതല്‍ പശ്ചിമഘട്ടമലനിരകള്‍ വരെ നീളുന്ന വൈവിധ്യം നിറഞ്ഞ കാഴ്ചകള്‍ ഈ പാതക്ക് ഇരുവശവും ഒരുക്കും.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *